മന്ത്രിമാരെ പുറത്താക്കാനുള്ള ബില്‍ സംയുക്തപാര്‍ലമെന്ററീ സമിതിയുടെ പരിഗണനയ്ക്ക് വിട്ടു

ഫെഡറല്‍ സംവിധാനം തകര്‍ക്കുന്നതാണ് ബില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ബില്‍ അവതരണത്തെ തുടര്‍ന്ന് നാടകീയ രംഗങ്ങളാണ് ലോക്സഭയില്‍ അരങ്ങേറിയത്.

author-image
Biju
New Update
AMIT SHAH

ന്യൂഡല്‍ഹി: അഞ്ചുവര്‍ഷമോ അതില്‍ക്കൂടുതലോ ശിക്ഷലഭിക്കാവുന്ന കുറ്റത്തിന് അറസ്റ്റിലായി 30 ദിവസം ജയിലില്‍ കഴിയേണ്ടിവരുന്ന മന്ത്രിമാര്‍ക്ക് ഒരുമാസത്തിനകം സ്ഥാനം നഷ്ടപ്പെടുന്ന വിവാദ ബില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയില്‍ അവതരിപ്പിച്ചു. ഭരണഘടനാ ഭേദഗതി ബില്ലിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ബില്‍ കീറിയെറിഞ്ഞായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ഇതോടെ ലോക്സഭാ നടപടികള്‍ നിര്‍ത്തിവച്ചു. പിന്നീട് സഭ വീണ്ടും ചേര്‍ന്നു. ഇതിനുള്ള മൂന്ന് ബില്ലുകളാണ് അവതരിപ്പിച്ചത്. 

ഇത് സംയുക്തപാര്‍ലമെന്ററീ സമിതിയുടെ പരിഗണനയ്ക്ക് വിട്ടു. അഴിമതി കുറയ്ക്കാനും ഭരണത്തിലെ സുതാര്യതയ്ക്കും വേണ്ടിയാണ് ബില്‍ എന്നാണ് കേന്ദ്രം വിശദീകരിക്കുന്നത്. ഫെഡറല്‍ സംവിധാനം തകര്‍ക്കുന്നതാണ് ബില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ബില്‍ അവതരണത്തെ തുടര്‍ന്ന് നാടകീയ രംഗങ്ങളാണ് ലോക്സഭയില്‍ അരങ്ങേറിയത്. ബില്‍ അവതരണത്തിനിടെ സഭയില്‍ കയ്യാങ്കളി വരെയെത്തി. ബഹളത്തെ തുടര്‍ന്ന് സഭ 3 മണി വരെ നിര്‍ത്തിവെച്ചു. അമിത് ഷായ്ക്ക് നേരെ ബില്‍ വലിച്ചു കീറി എറിഞ്ഞാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.

ബില്‍ അവതരിപ്പിക്കുന്നതിനിടെ അമിത് ഷാ മുന്‍പ് അറസ്റ്റിലായിട്ടുണ്ടെന്നും രാജിവച്ചിരുന്നുവോ എന്നും കെ.സി. വേണുഗോപാല്‍ ചോദിച്ചു. കേസെടുത്തപ്പോള്‍ രാജിവച്ചെന്ന് ആയിരുന്നു അമിത് ഷായുടെ മറുപടി. തന്നെ കുറ്റവിമുക്തനാക്കും വരെ ഒരു പദവിയും ഏറ്റെടുത്തില്ലെന്നും അമിത് ഷാ മറുപടി നല്‍കി. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണ് ബില്ലെന്ന് പ്രിയങ്ക ഗാന്ധി ലോക്സഭയില്‍ പറഞ്ഞു. ''നാളെ, നിങ്ങള്‍ക്ക് ഒരു മുഖ്യമന്ത്രിക്കെതിരെ ഏത് തരത്തിലുള്ള കേസും ചുമത്താം. ശിക്ഷിക്കപ്പെടാതെ 30 ദിവസത്തേക്ക് ജയിലില്‍ ഇടാം. അദ്ദേഹത്തെ മുഖ്യമന്ത്രി കസേരയില്‍ നിന്നും പുറത്താക്കാം. ഇതു തികച്ചും ഭരണഘടനാ വിരുദ്ധവും ജനാധിപത്യവിരുദ്ധവും നിര്‍ഭാഗ്യകരവുമാണ്'' പ്രിയങ്ക ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രിയെ ആര് അറസ്റ്റ് ചെയ്യുമെന്നായിരുന്നു അസദുദ്ദീന്‍ ഒവൈസിയുടെ ചോദ്യം. രാജ്യത്ത് പൊലീസ് രാജ് നടപ്പിലാക്കാനാണ് ബിജെപി ആഗ്രഹിക്കുന്നത്. അധികാരം ശാശ്വതമല്ലെന്ന് ബിജെപി മറക്കുകയാണെന്നും ഒവൈസി പറഞ്ഞു.

തൃണമൂല്‍ അംഗങ്ങള്‍ ബില്‍ കീറിയെറിഞ്ഞു. നടുത്തളത്തിലിറങ്ങി പ്രതിപക്ഷം പ്രതിഷേധിച്ചു. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള നീക്കമെന്ന് ഒവൈസിയും ഭരണഘടനയെ തകര്‍ക്കുന്ന ബില്ലെന്ന് മനീഷ് തിവാരിയും പ്രതിഷേധമറിയിച്ചു. സംസ്ഥാനങ്ങളുടെ അധികാരപരിധിയിലുള്ള കടന്നുകയറ്റമാണ്. 

പാര്‍ലമെന്ററി ജനാധിപത്യത്തെ തകര്‍ക്കുന്ന ബില്ലാണ്. നടുത്തളത്തില്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ബില്ല് കീറിയെറിഞ്ഞു. ബില്ല് അംഗങ്ങള്‍ക്ക് നല്‍കിയില്ലെന്ന ചൂണ്ടിക്കാട്ടിയ എന്‍കെ പ്രേമചന്ദ്രന്‍ എംപി എന്തിനാണ് അനാവശ്യ തിടുക്കമെന്നും ചോദിച്ചു. ഇതിനെ പ്രതിരോധിക്കാന്‍ അമിത് ഷാ ചാടിയെണീറ്റു. ഇതിനിടെ പ്രതിഷേധം രൂക്ഷമായി. പ്രേമചന്ദ്രന്റെ ചോദ്യത്തിന് മറുപടിയായി ബില്‍ ജെപിസിക്ക് വിടാമെന്ന് അമിത് ഷാ പറഞ്ഞു. ബില്‍ ചട്ടപ്രകാരമാണ് എന്നായിരുന്നു അമിത് ഷാ വിശദീകരിച്ചത്. മന്ത്രിമാര്‍ക്കെതിരെ ഉണ്ടാകുന്ന അഴിമതി ആരോപണങ്ങള്‍ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ബില്‍ എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം.

അഴിമതി കേസില്‍ ഉള്‍പ്പെടെ അറസ്റ്റിലായി 30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ 31-ാം ദിവസം മന്ത്രിമാര്‍ക്ക് സ്ഥാനം നഷ്ടപ്പെടുമെന്നാണ് ബില്ലില്‍ പറയുന്നത്. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാര്‍ക്കും ഇത് ബാധകമാണ്. 30 ദിവസം തുടര്‍ച്ചയായി കസ്റ്റഡിയില്‍ കഴിയേണ്ടിവരുന്ന മന്ത്രിമാരെ പുറത്താക്കാന്‍ മുഖ്യമന്ത്രിമാര്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശചെയ്യണം. തുടര്‍ന്ന് ഗവര്‍ണര്‍മാര്‍ മന്ത്രിമാരെ പുറത്താക്കണം. രാജിവെച്ചില്ലെങ്കിലും 31-ാം ദിവസം ഇവര്‍ മന്ത്രിമാരല്ലാതാകും. മൂന്ന് സുപ്രധാനബില്ലുകളാണ് സഭയിലെത്തിയത്. 130-ാം ഭരണഘടനാ ഭേദഗതി ബില്ലും കേന്ദ്രഭരണപ്രദേശ ഭരണഭേദഗതി ബില്ലും ജമ്മു-കശ്മീര്‍ പുനഃസംഘടനാ ഭേദഗതി ബില്ലുമാണ് ഇതിനായി അവതരിപ്പിച്ചത്.

എന്നാല്‍, ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങി കഴിഞ്ഞാല്‍ വീണ്ടും ഈ സ്ഥാനത്ത് എത്താന്‍ മറ്റ് തടസ്സങ്ങള്‍ ഉള്ളതായി ഈ ബില്ലില്‍ പറയുന്നില്ല. നേതാക്കള്‍ ജനങ്ങള്‍ക്ക് മാതൃകയാകേണ്ടവരാണ്. ഇത്തരക്കാര്‍ ജയിലില്‍ കിടന്നുകൊണ്ട് ഭരണം നടത്തുന്നത് ഉചിതമല്ലെന്നാണ് സര്‍ക്കാരിന്റെ വാദം. ഗുരുതരമായ ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ നേരിട്ട് ഒരു മന്ത്രി അറസ്റ്റിലാകുന്നത് ഭരണഘടനാ ധാര്‍മികതയെ ദുര്‍ബലപ്പെടുത്തുമെന്നുമാണ് ബില്ലുമായി ബന്ധപ്പെട്ട് നല്‍കുന്ന വിശദീകരണം. 

ഏറെ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന നീക്കമാണ് ഇത്. ഡല്‍ഹി മുഖ്യമന്ത്രിയായിരിക്കെ ദീര്‍ഘകാലം ജയിലില്‍ തുടരുമ്പോഴും അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രിയായി തുടര്‍ന്നിരുന്നു. ഈ സാഹചര്യം ഒഴിവാക്കാനാണ് ബില്‍. അടുത്ത കാലത്ത് തമിഴ്‌നാട്ടിലും ദീര്‍ഘകാലം ജയിലില്‍ കിടന്ന മന്ത്രിയുണ്ടായിരുന്നു. പുതിയ നീക്കത്തെ പ്രതിപക്ഷം എങ്ങനെ എടുക്കുമെന്നതാണ് ഉയരുന്ന ചോദ്യം. എതിര്‍ക്കാനാണ് സാധ്യത.

അഞ്ച് കൊല്ലമോ അതിലധികമോ ശിക്ഷ ലഭിക്കാവുന്ന കേസുകളിലും ഇത് ബാധകമാണ്. ഒരു മാസത്തിലധികം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കിടന്നാല്‍ സ്ഥാനം നഷ്ടമാകും. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ബില്‍ ബാധകമാകും. ഇതുവരെ ക്രിമിനല്‍ കേസുകളില്‍ രണ്ടു കൊല്ലത്തിലധികം ശിക്ഷ കിട്ടിയാലാണ് അയോഗ്യത ഉണ്ടായിരുന്നത്. ജയില്‍ മോചിതരായി കഴിഞ്ഞ് സ്ഥാനം വീണ്ടും വഹിക്കാന്‍ തടസ്സം ഉണ്ടാവില്ലെന്നും ബില്ലിലുണ്ട്. ജയില്‍ മോചിതനായി വീണ്ടും പദവിയില്‍ എത്താമെന്നതു കൊണ്ട് തന്നെ ഭരണം സുഗമമാക്കുക മാത്രമാണ് ലക്ഷ്യമെന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കും.

ജയിലില്‍ കിടന്ന് ആര്‍ക്കും ഭരണം നിര്‍വ്വഹിക്കാന്‍ കഴിയില്ലെന്ന നിലപാടാകും കേന്ദ്ര സര്‍ക്കാര്‍ എടുക്കുക. കോടതിയില്‍ നിന്നും ജാമ്യം കിട്ടിയാല്‍ അറസ്റ്റിലാകുന്ന ആര്‍ക്കും വീണ്ടും അധികാരത്തിലെത്താം. വിചാരണ കഴിഞ്ഞു മാത്രമേ ഒരാളെ കുറ്റക്കാരനായി കാണാന്‍ കഴിയൂ. ഈ സാഹചര്യത്തില്‍ അറസ്റ്റ് സമയത്ത് തന്നെ മന്ത്രിസ്ഥാനം നഷ്ടമാകുന്നതിനെ അംഗീകരിക്കാന്‍ കഴിയില്ലെന്ന വാദം ശക്തമാണ്. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപാരാധി പോലും ശിക്ഷക്കപ്പെടരുതെന്ന അടിസ്ഥാന തത്വം അട്ടിമറിക്കുന്നുവെന്ന് പ്രതിപക്ഷവും വാദമുയര്‍ത്തും. പുതിയ ഭരണഘടനാ ഭേദഗതി വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കും. അഴിമതിക്കെതിരായ നീക്കമായി ഇതിനെ വ്യാഖ്യാനിക്കുകയും ചെയ്യും. കേന്ദ്ര ഏജന്‍സികളെ കൊണ്ട് കള്ള പരാതികള്‍ ചമച്ച് രാഷ്ട്രീയ എതിരാളികളെ തകര്‍ക്കാനുള്ള നീക്കമായി ഇതിനെ പ്രതിപക്ഷം വിലയിരുത്തുന്നുണ്ട്.

അതേസമയം വിവാദ ബില്ലിനെ പിന്തുണച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ രംഗത്തുവന്നു. ബില്ലില്‍ താന്‍ തെറ്റൊന്നും കാണുന്നില്ലെന്നും ബില്ലില്‍ സഭയില്‍ ചര്‍ച്ച നടക്കട്ടെയെന്നും ശശി തരൂര്‍ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. 

''30 ദിവസം ജയിലില്‍ കിടന്നാല്‍ ഒരാള്‍ക്കു മന്ത്രിയായി തുടരാനാകുമോ ? ഇത് സാമാന്യ ബുദ്ധിയുടെ കാര്യമാണ്. എനിക്കിതില്‍ തെറ്റൊന്നും കാണാന്‍ കഴിയുന്നില്ല. പരിശോധനയ്ക്കായി ബില്‍ ഒരു സമിതിക്ക് അയയ്ക്കാവുന്നതാണ്. സമിതിയില്‍ ചര്‍ച്ച നടക്കുന്നത് നമ്മുടെ ജനാധിപത്യത്തിനു നല്ലതാണെന്നാണ് ഞാന്‍ കരുതുന്നത്.''  ശശി തരൂര്‍ പറഞ്ഞു.

amith sha