പശുക്കളെ പാര്‍ലമെന്റില്‍ കയറ്റണം, ഇല്ലെങ്കില്‍ പശുക്കളുമായി പാര്‍ലമെന്റിലേക്കെത്തും: സ്വാമി അവിമുക്തേശ്വരാനന്ദ്

പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് പ്രവേശിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പിടിച്ച ചെങ്കോലില്‍ കൊത്തിവെച്ച പശുവിന്റെ രൂപമുണ്ട്. ആശീര്‍വാദം നല്‍കാന്‍ ഒരു യഥാര്‍ത്ഥ പശുവിനെയും കെട്ടിടത്തിലേക്ക് കൊണ്ടുപോകേണ്ടതായിരുന്നു

author-image
Biju
New Update
swami

ന്യൂഡല്‍ഹി: സെന്‍ട്രല്‍ വിസ്തയിലെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന വേളയില്‍ ഒരു പശുവിനെ കെട്ടിടത്തിനുള്ളിലേക്ക് കൊണ്ടുപോകേണ്ടതായിരുന്നുവെന്ന് ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദ്. പശുവിന്റെ പ്രതിമ പാര്‍ലമെന്റിനകത്തേക്ക് പ്രവേശിപ്പിക്കാന്‍ കഴിയുമെങ്കില്‍ ജീവനുള്ള പശുവിനെ എന്തുകൊണ്ട് അകത്തേക്ക് കൊണ്ടുപോയിക്കൂടാ എന്ന് അദ്ദേഹം ഞായറാഴ്ച മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു.

പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് പ്രവേശിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പിടിച്ച ചെങ്കോലില്‍ കൊത്തിവെച്ച പശുവിന്റെ രൂപമുണ്ട്. ആശീര്‍വാദം നല്‍കാന്‍ ഒരു യഥാര്‍ത്ഥ പശുവിനെയും കെട്ടിടത്തിലേക്ക് കൊണ്ടുപോകേണ്ടതായിരുന്നു. കാലതാമസം ഉണ്ടായാല്‍, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഞങ്ങള്‍ പശുക്കളെ പാര്‍ലമെന്റിലേക്ക് കൊണ്ടുവരും. ഇത് പ്രധാനമന്ത്രിക്കും കെട്ടിടത്തിനും ഒരു യഥാര്‍ത്ഥ പശുവിന്റെ അനുഗ്രഹം ഉറപ്പാക്കും -അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും 100 പശുക്കളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഗോശാല 'രാമധം' വേണമെന്ന് ശങ്കരാചാര്യര്‍ ആവശ്യപ്പെട്ടു. രാജ്യത്തുടനീളം ആകെ 4,123 രാമധാമങ്ങള്‍ നിര്‍മ്മിക്കും. ദൈനംദിന പശു സംരക്ഷണം തദ്ദേശീയ ഇനങ്ങളെ പ്രോത്സാഹിപ്പിക്കല്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഷെല്‍ട്ടറുകളാകും അവയെന്നും അദ്ദേഹം വ്യക്തമാക്കി.

പശുക്കളെ ആദരിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഉടന്‍ ഒരു പ്രോട്ടോക്കോള്‍ തയാറാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പശുവിനെ എങ്ങനെ ബഹുമാനിക്കണമെന്ന് സംസ്ഥാനം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ആളുകള്‍ക്ക് അത് പിന്തുടരാന്‍ കഴിയുന്ന തരത്തില്‍ ഒരു പ്രോട്ടോക്കോള്‍ അന്തിമമാക്കുകയും അതിന്റെ ലംഘനത്തിന് ശിക്ഷ നിശ്ചയിക്കുകയും വേണം -അദ്ദേഹം വ്യക്തമാക്കി.

 

Shankaracharya Avimukteshwaranand