/kalakaumudi/media/media_files/2025/03/25/u9yDEV1c2cfm91G0xCaF.jpg)
ചെന്നൈ: തമിഴ് നടനും കരാട്ടെ, അമ്പെയ്ത്ത് വിദഗ്ധനുമായ ഷിഹാന്‍ ഹുസൈനി അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. രക്താര്‍ബുദത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ചെന്നൈ ബസന്ത് നഗറിലുള്ള വസതിയിലെ പൊതുദര്‍ശനത്തിനു ശേഷം മൃതദേഹം തുടര്‍ന്ന് ഷിഹാന്‍ ഹുസൈനിയുടെ ആഗ്രഹപ്രകാരം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കു പഠനത്തിനായി വിട്ടുനല്‍കും.
'ഹു' എന്നറിയപ്പെടുന്ന ഷിഹാന്‍ ഹുസൈനി വളരെ നാളായി രക്താര്‍ബുദത്തോട് പോരാടുകയായിരുന്നു. തന്റെ പോരാട്ടത്തിന്റെ കഥകള്‍ അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങളുമായി നിരന്തരം പങ്കുവച്ചിരുന്നു. ഇതിനു വലിയ ജനശ്രദ്ധയാണ് ലഭിച്ചിരുന്നത്.
തമിഴ്‌നാട്ടിലെ അമ്പെയ്ത്ത് അസോസിയേഷന്റെ സ്ഥാപകനായ ഷിഹാന്‍, സിനിമകളിലൂടെയാണ് ശ്രദ്ധനേടിയത്. 1986ല്‍ പുറത്തിറങ്ങിയ പുന്നഗൈ മന്നനിലൂടെയാണ് ഷിഹാന്‍ സിനിമാ രംഗത്തെത്തുന്നത്. പിന്നീട് രജനീകാന്തിന്റെ വേലൈക്കാരന്‍ (1987), ബ്ലഡ്സ്റ്റോണ്‍ (1988), ബദ്രി (2001) എന്നീ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. വിജയ് സേതുപതി നായകനായെത്തിയ കാത്തുവാക്കിലെ രണ്ടു കാതലാണ് അദ്ദേഹം അവസാനമായി അഭിനയിച്ച ചിത്രങ്ങളിലൊന്ന്.
തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും സിനിമ നടിയുമായ ജയലളിതയുടെ കടുത്ത ആരാധകന്‍ എന്ന നിലയിലും ഷിഹാന്‍ പ്രശസ്തനാണ്. 2015ല്‍ തമിഴ്‌നാട്ടില്‍ ജയലളിത അധികാരത്തില്‍ തിരിച്ചെത്തിയപ്പോള്‍ സ്വയം കുരിശിലേറി ഷിഹാന്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ആറിഞ്ച് നീളമുള്ള ആണികളായിരുന്നു ഹുസൈനിയുടെ പാദങ്ങളിലും കൈത്തലങ്ങളിലും അടിച്ചുകയറ്റിയിരുന്നത്. 2005ല്‍ ജയലളിതയുടെ 56ാം ജന്മദിനത്തില്‍ സ്വന്തം രക്തം കൊണ്ടു ജയലളിതയുടെ 56 ചിത്രങ്ങള്‍ വരച്ചും അദ്ദേഹം ശ്രദ്ധ നേടി.
ഹുസൈനി തന്റെ വലതുകയ്യിലൂടെ 101 കാറുകള്‍ ഓടിക്കാന്‍ അനുവദിച്ചതും ജനശ്രദ്ധ നേടിയിരുന്നു. കൂടാതെ, 140 ലീറ്റര്‍ പെട്രോള്‍ ഒഴിച്ച് ഹുസൈനി സ്വയം തീകൊളുത്തുകയും ചെയ്തിരുന്നു. ഒരിക്കല്‍ മൂര്‍ഖന്‍ പാമ്പിന്റെ കടി അതിജീവിക്കുകയും ചെയ്തിട്ടുണ്ട്. 1980കളില്‍, ശ്രീലങ്കന്‍ തീവ്രവാദിയാണെന്ന് ആരോപിച്ച് ഹുസൈനിയെ തിഹാര്‍ ജയിലില്‍ 10 ദിവസം തടവിലാക്കിയിരുന്നു.