ആകാശത്ത് മുത്തമിട്ട് ഉപഗ്രഹങ്ങള്‍ : ഐഎസ്ആര്‍ഒ ഇനി എലൈറ്റ് ക്ലബ്ബില്‍

വന്‍കിട രാഷ്ട്രങ്ങള്‍ മാത്രം കൈയടക്കി വച്ചിരുന്ന ബഹിരാകാശത്ത് മറ്റൊരു ചരിത്ര നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് ഐഎസ്ആര്‍ഒ.ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ സ്‌പേസ് ഡോക്കിംഗ് പരീക്ഷണമായ സ്‌പേഡെക്‌സ് വിജയമായി

author-image
Rajesh T L
New Update
isro

വന്‍കിട രാഷ്ട്രങ്ങള്‍ മാത്രം കൈയടക്കി വച്ചിരുന്ന ബഹിരാകാശത്ത് മറ്റൊരു ചരിത്ര  നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് ഐഎസ്ആര്‍ഒ.ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ സ്‌പേസ് ഡോക്കിംഗ് പരീക്ഷണമായ സ്‌പേഡെക്‌സ് വിജയമായി.വ്യാഴാഴ്ച രാവിലെയാണ് സ്‌പേഡെക്‌സ് ദൗത്യത്തിലെ ചേസര്‍, ടാര്‍ഗറ്റ് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് കൈകൊടുത്ത് ഒന്നായി മാറിയത്.വിക്ഷേപണത്തിന് ശേഷമുള്ള നാലാം പരിശ്രമത്തിലാണ് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് കൂട്ടിച്ചേര്‍ക്കാന്‍ ഐഎസ്ആര്‍ഒയ്ക്കായത്.ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയമായ ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍ അടക്കമുള്ള പദ്ധതികള്‍ക്ക് ഐഎസ്ആര്‍ഒയ്ക്ക് അനിവാര്യമായ സാങ്കേതികവിദ്യയാണ് സ്പേസ് ഡോക്കിംഗ്.ഇതോടെ സ്‌പേസ് ഡോക്കിംഗ് സാങ്കേതികവിദ്യ സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമെന്ന നേട്ടമാണ് സ്‌പേഡെക്‌സ് വിജയത്തോടെ ഐഎസ്ആര്‍ഒ സ്വന്തമാക്കിയത്.ഡോക്കിംഗ് ടെക്‌നോളജി വിജയിച്ചതോടെ അമേരിക്ക,റഷ്യ,ചൈന എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യ ബഹിരാകാശ രംഗത്ത് എലൈറ്റ് ക്ലബിലുമെത്തി. 

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് 2024 ഡിസംബര്‍ 30-ാം തിയതിയാണ് പിഎസ്എല്‍വി-സി60 ലോഞ്ച് വെഹിക്കിളില്‍ രണ്ട് സ്‌പേഡെക്‌സ് സാറ്റ്ലൈറ്റുകള്‍ ഐഎസ്ആര്‍ഒ വിക്ഷേപിച്ചത്.എസ്ഡിഎക്‌സ് 01- ചേസര്‍, എസ്ഡിഎക്‌സ് 02- ടാര്‍ഗറ്റ് എന്നിങ്ങനെയായിരുന്നു ഈ ഉപഗ്രഹങ്ങളുടെ പേരുകള്‍.ജനുവരി 6ന് ഇവയുടെ ഡോക്കിംഗ് പരീക്ഷണം നടത്താനായിരുന്നു  ആദ്യം നിശ്ചയിച്ചിരുന്നത്.എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ ഈ ശ്രമം 9-ാം തിയതിയിലേക്ക് നീട്ടിവച്ചു. 
9-ാം തിയതി ചേസര്‍,ടാര്‍ഗറ്റ് ഉപഗ്രഹങ്ങള്‍ തമ്മിലുള്ള അകലം 500 മീറ്ററില്‍ നിന്ന് 225 മീറ്ററിലേക്ക് കുറച്ചു കൊണ്ടുവരുന്നതിനിടെ വീണ്ടും സാങ്കേതിക പ്രശ്നം നേരിട്ടതിനാല്‍ ഡോക്കിംഗ് പരീക്ഷണം രണ്ടാമതും നീട്ടുന്നതായി ഐഎസ്ആര്‍ഒ അറിയിക്കുകയായിരുന്നു.പിന്നീട് ഐഎസ്ആര്‍ഒ ഏറെ കരുതലോടെയാണ് ഡോക്കിംഗിനായുള്ള മൂന്നാം ശ്രമം ആരംഭിച്ചത്. 

11-ാം തിയതിയിലെ മൂന്നാം പരിശ്രമത്തില്‍ 500 മീറ്ററില്‍ നിന്ന് 230 മീറ്ററിലേക്കും 105 മീറ്ററിലേക്കും 15 മീറ്ററിലേക്കും 3 മീറ്ററിലേക്കും അനായാസം ഉപഗ്രഹങ്ങളെ കൊണ്ടുവന്നു.എന്നാല്‍ ഇതൊരു ട്രയൽ മാത്രമായിരുന്നു എന്ന അറിയിപ്പ് പിന്നാലെ ഐഎസ്ആര്‍ഒയുടെ ഭാഗത്ത് നിന്നെത്തി.ഉപഗ്രഹങ്ങളെ വീണ്ടും സുരക്ഷിതമായ അകലത്തിലേക്ക് മാറ്റുകയും ചെയ്തു.വിവരങ്ങള്‍ പഠിച്ച ശേഷമേ അടുത്ത നീക്കമുണ്ടാകൂ എന്ന അറിയിപ്പ് വന്നതോടെ ആകാംക്ഷയിലുമായിരുന്നു രാജ്യം.ഒടുവില്‍ കാത്തിരിപ്പിനു വിരാമമിട്ട് വ്യാഴാഴ്ച രാവിലെ സ്‌പേഡെക്‌സ് സ്‌പേസ് ഡോക്കിംഗ് പരീക്ഷണം വിജയത്തിലെത്തിയതായുള്ള അഭിമാന വാര്‍ത്ത ഐഎസ്ആര്‍ഒയിൽ നിന്നും പുറത്തുവരികയായിരുന്നു.

new project of isro isro Spadex spadex mission