മലയാള സിനിമയെ രാജ്യാന്തര ശ്രദ്ധയിലെത്തിച്ച പ്രതിഭ ഷാജി എന്‍. കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വൈകിട്ട് അഞ്ചു മണിയോടെ തിരുവനന്തപുരത്തെ വഴുതക്കാട്ടെ വസതിയിലായിരുന്നു അന്ത്യം. സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണിന് കാനില്‍ അടക്കം പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2011ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. മലയാള ചലച്ചിത്രമേഖലയിലെ സംഭാവനകള്‍ക്ക് 2023ലെ ജെ.സി ഡാനിയേല്‍ പുരസ്കാരവും ലഭിച്ചു. ഏഴുതവണവീതം ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. നിലവില്‍ കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍റെ ചെയര്‍മാനാണ്. നാല്‍പതോളം സിനിമകള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ചു. പിറവി, സ്വപാനം, സ്വം, വാനപ്രസ്ഥം, കുട്ടിസ്രാങ്ക് തുടങ്ങി ഒരുപിടി കലാമൂല്യമുള്ള ചിത്രങ്ങള്‍ അദ്ദേഹത്തിന്‍റേതായി മലയാളത്തിന് ലഭിച്ചു.
മലയാള സിനിമയെ രാജ്യാന്തരപ്രശസ്തിയിലേക്ക് ഉയര്‍ത്തിയ ചലച്ചിത്രകാരനാണ് വിടപറഞ്ഞത്. കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേള യാഥാര്‍ഥ്യമാക്കുന്നതില്‍ ഷാജി എന്‍. കരുണ്‍ മുഖ്യപങ്ക് വഹിച്ചു. ‘പിറവി’ നേടിയത് ‘ചാര്‍ലി ചാപ്ലിന്‍’ ഉള്‍പ്പെടെ 31 രാജ്യാന്തര പുരസ്കാരങ്ങളാണ്. കാനില്‍ പ്രദര്‍ശിപ്പിച്ച 3 ചിത്രങ്ങളുടെ സംവിധായകനെന്ന അപൂര്‍വനേട്ടവും ഷാജി എന്‍ കരുണിനുണ്ട്. ‘സ്വം’ കാന്‍ പാംദോറിന് നാമനിര്‍ദേശം ചെയ്തു, ‘വാനപ്രസ്ഥം’ പ്രദര്‍ശിപ്പിച്ചു. സംസ്കാരം നാളെ നാലുമണിക്ക് തൈക്കാട് ശാന്തികവാടത്തിലാണ്. രാവിലെ 10.30 മുതൽ 12.30 വരെ കലാഭവനിൽ പൊതുദർശനം ഉണ്ടാകും.
ജി.അരവിന്ദന്റെ സിനിമകളിലൂടെ സമാന്തരസിനിമയ്ക്ക് പുത്തന്‍ ഭാവങ്ങളേകി. കാഞ്ചനസീത, തമ്പ്, കുമ്മാട്ടി, പോക്കുവെയില്‍, പഞ്ചവടിപ്പാലം, പഞ്ചാഗ്നി, നഖക്ഷതങ്ങള്‍, മഞ്ഞ് എന്നിവയുടെയും എന്നിവയുടെ ഛായാഗ്രാഹകനായിരുന്നു.