/kalakaumudi/media/media_files/2025/06/28/pmfds-2025-06-28-19-50-04.jpg)
ന്യൂഡല്‍ഹി: നാലു പതിറ്റാണ്ടിനുശേഷം ബഹിരാകാശത്തെത്തിയ ആദ്യ ഇന്ത്യക്കാരന്‍ ശുഭാംശു ശുക്ലയുമായി ആശയവിനിമയം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബഹിരാകാശ നിലയത്തില്‍നിന്ന് വിഡിയോ സ്ട്രീമിങ്ങിലൂടെയാണ് ഇരുവരും സംസാരിച്ചത്. 1984ല്‍ ബഹിരാകാശത്തെത്തിയ ആദ്യ ഇന്ത്യക്കാരന്‍ രാകേഷ് ശര്‍മയുമായി അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയും ആശയ വിനിമയം നടത്തിയിരുന്നു. മോദിശുഭാംശു സംഭാഷണത്തിലൂടെ ചരിത്രം വീണ്ടും ആവര്‍ത്തിച്ചു. ബഹിരാകാശത്തില്‍ ഇന്ത്യന്‍ പതാക വീണ്ടും പാറിച്ചതില്‍ അഭിനന്ദിക്കുന്നെന്ന് ശുഭാംശുവിനോടു നരേന്ദ്ര മോദി പറഞ്ഞു.
''ശുഭാംശു..താങ്കളിപ്പോള്‍ ജന്മഭൂമിയില്‍നിന്നും ഭാരതഭൂമിയില്‍നിന്നും വളരെ അകലെയാണെങ്കിലും ഭാരതത്തിലെ ജനങ്ങളുടെ മനസ്സിന്റെ ഏറ്റവും അരികിലാണ്. 'ശുഭം' എന്നത് താങ്കളുടെ പേരിലുമുണ്ട്. അതിനൊപ്പം തന്നെ താങ്കളുടെ യാത്ര പുതിയ യുഗത്തിന്റെ ശുഭാരംഭം കൂടിയാണ്. ഈ സമയം നമ്മള്‍ രണ്ടുപേരും മാത്രമാണ് സംസാരിക്കുന്നതെങ്കിലും ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ സ്വപ്നങ്ങളും കൂടി നമുക്കൊപ്പം ചേരുകയാണ്. എന്റെ ശബ്ദത്തില്‍ എല്ലാ ഇന്ത്യക്കാരുടെയും ആവേശം ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ബഹിരാകാശത്തില്‍ ഇന്ത്യന്‍ പതാക വീണ്ടും പാറിച്ചതില്‍ ഞാന്‍ താങ്കളെ അഭിനന്ദിക്കുകയും ആശംസകള്‍ നേരുകയും ചെയ്യുന്നു.''പ്രധാനമന്ത്രി പറഞ്ഞു.
അതിനുശേഷം ശുഭാംശുവിന്റെ സുഖവിവരങ്ങളും പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു. അവിടെയെല്ലാം ശരിയായി നടക്കുന്നില്ലേ? താങ്കളുടെ ആരോഗ്യം എങ്ങനെയുണ്ട് എന്നതായിരുന്നു ശുഭാംശുവിനോടുള്ള പ്രധാനമന്ത്രിയുടെ ആദ്യ ചോദ്യം. എല്ലാവരുടെയും പ്രാര്‍ഥനയുടെയും ആശീര്‍വാദത്തിന്റെയും കാരണത്താല്‍ എല്ലാം നന്നായി പോകുന്നുവെന്നും നിലയത്തില്‍ സുരക്ഷിതനാണെന്നും ശുഭാംശു മറുപടി പറഞ്ഞു. ഇതൊരു പുതിയ അനുഭവമാണെന്നും ശുഭാംശു പറഞ്ഞു.
''ഇതൊരു പുതിയ അനുഭവമാണ്. ഈ യാത്ര എന്റേതു മാത്രമല്ല. നമ്മുടെ രാജ്യത്തിന്റേതു കൂടിയാണ്. നമ്മുടെ രാജ്യം വളരെ വേഗം മുന്നേറിക്കൊണ്ടിരിക്കുകയാണ്. പുതിയ അനുഭവത്തെ ഒരു സ്‌പോഞ്ചിനെപ്പോലെ ആഗിരണം ചെയ്തു കൊണ്ടിരിക്കുകയാണ് ഞാന്‍. അല്‍പനേരം മുമ്പ് ജനലിലൂടെ പുറത്തേക്കു നോക്കുമ്പോള്‍ ഞങ്ങള്‍ ഹവായിക്ക് മുകളിലൂടെ പറക്കുകയായിരുന്നു. ഒരു ദിവസം ഞങ്ങള്‍ 16 തവണ സൂര്യോദയവും അസ്തമയവും കാണുന്നു.'' ശുഭാംശു പറഞ്ഞു.