നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രിംകോടതി

പീഡന പരാതിക്ക് പിന്നില്‍ കുടുംബ തര്‍ക്കമാണെന്നാണ് ജയചന്ദ്രന്റെ അഭിഭാഷകന്‍ വാദിച്ചത്. ഒരു മണിക്കൂറോളം നീണ്ട വാദപ്രതിവാദത്തില്‍ പെണ്‍കുട്ടിയുടെ അമ്മയുടെയും സര്‍ക്കാരിന്റെയും അഭിഭാഷകര്‍ ജാമ്യത്തെ എതിര്‍ത്തെങ്കിലും കോടതി വാദങ്ങള്‍ അംഗീകരിച്ചില്ല

author-image
Biju
Updated On
New Update
sfg

ന്യൂഡല്‍ഹി: പോക്‌സോ കേസിലെ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. നാല് വയസുകാരിലെ പീഡിപ്പിച്ചെന്ന കേസിലാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്. അറസ്റ്റ് ചെയ്താല്‍ 25,000 രൂപയുടെ ആള്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്ന് കോടതി ഉത്തരവിട്ടു. അന്വേഷണവുമായി സഹകരിക്കണമെന്നും ചോദ്യം ചെയ്യാന്‍ വിളിച്ചാല്‍ ഹാജരാകണമെന്നും ജയചന്ദ്രന് കോടതി നിര്‍ദേശം നല്‍കി. ഉപാധികള്‍ ലംഘിച്ചാല്‍ മുന്‍കൂര്‍ ജാമ്യം റദ്ദാക്കുമെന്നും ജസ്റ്റിസ് നാഗരറ്റ്‌ന അറിയിച്ചു.

പീഡന പരാതിക്ക് പിന്നില്‍ കുടുംബ തര്‍ക്കമാണെന്നാണ് ജയചന്ദ്രന്റെ അഭിഭാഷകന്‍ വാദിച്ചത്. ഒരു മണിക്കൂറോളം നീണ്ട വാദപ്രതിവാദത്തില്‍ പെണ്‍കുട്ടിയുടെ അമ്മയുടെയും സര്‍ക്കാരിന്റെയും അഭിഭാഷകര്‍ ജാമ്യത്തെ എതിര്‍ത്തെങ്കിലും കോടതി വാദങ്ങള്‍ അംഗീകരിച്ചില്ല. ജസ്റ്റിസുമാരായ ബി വിനാഗരത്‌ന, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരുടെ ബെഞ്ചാണ് മുന്‍കൂര്‍ ജാമ്യം നല്‍കിയത്. കോടതിയില്‍ വാദങ്ങള്‍ അല്ല അന്തിമ ഉത്തരവാണ് റിപ്പോര്‍ട്ട് ചെയ്യേണ്ടതെന്നും ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു. കേസിനെ സംബന്ധിച്ച് കൃത്യമായ അന്വേഷണം നടത്തണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. 

കഴിഞ്ഞ വര്‍ഷം ജൂണിലാണ് കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും നടനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നില്ല. കൂട്ടിക്കല്‍ ജയചന്ദ്രന്‍ ഒളിവിലാണെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. താമസ സ്ഥലവും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടും പരിശോധിച്ചിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. 

അന്വേഷണം തുടരുന്നതിനിടെ നടന്‍ കോഴിക്കോട് പോക്‌സോ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും തള്ളിയിരുന്നു. ജൂലൈ 12ന് ജാമ്യാപേക്ഷ തള്ളിയത്. തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയും മുന്‍കൂര്‍ ജാമ്യം അനുവദിച്ചില്ല. ഗുരുതരമായ കേസാണെന്നും ജാമ്യം നല്‍കരുതെന്നുമുളള സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. പിന്നാലെയാണ് നടന്‍ സുപ്രീംകോടതിയെ സമീപിച്ചത്.

supreme court of india