ഇപ്റ്റയുടെ ശാന്തി പ്രിയ 'ബാവുള്‍ ഗീതങ്ങള്‍' മാര്‍ച്ച് 22-ന്; ആവേശത്തില്‍ മുംബൈ

കേരളത്തിലെ ആദ്യ ബാവുള്‍ ഗായികയായ  ശാന്തി പ്രിയ ബാവുല്‍ ഗീതങ്ങളുടെ പ്രകാശനവുമായി ആദ്യമായി മുംബൈ അരങ്ങില്‍

author-image
Rajesh T L
Updated On
New Update
shanthi priya

 

മുംബൈ: ഇപ്റ്റ കേരള മുംബൈ ഘടകം സംഘടിപ്പിക്കുന്ന 'നീ പാടുക പ്രിയമെഴുമാ ബാവുള്‍ ഗീതങ്ങള്‍' എന്ന സംഗീത സന്ധ്യ മാര്‍ച്ച് 22-ന്. മലയാളത്തില്‍ ബാവുള്‍ സംഗീതം  പാടുന്നവര്‍ വിരളമാണ്. ഇപ്റ്റയുടെ ബാവുള്‍ സന്ധ്യയില്‍ ശാന്തി പ്രിയ തന്റെ പാട്ടുവഴികളെക്കുറിച്ച് സംസാരിക്കും. ബാവുള്‍ ഗീതങ്ങള്‍, അതിന്റെ ആത്മീയ തലങ്ങള്‍, പാട്ടിന്റെ രാഷ്ട്രീയം, കാവ്യാനുഭൂതി എന്നിവ ശാന്തി പ്രിയ തൊട്ടുണര്‍ത്തും.

മാര്‍ച്ച്-22 വൈകിട്ട് 5.59-ന് നെരൂള്‍ വെസ്റ്റിലെ ജിംഖാനയിലെ ആംഫി തിയേറ്ററിലാണ് ബാവുള്‍ സന്ധ്യ സംഘടിപ്പിക്കുന്നത്. സംസ്‌കാരിക പ്രവര്‍ത്തകനും ആദിവാസി വിദ്യാര്‍ഥികള്‍ക്കായി 'കനവ്' എന്ന ബദല്‍ വിദ്യാഭ്യാസകേന്ദ്രം സ്ഥാപിക്കുകയും ചെയ്ത അന്തരിച്ച കെ. ജെ. ബേബിയുടെ മകളാണ് ശാന്തി പ്രിയ.

പരിപാടിക്കായി ആകാംഷയോടെ കാത്തിരിക്കുകയാണ് മുംബൈ നഗരത്തിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പല പ്രമുഖരും.

'കനവിന്റെ സന്തതിയാണ്  ശാന്തിപ്രിയ. ശാന്തിപ്രിയ പാടുന്ന ബാവുല്‍ ഗീതികളില്‍ വിനോദത്തേക്കാള്‍ അലിവിന്റെയും അനുരണനങ്ങള്‍ നമുക്ക് കേള്‍ക്കാനാവുന്നു. ഇന്ത്യന്‍ പീപ്പിള്‍സ് തിയേറ്റര്‍ അസോസിയേഷന്‍ അരങ്ങു നാടകങ്ങളുടെ, തെരുവ് നാടകങ്ങളുടെ ചിഹ്നമല്ല കലയുടെ ജനാധിപത്യവല്‍ക്കരണത്തിന്റെ വേദിയാണ് എന്ന ബോധ്യമാണ് ശാന്തിപ്രിയയുടേ ബാവുല്‍ സായാഹ്നം പങ്ക് വയ്ക്കുന്നത്. ആശംസകള്‍. അനുമോദനങ്ങള്‍.
-കേളി രാമചന്ദ്രന്‍

'സൂഫി ഗസലുകളുടെ വലിയൊരു ആരാധിക ആയതുകൊണ്ടാവും ബാവുള്‍ സംഗീതം മുംബൈയില്‍ എത്തുന്നു എന്ന് അറിഞ്ഞ നിമിഷം മുതല്‍ ഞാന്‍ ആവേശത്തിലാണ്. ഉപാധികളില്ലാത്ത, പരസ്പരം സ്‌നേഹത്താല്‍ മാത്രം ബന്ധിപ്പിക്കപ്പെട്ട ഒരു കൂട്ടം മനുഷ്യരുടെ ആ മാന്ത്രിക സംഗീതം, അതും മലയാളത്തിന്റെ പെണ്‍സ്വരത്തിലൂടെ കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കുകയാണ്. കേട്ടറിവുകളിലൂടെ മാത്രം കണ്ടു കൊതിച്ചൊരു സ്വപ്നത്തെ തൊട്ടറിയാന്‍ പോകുന്നു എന്ന സന്തോഷത്തില്‍ കൂടിയാണ് ഞാന്‍.
ശാന്തി പ്രിയ നിനക്കായി കാത്തിരിക്കുന്നു' 
-സുമലത നായര്‍

'പ്രശസ്ത ബാവുല്‍ ഗായിക ശാന്തിപ്രിയ ആദ്യമായി മുംബൈയില്‍ പരിപാടി അവതരിപ്പിക്കുന്നു എന്നറിഞ്ഞത് മുതല്‍ തന്നെ വളരെ സന്തോഷത്തിലാണ്. ഈ പരിപാടി വ്യത്യസ്തമായ ഒരു അനുഭവമായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇപ്റ്റ മുംബൈ ചാപ്റ്ററിന് എല്ലാവിധ ആശംസകള്‍, അഭിനന്ദനങ്ങള്‍.
-മധു നമ്പ്യാര്‍

'സംഗീതവും കവിതയും കിനാവും ഇഴചേരുന്ന ബാവുള്‍ഗീതങ്ങളിലൂടെ ആത്മാന്വേഷണം നടത്തുന്ന കേരളത്തിലെ ആദ്യത്തെ ബാവുള്‍ഗായിക ശാന്തിപ്രിയ മുംബയില്‍ എത്തുന്നു. ഇപ്റ്റ കേരള മുംബൈ ഘടകമാണ് ഈ ഗാനസന്ധ്യ ഒരുക്കുന്നത്. ഭക്തിപ്രസ്ഥാനത്തിന്റെ ഭാഗമായി ബംഗാളിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ പിറവിയെടുത്ത് ലോകമെമ്പാടും പടര്‍ന്ന ബാവുള്‍ഗീതങ്ങള്‍, ഗുരുശിഷ്യ പരമ്പര തുടര്‍ന്നുപോരുന്ന പരിവ്രാജകരും ആത്മീയാന്വേഷകരുമായ ബാവുള്‍ഗായകരുടെ ജീവിതയാത്ര കൂടിയാണ്. മീരാബായി, കബീര്‍ദാസ്, അക്ക മഹാദേവി എന്നു തുടങ്ങി റൂമിയും റില്‍ക്കയും വരെ സമകാലികരായ ഈ ഗാനശാഖ ഒരു തരത്തില്‍ പറഞ്ഞാല്‍ മിസ്ടിക് പോയട്രി തന്നെയാണ്. ഈ പരമ്പരയിലെ ഏറ്റവും പുതിയ കണ്ണിയായ ഒരേയൊരു മലയാളി ശാന്തിപ്രിയയെ കേള്‍ക്കാം. ഏക്താരയുടെ നാദധാരയിലലിയാം. മാര്‍ച്ച് 22 ശനിയാഴ്ച കൃത്യം 5.59 ുാ നെരൂള്‍ ജീംഘാനയിലെ ആംഫി തിയേറ്ററില്‍.
-സുനിത എഴുമാവില്‍

'ഇന്ത്യന്‍ നാടോടി സംസ്‌കാരത്തിന്റെ ഒരു വിഭാഗം ആയ ബാവുള്‍ വിഭാഗത്തിന്റെ ഗീതങ്ങള്‍. ബാവുള്‍ ഗീതങ്ങളുമായി ആദ്യമായി എത്തുകയാണ് ശാന്തിപ്രിയ മുംബൈയില്‍. ഇപ്റ്റ മുംബൈ ഘടകം ആണ് ഇതിനു വേദി ഒരുക്കുന്നത്. നെരുളില്‍ മാര്‍ച്ച് 22 ശനിയാഴ്ച വൈകിട്ട് ആറ് മണിക്ക് നടക്കുന്ന പ്രോഗ്രാമിന് 
വളരെ ആകാംക്ഷയോടെയാണ് ബാവുള്‍ ഗീതങ്ങള്‍ കേള്‍ക്കാന്‍ ഞാനും കാത്തിരിക്കുന്നത്. ഇപ്റ്റ മുംബൈ ഘടകത്തിന് എല്ലാ വിധ ആശംസകളും
-നിഖില്‍ നായര്‍

'മലയാള ഭാഷയ്ക്ക് അത്ര പരിചിതമല്ല ബാവുല്‍ ഗീതങ്ങള്‍. ശാന്തിപ്രിയ എന്ന ഗായിക ബാവുല്‍ ഗീതങ്ങളുമായി നമ്മെ തേടി എത്തുമ്പോള്‍ അത് നമുക്ക് നമ്മളെ തന്നെ വിലയിരുത്താന്‍ ഉള്ള ഒരു അവസരമായി ഞാന്‍ കാണുന്നു. രവീന്ദ്ര നാഥ ടാഗോറിനെയും കബീറിനെയും നാരായണ ഗുരുവിനെയും പാടിക്കൊണ്ട് ശാന്തിപ്രിയ വരുമ്പോള്‍ നമുക്ക് അതൊരു നവ്യാനുഭവം ആവും. ജാതിമത വര്‍ഗ്ഗ ഭാഷാ ഭേദമന്യേ നമ്മളില്‍ കുടികൊള്ളുന്ന ചൈതന്യത്തെ സ്വയം അറിയാനുള്ള ഒരു വേദിയാവും ഈ ബാവുല്‍ ഗാന സദസ്സ്. 

എവിടെയും എഴുതപ്പെടാതെ തലമുറകളായി പകര്‍ന്നു വന്ന ഈ ഗീതങ്ങള്‍ /അറിവുകള്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ ഗുരുക്കന്മാര്‍ വാമൊഴിയായി പകര്‍ന്നു നല്‍കിയതാണ് എന്നാണെന്റെ അറിവ്. ഒരു വട്ടം കേട്ടാല്‍ എന്നും മനസ്സിന്റെ അടിത്തട്ടില്‍ നിറഞ്ഞു നില്‍ക്കുന്ന ബാവുല്‍ ഗീതങ്ങള്‍ അതത് പ്രദേശങ്ങളില്‍ നാടോടി ശീലുകളായി ഇന്നും നിലനില്‍ക്കുന്നു 

മുംബൈ നിവാസികളായ നാം ഇതു കാതുകള്‍ കൊണ്ടല്ല മുഴുവന്‍ ശരീരം കൊണ്ടാണ് കേള്‍ക്കാന്‍ പോകുന്നത്. നമ്മുടെ സത്യമായ അറിവിനെ അടുത്തറിയാനും മനസ്സിലാക്കാനുമുള്ള ഒരു വേദിയാവട്ടെ ബാവുല്‍ ഗാന സദസ്സ് 
-രാജീവ് നായര്‍, സീവുഡ്‌സ്, നവി മുംബൈ

ബാവുള്‍ ഗീതങ്ങള്‍ ഒരു സംഗീത സംസ്‌കൃതിയുടെ കുടമാറ്റം ആണ്. നമ്മുടെ ബംഗാളിലും ബംഗ്ലാദേശിലും മാത്രം പടര്‍ന്നു കിടന്നിരുന്ന ഈ ഗീതങ്ങള്‍ ഇന്ന് മലയാളിക്കും സുപരിചിതമാണ്. കാരണക്കാര്‍ പാര്‍വ്വതി ബാവുളും പ്രിയ ശിഷ്യ ശാന്തി പ്രിയയും.

പുതിയ കാലത്ത് ഈ നാടന്‍ സംഗീത വൈവിധ്യത്തിന്റെ മലയാളി മുഖമാണവര്‍. രചനകള്‍ വൈഷ്ണവ - ബുദ്ധ-സൂഫി പാരമ്പര്യത്തില്‍ പെട്ടവയാണ്. ആലാപനത്തിന്റെ ഭാവാത്മകത, സംഗീതത്തിന് ഭാഷയില്ല എന്ന് ഉച്ചത്തില്‍ പ്രഖ്യാപിക്കുന്നു. 

പരിശുദ്ധ സംഗീതത്തില്‍ നിന്നും ആത്മീയതയിലേക്കുള്ള രാജരഥ്യയാണ് ബാവുള്‍ സംഗീതം. എന്നാല്‍ അവ ആചാരാനുഷ്ഠാനങ്ങളില്‍ ആധാരിതമല്ല. അര്‍പ്പണബോധവും അവധൂത സമാനമായ മനസ്സും ഉള്ളവര്‍ക്കേ 
ബാവുള്‍ സംഗീതത്തിന്റെ പ്രയോക്താക്കള്‍ ആകാന്‍ കഴിയൂ.

ഇന്ത്യന്‍ ഫോക് സംഗീത പാരമ്പര്യത്തിന്റെ ഏറ്റവും വര്‍ണാഭവും ഭാവാത്മകവുമായ മുഖമാണ് ബാവുള്‍ സംഗീതത്തിന്. ശാന്തി പ്രിയ വെറുതെ പാടുകയല്ല. ഒരു പുസ്തക ഷെല്‍ഫില്‍ നിന്ന് എന്ന പോലെ അര്‍ഥപൂര്‍ണമായ വരികളെ ഹൃദയരക്തത്തില്‍ ചാലിച്ച് സൂക്ഷിച്ചിരിക്കുന്ന ആര്‍ദ്രഗീതങ്ങള്‍ 
മുത്തുമണി പോലെ അവള്‍ നമുക്കുമുന്നില്‍ വാരിവിതറുകയാണ്. അതെ, അവള്‍ പാടുമ്പോള്‍ മുത്തു ചിതറും ഏകതാരിയുടെയും ഖൊമോക്കിന്റെയും അകമ്പടിയോടെ 
അവള്‍ സംഗീതത്തെ നൃത്തം ചെയ്യിക്കയാണ്. 

ടാഗോറിനെ ഏറെ സ്വാധീനിച്ചിട്ടുള്ള ബാവുള്‍ സംഗീതം പില്‍ക്കാലത്ത് രബീന്ദ്ര സംഗീതത്തില്‍ നിന്നും പ്രചോദനം  നേടി വളര്‍ന്നു എന്നതും ചരിത്രം. കേരളത്തെ ത്രസിപ്പിക്കുന്ന സംഗീത സപര്യയുമായി ആരംഭിച്ച ശാന്തിപ്രിയയുടെ സഞ്ചാര വഴിയില്‍ മുംബൈയില്‍ നമ്മളും ഉണ്ടാകണം. ഈ അഭൗമ സംഗീതം
നമുക്കും നവ്യാനുഭവമാകും. തീര്‍ച്ച!

-സുരേഷ് വര്‍മ്മ 

 

 

 

 

song mumbai art music