/kalakaumudi/media/media_files/2025/03/21/cNtiSIyYD772NCJJir9w.jpg)
അമരാവതി: ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ എസ് സോമനാഥിനെ ബഹിരാകാശ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് ഉപദേശകനായി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ നിയമിച്ചു. ഇസ്രോ മുന്‍ ചെയര്‍മാനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് സംസ്ഥാന ചീഫ് സെക്രട്ടറി കെ വിജയാന്ദ് പുറത്തിറക്കി. ഭരണം, ഗവേഷണം, വ്യാവസായ ആപ്ലിക്കേഷനുകള്‍, സ്മാര്‍ട്ട് സിറ്റികള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ബഹിരാകാശവിദ്യ പ്രയോജനപ്പെടുത്തുന്നതില്‍ സര്‍ക്കാരിന് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുക എന്നതാണ് സോമനാഥിന്റെ ഉത്തരവാദിത്യം.
ഇസ്രോ മുന്‍ ചെയര്‍മാന്‍ ഉള്‍പ്പെടെ നാല് പേരെയാണ് സര്‍ക്കാര്‍ ഉപദേശകരമായി നിയമിച്ചത്. ഭാരത് ബയോടെക്കിന്റെ മാനേജിംഗ് ഡയറക്ടര്‍ സുചിത്ര ഇല്ലയെ കൈത്തറി, കരകൗശല വസ്തുക്കളുടെ ഉപദേഷ്ടാവായി നിയമിച്ചു. ബിസിനസ് മേഖലയില്‍ സ്വന്തം നിലയില്‍ വളര്‍ച്ച കൈവരിച്ച സുചിത്ര സംസ്ഥാനത്തെ വ്യവസായ മേഖലയുടെ വികസനത്തിനും സാമ്പത്തിക വളര്‍ച്ചയ്ക്കും പുത്തന്‍ ഉണര്‍വ് കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഡിആര്‍ഡിഒ (ഡിഫന്‍സ് റിസര്‍ച്ച് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍) മേധാവി ജി സതീഷ് റെഡ്ഡിയെ എയ്റോസ്പേസ് ഡിഫന്‍സ് മാനുഫാക്ചറിംഗ് ഹബ്ബിന്റെ ഉപദേഷ്ടാവായി നിയമിച്ചു. പ്രതിരോധ മേഖലയിലെ അനുഭവങ്ങളും മറ്റും സംസ്ഥാന സര്‍ക്കാരിന് സഹായകമാകുന്ന തരത്തില്‍ ഉപയോഗപ്പെടുത്താന്‍ സതീഷ് റെഡ്ഡിക്ക് സാധിക്കും.
സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യമേഖലയില്‍ സുപ്രധാന സംഭാവന നല്‍കുന്നതിനായി പ്രശസ്ത ഫോറന്‍സിക് വിദഗ്ധന്‍ കെവിപി ഗാന്ധിയെ ഫോറന്‍സിക് ഉപദേഷ്ടാവായി നിയമിച്ചു. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഫോറന്‍സിക് ലബോറട്ടറികള്‍ സ്ഥാപിക്കുന്നതിനും നവീകരിക്കുന്നതിനും മാര്‍ഗനിര്‍ദേശം നല്‍കുക, ഫോറന്‍സിക് തെളിവുകള്‍ ശേഖരിക്കുക, അവ കൈകാര്യം ചെയ്യുക എന്നതാണ് ഗാന്ധിയുടെ ഉത്തരവാദിത്തങ്ങള്‍.