പോസ്റ്റര്‍ വിവാദം: ബറേലിയില്‍ 48 മണിക്കൂര്‍ ഇന്റര്‍നെറ്റ് റദ്ദാക്കി

വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് മൂന്നുമണി മുതല്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുവരെയായി 48 മണിക്കൂര്‍ നേരത്തേക്കാണ് നിരോധനം. വന്‍ ജനക്കൂട്ടമെത്തുന്ന രാംലീല, രാവണ ദഹനം എന്നിവ നടക്കുന്ന മൈതാനങ്ങളില്‍ ജാഗ്രത പാലിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

author-image
Biju
New Update
sp

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ബറേലി ഡിവിഷനില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവച്ചു. 'ഐ ലവ് മുഹമ്മദ്' പോസ്റ്റര്‍ വിവാദവും അതേത്തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളും ദസറ, ദുര്‍ഗാ പൂജ ആഘോഷങ്ങളും കണക്കിലെടുത്താണ് സര്‍ക്കാര്‍ നീക്കം. നാളെ ഉച്ച കഴിഞ്ഞ് മൂന്നുമണി മുതല്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുവരെയായി 48 മണിക്കൂര്‍ നേരത്തേക്കാണ് നിരോധനം. വന്‍ ജനക്കൂട്ടമെത്തുന്ന രാംലീല, രാവണ ദഹനം എന്നിവ നടക്കുന്ന മൈതാനങ്ങളില്‍ ജാഗ്രത പാലിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സാമൂഹിക മാധ്യമങ്ങള്‍വഴി അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കാനും സാമുദായിക സംഘര്‍ഷം ആളിക്കത്തിക്കാനും സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. സമാധാനം ലക്ഷ്യംവെച്ചാണ് നടപടിയെന്നും ഭരണകൂടം വ്യക്തമാക്കുന്നു. ക്രമസമാധാനം ഉറപ്പാക്കുന്നതിനായി സുരക്ഷാസേന വിവിധയിടങ്ങളില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തി. ബറേലിക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലും ഷാജഹാന്‍പുര്‍, പിലിഭിത്, ബദൗന്‍ ജില്ലകളിലും ജാഗ്രദാനിര്‍ദേശം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ സെപ്റ്റംബര്‍ നാലിനാണ് സംഘര്‍ഷങ്ങള്‍ക്ക് ആസ്പദമായ സംഭവമുണ്ടാകുന്നത്. നബിദിനാഘോഷത്തിന്റെ ഭാഗമായി കാണ്‍പുരില്‍ 'ഐ ലവ് മുഹമ്മദ്' എന്നെഴുതിയ ബോര്‍ഡുകള്‍ സ്ഥാപിച്ചതിന് ചിലരുടെ പേരില്‍ പൊലീസ് കേസെടുത്തിരുന്നു. ആഴ്ചകള്‍ക്കുശേഷം വാരാണസിയില്‍ 'ഐ ലവ് മഹാദേവ്' എന്ന പ്ലക്കാര്‍ഡുകളുയര്‍ത്തി പ്രതിഷേധിച്ചതോടെ ഭിന്നിപ്പ് രൂക്ഷമായി. തുടര്‍ന്ന് സെപ്റ്റംബര്‍ 26-ന് ബറേലിയില്‍ നടന്ന പ്രതിഷേധത്തില്‍ പോലീസുമായി പ്രതിഷേധക്കാര്‍ ഏറ്റുമുട്ടി.

സംഭവവുമായി ബന്ധപ്പെട്ട് 81 പേരെ അറസ്റ്റുചെയ്തു. പ്രതികളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുകയും ചെയ്തു. തിരിച്ചറിയാത്ത 1,700 പേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. മതപണ്ഡിതനും പ്രാദേശിക രാഷ്ട്രീയ കക്ഷിയായ ഇത്തിഹാദെ മില്ലത്ത് കൗണ്‍സില്‍ നേതാവുമായ തൗഖീര്‍ റാസയും അറസ്റ്റുചെയ്യപ്പെട്ടവരിലുണ്ട്.

ലഹള, ക്രമസമാധാനം തകര്‍ക്കല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തല്‍, പൊലീസ് ഉദ്യോഗസ്ഥരെ അക്രമിക്കല്‍ തുടങ്ങി ഒട്ടേറെ വകുപ്പുകള്‍ ചുമത്തിയാണ് കേസുകള്‍ എടുത്തിട്ടുള്ളത്. കലാപകാരികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചിട്ടുണ്ട്.