/kalakaumudi/media/media_files/2025/08/08/modi-2025-08-08-19-54-56.jpg)
ബെയ്ജിങ്: എസ്സിഒ ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബര്‍ 1 തീയതികളിലായി ചൈനയിലെ ടിയാന്‍ജിനില്‍ നടക്കുന്ന എസ്സിഒ ഉച്ചകോടിയിലേക്കാണ് മോദിയെ സ്വാഗതം ചെയ്ത് ചൈനീസ് വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയത്.
ഉച്ചക്കോടിയില്‍ മോദി പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ചൈന അറിയിച്ചു. ഇന്ത്യക്കെതിരെ 50 ശതമാനം ഇറക്കുമതി തീരുവ പ്രഖ്യാപിച്ച യുഎസിന്റെ നടപടിക്കു പിന്നാലെയാണ് മോദിയുടെ ചൈനീസ് സന്ദര്‍ശനമെന്നത് ഉച്ചകോടിയുടെ പ്രാധാന്യം വര്‍ധിപ്പിച്ചിട്ടുണ്ട്.
''ചൈനയില്‍ നടക്കുന്ന എസ്സിഒ ടിയാന്‍ജിന്‍ ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സുസ്വാഗതം. ഇത് സൗഹൃദത്തിന്റെ ഒരു ഒത്തുചേരലായിരിക്കും. എല്ലാ കക്ഷികളുടെയും കൂട്ടായ പരിശ്രമത്തിലൂടെ, ടിയാന്‍ജിന്‍ ഉച്ചകോടി ഐക്യദാര്‍ഢ്യത്തിന്റെയും സൗഹൃദത്തിന്റെയും വേദിയായി മാറും. ഉയര്‍ന്ന നിലവാരമുള്ള വികസനത്തിന്റെ ഒരു പുതിയ ഘട്ടത്തിലേക്ക് എസ്സിഒ പ്രവേശിക്കുമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു.'' ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുന്‍ പറഞ്ഞു. മോദിയുടെ ചൈനീസ് സന്ദര്‍ശനം പ്രസിഡന്റ് ഷി ചിന്‍പിങ്ങുമായി ഒരു ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കുള്ള സാധ്യത ഒരുക്കുമെന്നും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ജപ്പാന്‍ സന്ദര്‍ശനത്തിനു പിന്നാലെയായിരിക്കും മോദി ചൈനയിലെത്തുകയെന്നാണ് റിപ്പോര്‍ട്ട്. 2018ലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അവസാനമായി ചൈന സന്ദര്‍ശിച്ചത്. ഏപ്രിലില്‍ വുഹാനില്‍ പ്രസിഡന്റ് ഷി ചിന്‍പിങ്ങുമായുള്ള അനൗപചാരിക ഉച്ചകോടിയിലും തുടര്‍ന്ന് ജൂണില്‍ ക്വിങ്ദാവോയില്‍ നടന്ന എസ്സിഒ ഉച്ചകോടിയിലും മോദി പങ്കെടുത്തിരുന്നു. 2017ലെ ഡോക്ലാം സംഘര്‍ഷത്തിനു പിന്നാലെയായിരുന്നു ഈ സന്ദര്‍ശനങ്ങള്‍. 2024 ഒക്ടോബര്‍ 21ന് നിയന്ത്രണരേഖയില്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി ഇരുരാജ്യങ്ങളും ധാരണയിലെത്തിയിരുന്നു.