ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഒക്ടോബർ അഞ്ച് വരെ നിരോധനാജ്ഞ പ്രഖ്യാപിച്ച് പോലീസ്. ഇത് സംബന്ധിച്ച ഉത്തരവ് ഡൽഹി പോലീസ് കമ്മീഷണർ സഞ്ജയ് അറോറ പുറപ്പെടുവിച്ചു. രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിനെ തുടർന്നാണ് നിരോധനാജ്ഞ. 'സാമുദായിക അന്തരീക്ഷം' ഉൾപ്പടെയുള്ള വിഷയങ്ങളിലാണ് രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് നൽകിയിരുന്നത് എന്നാണ് വിവരം.
നിർദിഷ്ട വഖഫ് ഭേദഗതി ബില്ല്, സദർ ബസാർ മേഖലയിലെ ഷാഹി ഈദ്ഗാഹ് വിഷയം, ഹരിയാണ, ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പുകൾ എന്നിവയുമായി ബന്ധപ്പെട്ട് ഉണ്ടാകാവുന്ന വിഷയങ്ങൾ ആണ് രഹസ്യാന്വേഷണ ഏജൻസികൾ കൈമാറിയ റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നത് എന്നാണ് സൂചന. ഇതിന് പുറമെ ഡൽഹി എം.സി.ഡി. സ്റ്റാന്റിങ് കമ്മിറ്റിയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിലും, ഡൽഹി സർവ്വകലാശാല യൂണിയൻ തിരഞ്ഞെടുപ്പിലും സംഘർഷം ഉണ്ടാകാൻ സാധ്യത ഉണ്ടെന്നും വിവിധ ഏജൻസികൾ സർക്കാരിന് റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. ഒക്ടോബർ ആദ്യ വാരം ഡൽഹിയിൽ പ്രതിഷേധം നടത്താൻ ചില ഏജൻസികൾ ആഹ്വാനം ചെയ്തിട്ടുണ്ട്.
ന്യൂഡൽഹി സെൻട്രൽ, നോർത്ത് പോലീസ് ജില്ലകൾ, ഹരിയാണ, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് നിരോധാജ്ഞ. ഭാരതീയ ന്യായ് സംഹിതയുടെ 163-ാം വകുപ്പ് പ്രകാരമാണ് പോലീസിന്റെ നടപടി. അഞ്ചോ അതിലധികമോ ആളുകൾ കൂട്ടം കൂടരുത്, ആയുധങ്ങൾ, ബാനറുകൾ, പ്ലക്കാർഡുകൾ, ലാത്തി തുടങ്ങിയവ കൈവശം വെക്കരുത്, പൊതുസ്ഥലങ്ങളിൽ ധർണ്ണ നടത്തരുത് തുടങ്ങിയ നിർദേശങ്ങളാണ് പോലീസിന്റെ ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്. നിരോധനാജ്ഞ ലംഘിക്കുന്നവർക്ക് എതിരെ ഭാരതീയ ന്യായ് സംഹിതയുടെ 223-ാം വകുപ്പ് പ്രകാരം നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.
ഇതിനിടെ ലഡാക്കിലെ പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുകിനെ ഡൽഹി അതിർത്തിയിൽ നിന്ന് പോലീസ് കസ്റ്റഡിയിൽ എടുത്തു. സിംഗു അതിർത്തിയിൽ നിന്നാണ് സോനം വാങ്ചുകിനെയും 120-ഓളം പേരെയും കസ്റ്റഡിയിൽ എടുത്തത്. ഗാന്ധി സമാധിയിലേക്ക് മാർച്ച് നടത്തുകയായിരുന്ന സോനം വാങ്ചുകും അദ്ദേഹത്തിന്റെ അനുയായികളും. സോനം വാങ്ചുകിനെ കസ്റ്റഡിയിൽ എടുത്ത ഡൽഹി പോലീസ് നടപടിയെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അപലപിച്ചു. പോലീസിന്റേത് തികച്ചും അസ്വീകാര്യമായ നടപടി ആണെന്ന് രാഹുൽ അഭിപ്രായപ്പെട്ടു.