/kalakaumudi/media/media_files/2025/08/10/sid-2025-08-10-13-13-55.jpg)
ബെംഗളൂരു: കര്‍ണാടകയിലെ വോട്ടര്‍ പട്ടികയിലെ ക്രമക്കേട് സംസ്ഥാന സര്‍ക്കാര്‍ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്തെ നിയമ വകുപ്പിനോട് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു. രാഹുല്‍ ഗാന്ധി പുറത്തുവിട്ട രേഖകള്‍ ഉള്‍പ്പെടെ പരിശോധിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
വോട്ടര്‍ പട്ടിക ക്രമക്കേട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക കോണ്‍ഗ്രസ് നേരത്തെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. കര്‍ണാടകയിലെ എല്ലാ മണ്ഡലങ്ങളിലും വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നാണ് ആവശ്യം. മഹാദേവപുര എന്ന നിയമസഭാ മണ്ഡലത്തില്‍ ഇരട്ട, വ്യാജവോട്ടുകള്‍ വ്യാപകമായി വോട്ടര്‍ പട്ടികയിലുണ്ടെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയിരുന്നു.
ഈ മണ്ഡലം അടങ്ങുന്ന ബംഗളൂരു സെന്‍ട്രല്‍ ലോക്‌സഭാ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയിലെ പൊരുത്തക്കേടുകള്‍ രാഹുല്‍ ഗാന്ധി പുറത്തുവിട്ടതും അനുബന്ധ രേഖകളും നിവേദനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാഹുലിന്റെ ആരോപണത്തില്‍ അന്വേഷണം തുടങ്ങിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥിരീകരിച്ചു. രാഹുല്‍ ഗാന്ധി ഉന്നയിച്ച രേഖകള്‍ പരിശോധിച്ച് വരികയാണെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ കെ അന്‍പുകുമാര്‍ അറിയിച്ചെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും വ്യക്തമാക്കി.
അതേസമയം രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ടര്‍ പട്ടിക ക്രമക്കേടില്‍ രാഷ്ട്രീയ പോര് മുറുകവേ കര്‍ണാടക സര്‍ക്കാരിനെ കൊണ്ട് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാനും നീക്കം ശക്തമാണ്. 16 ന് കര്‍ണാടക മന്ത്രിസഭ യോഗം ചേര്‍ന്ന് വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നത് ആലോചിക്കുമെന്നാണ് വിവരം. രാഹുല്‍ ഗാന്ധി സത്യവാങ്മൂലം നല്‍കണം എന്നാവശ്യപ്പെടുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്തുകൊണ്ട് സ്വമേധയാ കേസെടുക്കുന്നില്ലെന്ന ചോദ്യമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്.
രാഹുല്‍ ഗാന്ധി ഉന്നയിച്ച എല്ലാ ചോദ്യങ്ങള്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി തേടിയുള്ള പ്രക്ഷോഭം ശക്തമാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. തിങ്കളാഴ്ച എഐസിസി ഭാരവാഹികളുടെ യോഗം ദില്ലിയില്‍ ചേര്‍ന്ന് അടുത്ത നടപടികള്‍ തീരുമാനിക്കും. ഇന്ത്യ സഖ്യ നേതാക്കള്‍ തിങ്കളാഴ്ച പാര്‍ലമെന്റില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് മാര്‍ച്ച് നടത്തും എന്നറിയിച്ചിട്ടുണ്ട്. ഇതിന് ശേഷം ഈ മാസം 16 മുതല്‍ രാഹുലും തേജസ്വി യാദവും ചേര്‍ന്ന് ബിഹാറിലെ നൂറ് നിയമസഭ സീറ്റുകളിലേക്കുള്ള യാത്രയ്ക്ക് തുടക്കം കുറിക്കും. സെപ്തംബര്‍ ഒന്നിന് പാറ്റ്‌നയില്‍ നടക്കുന്ന മഹാറാലിയില്‍ തൃണമൂല്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും അടക്കമുള്ള കക്ഷികള്‍ പങ്ക് ചേരാനാണ് സാധ്യത.
രാഹുല്‍ ഗാന്ധിയുടെ നീക്കം ചീറ്റിയെന്ന് പ്രതികരിക്കുന്ന ബി ജെ പി തെരഞ്ഞെടുപ്പ് കമ്മീഷനെ ശക്തമായി ന്യായീകരിക്കുകയാണ്. നിയമ പ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കാന്‍ മടിക്കുന്നതെന്തിനെന്ന ചോദ്യമാണ് ബിജെപി ആവര്‍ത്തിക്കുന്നത്. രാഹുല്‍ അപക്വമായ ആരോപണങ്ങള്‍ ഉന്നയിച്ച് അരാജകത്വം പടര്‍ത്താനാണ് ശ്രമിക്കുന്നതെന്നും ബിജെപി ആരോപിക്കുന്നു.