/kalakaumudi/media/media_files/oMvUFmxMxsh7MV73pSPx.jpg)
ന്യൂഡൽഹി: നിയന്ത്രണാധികാരസ്ഥാപനങ്ങളുടെ പ്രവർത്തനം വിലയിരുത്തുന്നതിന്റെ ഭാഗമായി സെക്യൂരിറ്റീസ് ആൻഡ് എക്സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യക്ക് (സെബി) എതിരേ ഉയർന്ന ആരോപണങ്ങൾ പരിശോധിക്കാൻ പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി(പി.എ.സി.)യുടെ നിർണായകയോഗം വ്യാഴാഴ്ച ചേരും. ഹിന്‍ഡെന്‍ബര്‍ഗ് ഉയർത്തിയതും വ്യക്തിപരമായി ഉയർന്നുവന്നിട്ടുള്ളതുമായ ആരോപണങ്ങൾ പരിശോധിക്കുന്നതിന്റെ ഭാഗമായി സെബി അധ്യക്ഷ മാധബി പുരി ബുച്ചിനോട് സമിതിക്ക് മുൻപാകെ ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്.
അതേസമയം, സമിതിയുടെ അധികാരപരിധിക്ക് പുറത്തുള്ള വിഷയമാണിതെന്നാണ് ബി.ജെ.പി. നിലപാട്. പ്രതിഷേധവുമായി സമിതിയിലെ ബി.ജെ.പി. അംഗങ്ങൾ രംഗത്തെത്തിയതോടെ വ്യാഴാഴ്ചത്തെ യോഗം പ്രക്ഷുബ്ധമാകാനാണ് സാധ്യത. കോൺഗ്രസ് അംഗം കെ.സി. വേണുഗോപാലാണ് സമിതി അധ്യക്ഷൻ. നീക്കത്തിനെതിരേ സമിതിയിലെ ബി.ജെ.പി. അംഗം നിഷികാന്ത് ദുബെ ലോക്‌സഭാസ്പീക്കർ ഓം ബിർളയ്ക്ക് പരാതി നൽകിയിരുന്നു.
ധനമന്ത്രാലയത്തിന്റെയും സെബിയുടെയും പ്രതിനിധികളിൽനിന്ന് നേരിട്ടുള്ള തെളിവെടുപ്പാണ് അജൻഡയിലുള്ളത്. ഹിന്‍ഡെന്‍ബര്‍ഗ് സെബിക്കെതിരേ വെളിപ്പെടുത്തിയ ആരോപണങ്ങൾ രാഷ്ട്രീയമായി ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.