/kalakaumudi/media/media_files/2026/01/02/sara-2026-01-02-07-48-17.jpg)
പനജി: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകളും സംരംഭകയുമായ സാറാ തെന്‍ഡുല്‍ക്കറിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക സൈബറാക്രമണം. ഗോവയിലെ വഴിയിലൂടെ സുഹൃത്തുക്കള്‍ക്കൊപ്പം സാറ നടന്നുപോകുന്ന ഒരു വിഡിയോ പ്രചരിച്ചതോടെയാണ് സൈബറാക്രമണവും ആരംഭിച്ചത്. എപ്പോഴെടുത്ത വിഡിയോയാണെന്നു സ്ഥിരീകരിക്കാന്‍ കഴിയില്ലെങ്കിലും, പുതുവത്സരാഘോഷത്തിന് മുന്‍പാണ് ചിത്രീകരിച്ചതാണെന്നാണ് ചില സമൂഹമാധ്യമ ഉപയോക്താക്കളുടെ അവകാശവാദം.
വിഡിയോയില്‍, സാറ തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം റോഡിലൂടെ നടക്കുന്നത് കാണാം. എന്നാല്‍ സാറ കയ്യില്‍ പിടിച്ചിരിക്കുന്നത് ബീയര്‍ കുപ്പിയാണെന്ന് ആരോപിച്ചാണ് ചിലര്‍ രംഗത്തെത്തിയത്. ഇതോടെ വിഡിയോയ്ക്കു താഴെ സാറയ്‌ക്കെതിരെ കമന്റുകളും പെരുകി. ബീയറിന്റെ ബ്രാന്‍ഡ് നെയിം ഉള്‍പ്പെടെ ചിലര്‍ കമന്റു ചെയ്തപ്പോള്‍ ഇതിഹാസ താരത്തിന്റെ മകള്‍ പരസ്യമായി മദ്യക്കുപ്പി കയ്യില്‍ പിടിച്ചു നടക്കുന്നതിനെതിരെയും ചിലര്‍ രംഗത്തെത്തി.
എന്നാല്‍ സാറയെ പിന്തുണച്ചും ഒട്ടേറെപ്പേര്‍ രംഗത്തെത്തി. ഇതു സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും മകള്‍ ബീയര്‍ കഴിക്കുകയാണെങ്കില്‍ അത് എങ്ങനെ സച്ചിന്‍ തെല്‍ഡുല്‍ക്കര്‍ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നു പറയാന്‍ സാധിക്കുമെന്നും ചിലര്‍ ചോദിക്കുന്നു. വാദപ്രതിവാദങ്ങള്‍ ശക്തമായതോടെയാണ് വിഡിയോ വൈറലായത്.
സുഹൃത്തുക്കള്‍ക്കൊപ്പം പലപ്പോഴും യാത്രകള്‍ പോകാറുള്ള സാറ, ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്. സാറയുടെ സഹോദരനും ക്രിക്കറ്റ് താരവുമായ അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഗോവയ്ക്കു വേണ്ടിയാണ് കളിക്കുന്നത്. അതുകൊണ്ടു തന്നെ ഗോവയിലും സാറ പലപ്പോഴും പോകാറുണ്ട്. എന്നാല്‍ മറ്റൊരാള്‍ പകര്‍ത്തിയ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സാറയ്‌ക്കെതിരെ സൈബറാക്രമണം അരങ്ങേറിയത്.
പിതാവിന്റെയും സഹോദരന്റെയും ക്രിക്കറ്റ് പാത പിന്തുടരാത്ത സാറ, 2025 ഓഗസ്റ്റില്‍ മുംബൈയിലെ അന്ധേരിയില്‍ 'പൈലേറ്റ്‌സ് അക്കാദമി' എന്ന പേരില്‍ ഫിറ്റ്‌നെസ് സെന്റര്‍ ആരംഭിച്ചിരുന്നു. ദുബായ് ആസ്ഥാനമായുള്ള ജനപ്രിയ പൈലേറ്റ്‌സ് അക്കാദമി ഫ്രാഞ്ചൈസിയുടെ നാലാമത്തെ ശാഖയാണ് ഇത്. യുകെയിലെ പഠനകാലത്താണ് പൈലേറ്റ്‌സിനെ കുറിച്ച് സാറ അറിയുന്നത്. ഇതു സംബന്ധിച്ച ക്ലാസില്‍ പങ്കെടുത്തതോടെ അതേ ആശയത്തിലൊരു സംരംഭം ആരംഭിക്കണമെന്ന മോഹം ഉദിക്കുകയായിരുന്നു.
പൈലേറ്റ്‌സ് അക്കാദമിയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സച്ചിനും പങ്കുവച്ചിരുന്നു. സംരംഭം ആരംഭിക്കുന്നതിനെ കുറിച്ച് നേരത്തേ ഇന്‍സ്റ്റഗ്രാമില്‍ വ്യക്തമാക്കിയ സാറ, പൈലേറ്റ്‌സ് അക്കാദമിയിലെ ട്രെയിനര്‍മാര്‍ക്കൊപ്പമുള്ള ചിത്രവും പങ്കുവച്ചിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
