/kalakaumudi/media/media_files/2025/07/13/plane-2025-07-13-13-04-24.jpg)
ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ തകര്‍ന്നുവീണ എഐ 171 ബോയിങ് വിമാനത്തെ സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്ന് ഇറ്റാലിയന്‍ മാധ്യമ റിപ്പോര്‍ട്ട്. വിമാനം തകര്‍ന്നത് പൈലറ്റ് മനഃപൂര്‍വം ഇന്ധന സ്വിച്ചുകള്‍ ഓഫ് ചെയ്തത് കൊണ്ടാണെന്ന് ഇന്ത്യന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നിഗമനത്തിലെത്തിയതായി സൂചനയെന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.
വിമാനത്തിന് സാങ്കേതിക തകരാറുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. കോക്പിറ്റിലെ വോയ്സ് റെക്കോര്‍ഡറുകള്‍ പരിശോധിച്ചതില്‍ നിന്നും, രണ്ട് എന്‍ജിനുകളും നിശ്ചലമാക്കുന്ന രീതിയില്‍ ഇന്ധന സ്വിച്ചുകള്‍ ഓഫ് ചെയ്തത് പൈലറ്റാണെന്ന് വ്യക്തമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വിമാനത്തിന്റെ കമാന്‍ഡര്‍ ആയിരുന്ന സുമീത് സബര്‍വാളിനു നേരെയാണ് അന്വേഷണ സംഘം വിരല്‍ ചൂണ്ടുന്നത്. അപകടത്തില്‍ അദ്ദേഹം കൊല്ലപ്പെട്ടിരുന്നു.
ഇന്ത്യയുടെ വ്യോമയാന സുരക്ഷാ നിലവാരം പുനഃപരിശോധിക്കുമെന്ന യുഎസ് ഏജന്‍സികളുടെ മുന്നറിയിപ്പിനെത്തുടര്‍ന്നാണ് മനുഷ്യസഹജമായ പിഴവ് അംഗീകരിക്കാന്‍ ഇന്ത്യ തയാറായതെന്ന് വിദേശ മാധ്യമങ്ങള്‍ അവകാശപ്പെടുന്നു. കഴിഞ്ഞ ജൂണ്‍ 12ന് അഹമ്മദാബാദില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെ വിമാനം ഒരു കെട്ടിടത്തിനു മുകളിലേക്ക് തകര്‍ന്നു വീഴുകയായിരുന്നു. അപകടത്തില്‍ 260 പേര്‍ കൊല്ലപ്പെട്ടിരുന്നു.
അതേസമയം, പൈലറ്റ് അസോസിയേഷനുകളും സബര്‍വാളിന്റെ കുടുംബവും ഈ ആരോപണങ്ങള്‍ തള്ളി. വിമാന നിര്‍മാതാക്കളെയും എയര്‍ലൈനിനെയും രക്ഷിക്കാനുള്ള ശ്രമമാണിതെന്ന് അവര്‍ ആരോപിക്കുന്നു. അന്തിമ റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനു മുന്‍പ് രാഷ്ട്രീയമായ വിലയിരുത്തലുകള്‍ ഉണ്ടാകുമെന്നും അതിനാല്‍ കൂടുതല്‍ ജാഗ്രതയോടെയുള്ള ഭാഷയിലായിരിക്കും റിപ്പോര്‍ട്ട് തയാറാക്കുക എന്നുമാണ് റിപ്പോര്‍ട്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
