'SEBIയുടെ മുഴുവന്‍ സമയ അംഗം ICICI ബാങ്കില്‍നിന്ന് ശമ്പളംവാങ്ങി'; മാധബിക്കെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്

2017-2024 കാലത്ത് ഐ.സി.ഐ.സി.ഐ. ബാങ്കില്‍നിന്ന് ശമ്പളമായി 12 കോടിയിലധികം രൂപ മാധബി കൈപ്പറ്റിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

author-image
Vishnupriya
New Update
sebi-madhabi-puri
Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡല്‍ഹി: സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ചിനെതിരേ ആരോപണവുമായി കോണ്‍ഗ്രസ്. 2017-2024 കാലത്ത് ഐ.സി.ഐ.സി.ഐ. ബാങ്കില്‍നിന്ന് ശമ്പളമായി 12 കോടിയിലധികം രൂപ മാധബി കൈപ്പറ്റിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഇതേ കാലയളവില്‍ തന്നെ ഐ.സി.ഐ.സി.ഐ. പ്രുഡന്‍ഷ്യലില്‍നിന്ന് മാധബി 22.41 കോടി രൂപയും ഐ.സി.ഐ.സി.ഐ. ബാങ്കില്‍നിന്ന് രണ്ട് കോടിയിലധികം രൂപ ഇ.എസ്.ഒ.പിയായും സ്വീകരിച്ചെന്നും ഖേര പറഞ്ഞു.

2017 ഏപ്രില്‍ അഞ്ച് മുതല്‍ 2021 ഒക്ടോബര്‍ നാലുവരെ സെബിയുടെ മുഴുവന്‍ സമയ അംഗമായിരുന്നു മാധബി. 2022 മാര്‍ച്ച് രണ്ടിന് അവര്‍ സെബി ചെയര്‍പേഴ്‌സണായി നിയമിതയായി. സെബിയുടെ മുഴുവന്‍ സമയ അംഗമായിരിക്കേ ഐ.സി.ഐ.സി.ഐ. ബാങ്കില്‍നിന്ന് 16.80 കോടി രൂപ ശമ്പളയിനത്തില്‍ കൈപ്പറ്റി. സെബിയുടെ മുഴുവന്‍ സമയ അംഗമായിരിക്കേ എന്തിനാണ് ഐ.സി.ഐ.സി.ഐയില്‍നിന്ന് ശമ്പളം സ്വീകരിച്ചത് എന്ന് അറിയാന്‍ താല്‍പര്യമുണ്ട്, ഖേര ആരോപിച്ചു.

നമ്മള്‍ എല്ലാം പണം നിക്ഷേപിക്കുന്ന ഓഹരി വിപണിയെ നിയന്ത്രിക്കുക എന്നതാണ് സെബിയുടെ ഉത്തരവാദിത്വം. വളരെ പ്രാധാന്യമുള്ള ഉത്തരവാദിത്വമാണ് സെബിക്കുള്ളത്. ആരാണ് സെബി ചെയര്‍പേഴ്‌സണെ നിയമിക്കുന്നത്?. അപ്പോയ്ന്റ്‌മെന്റ്‌സ് കമ്മിറ്റി ഓഫ് ദ കാബിനറ്റ്, പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും. 2017-നും 2024-നും ഇടയില്‍ മാധബി ഐ.സി.ഐ.സി.ഐ. ബാങ്കില്‍നിന്ന് റെഗുലര്‍ ഇന്‍കം ആയി 16.80 കോടി കൈപ്പറ്റി. നിങ്ങള്‍ സെബിയുടെ മുഴുവന്‍ സമയ അംഗം കൂടിയാണ്. പിന്നെന്തിനാണ് ഐ.സി.ഐ.സി.ഐയില്‍നിന്ന് ശമ്പളം കൈപ്പറ്റിയത്, ഖേര കുറ്റപ്പെടുത്തി.

congress Madhabi Puri Buch