ശിവാജി പ്രതിമ തകര്‍ന്നു വീണ സംഭവം രാഷ്ട്രീയ ആയുധമാക്കാന്‍ ഇന്ത്യാമുന്നണി

നിയമസഭാ തിരഞ്ഞെടുപ്പിനു രണ്ടു മാസം മാത്രം ശേഷിക്കെ, ശിവാജി പ്രതിമ തകര്‍ന്ന സംഭവത്തില്‍ എന്‍ഡിഎ സര്‍ക്കാരിനെതിരെ ജനവികാരം ആളിക്കത്തിക്കാനാണു നീക്കം.

author-image
anumol ps
New Update
maha vikas

ഛത്രപതി ശിവാജിയുടെ പ്രതിമ തകര്‍ന്നുവീണ സംഭവത്തില്‍ മഹാ വികാസ് അഘാഡി നടത്തിയ പ്രതിഷേധം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 



മുംബൈ:  കൊങ്കണിലെ സിന്ധുദുര്‍ഗില്‍ ഛത്രപതി ശിവാജിയുടെ പ്രതിമ തകര്‍ന്നുവീണ സംഭവം രാഷ്ട്രീയ ആയുധമാക്കാന്‍ ഒരുങ്ങി ഇന്ത്യാമുന്നണി. നിയമസഭാ തിരഞ്ഞെടുപ്പിനു രണ്ടു മാസം മാത്രം ശേഷിക്കെ, ശിവാജി പ്രതിമ തകര്‍ന്ന സംഭവത്തില്‍ എന്‍ഡിഎ സര്‍ക്കാരിനെതിരെ ജനവികാരം ആളിക്കത്തിക്കാനാണു നീക്കം. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ, കോണ്‍ഗ്രസ് മഹാരാഷ്ട്ര പിസിസി അധ്യക്ഷന്‍ നാനാ പഠോളെ എന്നിവരുടെ നേതൃത്വത്തില്‍ ഗേറ്റ്വേ ഓഫ് ഇന്ത്യയിലേക്കു നടത്തിയ മാര്‍ച്ചില്‍ പ്രതിപക്ഷ പ്രതിഷേധം ഇരമ്പി. മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാര്‍ എന്നിവരുടെ ചിത്രങ്ങള്‍ അടങ്ങിയ ബാനറില്‍ ഉദ്ധവ് താക്കറെ അടക്കമുള്ള നേതാക്കള്‍ ചെരിപ്പുകൊണ്ട് അടിച്ചാണു പ്രതിഷേധിച്ചത്. ഇന്ത്യാമുന്നണി നേതാക്കള്‍ ശിവസേനാ വിമത നേതാവായ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ രാജി ആവശ്യപ്പെട്ടു.

മഹാരാഷ്ട്രയില്‍ ഏറ്റവും ആദരിക്കപ്പെടുന്ന മറാഠാ ചക്രവര്‍ത്തിയാണു ശിവാജി. സംസ്ഥാന ജനസംഖ്യയുടെ 28 ശതമാനം വരുന്ന പ്രബല വിഭാഗമായ മറാഠകള്‍ നിര്‍ണായക വോട്ട് ബാങ്കാണ്. സംസ്ഥാനത്ത് നവംബറില്‍ നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ, മറാഠ വികാരം സര്‍ക്കാരിനെതിരാക്കാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷം. മുംബൈയില്‍നിന്ന് 450 കിലോമീറ്റര്‍ അകലെ മാല്‍വണ്‍ തീരത്ത് എട്ടു മാസം മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദി അനാഛാദനം ചെയ്ത ശിവാജി പ്രതിമ കഴിഞ്ഞ 26നാണ് നിലംപൊത്തിയത്. പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പരസ്യമായി മാപ്പു ചോദിച്ചെങ്കിലും അത് കപടനാട്യമാണെന്ന് ഉദ്ധവ് താക്കറെ ആരോപിച്ചു. ബലം ഉറപ്പാക്കാതെ അഴിമതിക്കായി ശിവാജിയെ 'ആയുധമാക്കിയതാണ്' പ്രതിമ തകരാന്‍ കാരണമെന്ന് ശരദ് പവാര്‍ ആരോപിച്ചിരുന്നു. 

shivaji statue collapse