/kalakaumudi/media/media_files/2025/07/20/sindhu-2025-07-20-15-36-42.jpg)
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്റെ ആണവ കേന്ദ്രം സ്ഥിതി ചെയ്യുന്ന കിരാന കുന്നുകളില്‍ ഇന്ത്യ ആക്രമണം നടത്തി എന്ന് ഏറെ നാളായി നിലനില്‍ക്കുന്ന ഊഹോപോഹമാണ്. എന്നാല്‍ ഈ അഭ്യൂഹങ്ങളില്‍ യാതൊരുവിധത്തിലുള്ള അനുകൂല പ്രതികരണവും ഇന്ത്യന്‍ സര്‍ക്കാര്‍ ഇതുവരെ നടത്തിയിട്ടില്ല. എന്നാല്‍ ഇന്ത്യ പുറത്ത് പറയുന്നില്ലെങ്കിലും കിരാനാ കുന്നുകളില്‍ ഇന്ത്യ ആക്രമണം നടത്തി എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന ചില ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്.
അന്താരാഷ്ട്ര ജിയോ-ഇന്റലിജന്‍സ് വിദഗ്ധന്‍ ഡാമിയന്‍ സൈമണ്‍ എക്സില്‍ പങ്കുവച്ച ഉപഗ്രഹ ചിത്രങ്ങളിലാണ് ഇന്ത്യ കിരാന കുന്നുകളില്‍ ആക്രമണം നടത്തിയിട്ടുണ്ട് എന്ന് അദ്ദേഹം ഉറപ്പിച്ചു വ്യക്തമാക്കുന്നത്. കിരാന കുന്നുകളില്‍ വ്യോമാക്രമണം ഉണ്ടായതായും അതിന്റെ ആഘാതം നേരിട്ടതായും വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ ആണ് ഡാമിയന്‍ സൈമണ്‍ പങ്കുവച്ചിരിക്കുന്നത്. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ കിരാന കുന്നുകളിലെ പാകിസ്താന്റെ ആണവ കേന്ദ്രത്തില്‍ ചോര്‍ച്ച ഉണ്ടായതായി ചില റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ഇന്ത്യ ഇക്കാര്യം നിഷേധിച്ചിരുന്നു.
ഇന്ത്യന്‍ ആക്രമണങ്ങള്‍ക്ക് ദിവസങ്ങള്‍ക്ക് ശേഷമുള്ള സര്‍ഗോധ വ്യോമതാവളത്തിന്റെ ചിത്രവും ഡാമിയന്‍ സൈമണ്‍ എക്സിലെ പോസ്റ്റില്‍ പങ്കുവച്ചിട്ടുണ്ട്. റണ്‍വേയിലെ രണ്ട് സ്ഥലങ്ങളില്‍ വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരുന്നതായി ഈ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.
സര്‍ഗോധ വ്യോമതാവളത്തിന് വളരെ അടുത്താണ് പാകിസ്താന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ അധികാരപരിധിയില്‍ വരുന്ന കിരാന കുന്നുകള്‍. ഈ രണ്ടു മേഖലയുടെയും നിലവിലെ ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ കിരാന കുന്നുകളില്‍ ആക്രമണം നടത്തിയെന്ന് ഡാമിയന്‍ സൈമണ്‍ വ്യക്തമാക്കുന്നത്.
പാകിസ്ഥാന്റെ ആണവ കേന്ദ്രം കിരാന കുന്നുകളില്‍ ആണെന്നുള്ള കാര്യം ഇന്ത്യന്‍ സൈന്യത്തിന് അറിയുകയേ ഇല്ല എന്നായിരുന്നു ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഇന്ത്യന്‍ വ്യോമസേനയുടെ ഡയറക്ടര്‍ ജനറല്‍ ഓഫ് എയര്‍ ഓപ്പറേഷന്‍സ് എയര്‍ മാര്‍ഷല്‍ എ കെ ഭാരതി മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കിയിരുന്നത്.