/kalakaumudi/media/media_files/2025/06/29/shefg-2025-06-29-13-04-35.jpg)
മുംബൈ: നടി ഷെഫാലി ജരിവാലയുടെ മരണത്തില്‍ ദുരൂഹത തുടരുകയാണ്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനമെങ്കിലും യഥാര്‍ഥത്തില്‍ എന്താണ് മരണകാരണമെന്ന് ഇനിയും വ്യക്തമല്ല. ഇതിനിടെയാണ് മറ്റു ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
ഷെഫാലി ജരിവാല പ്രായം തോന്നിക്കുന്നത് തടയാനുള്ള ആന്റി-എയ്ജിങ് ചികിത്സ നടത്തിയിരുന്നുവെന്നാണ് അവരുമായി അടുപ്പമുണ്ടായിരുന്ന വൃത്തങ്ങള്‍ പറയുന്നത്. ചര്‍മ്മത്തിന്റെ ഘടന മെച്ചപ്പെടുത്തി യുവത്വം നിലനിര്‍ത്താനായി വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഷെഫാലി ചികിത്സ തുടങ്ങിയതായാണ് വിവരം. വിറ്റാമിന്‍ സി, ഗ്ലൂട്ടാത്തയോണ്‍ എന്നിവയാണ് ആന്റി-എയ്ജിങ് ചികിത്സയ്ക്ക് പ്രധാനമായയി ഉപയോഗിക്കുന്ന മരുന്നുകള്‍.
ചര്‍മ്മം ഭംഗിയായി നിലനിര്‍ത്താനും ഡീടോക്സിഫിക്കേഷനും വേണ്ടിയാണ് ഗ്ലൂട്ടാത്തയോണ്‍ ഉപയോഗിക്കുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. സൗന്ദര്യചികിത്സയ്ക്ക് മാത്രമായി ഉപയോഗിക്കുന്ന ഈ മരുന്ന് ഹൃദയത്തെ നേരിട്ട് ബാധിക്കാന്‍ സാധ്യതയില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഷെഫാലിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമേ ഇക്കാര്യങ്ങളില്‍ വ്യക്തതയുണ്ടാകൂ.
2002-ല്‍ കാന്‍ട്ടാ ലഗാ എന്ന മ്യൂസിക് വീഡിയോയിലൂടെയാണ് ഷെഫാലി ജരിവാല പ്രശസ്തയായത്. പിന്നീട് സല്‍മാന്‍ ഖാന്‍ ചിത്രമായ 'മുജ്‌സെ ഷാദി കരോഗി'യില്‍ അഭിനയിച്ചു. കൂടാതെ 2019-ല്‍ ബേബി കം ന എന്ന വെബ്സീരീസിലും വേഷമിട്ടു. 'ബൂഗി വൂഗി', 'നാച്ച് ബലിയേ' തുടങ്ങിയ പ്രശസ്തമായ ഡാന്‍സ് റിയാലിറ്റി ഷോകളിലും അവര്‍ പങ്കെടുത്തു. നടന്‍ പരാഗ് ത്യാഗിയാണ് ഷെഫാലിയുടെ ഭര്‍ത്താവ്.
അന്ധേരിയിലെ വസതിയിലാണ് ഷെഫാലിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍വെച്ചാണ് ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിരുന്നു. സംഭവത്തേക്കുറിച്ച് അന്വേഷിക്കുകയാണെന്നും നടിയുടെ മരണത്തിന്റെ യഥാര്‍ത്ഥ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ലെന്നും അവര്‍ അറിയിച്ചു. ഷെഫാലിയുടെ മരണം സ്ഥിരീകരിച്ചതിനുപിന്നാലെ ഫൊറന്‍സിക് വിദഗ്ധരും പൊലീസിനൊപ്പം അവരുടെ വീട്ടില്‍ പരിശോധന നടത്തിയിരുന്നതായും പറയുന്നുണ്ട്.