/kalakaumudi/media/media_files/saqWmIvirOwVX7ANz4d7.jpg)
പെട്രോൾ വില വർദ്ധനവിന് പിന്നാലെ പാൽവിലയും ഉയർത്തി കർണാടക സർക്കാർ. കർണാടക മിൽക് ഫെഡറേഷൻ നന്ദിനി പാലിന്റെ വില ലീറ്ററിനു രണ്ടു രൂപ കൂട്ടിയാണ് സാധാരണക്കാരുടെ വയറ്റത്ത് സർക്കാർ അടിച്ചിരിക്കുന്നത്. വില കൂട്ടിയെങ്കിലും ഒരു ലീറ്റർ, അര ലീറ്റർ പാക്കറ്റുകളിൽ 50 മില്ലി ലീറ്റർ പാൽ കൂടി നൽകും. അതായത്, 1000 മില്ലിലീറ്റർ പാക്കറ്റിൽ 1050 മില്ലിയും 500 മില്ലിലീറ്റർ പാക്കറ്റിൽ 550 മില്ലിയും ലഭിക്കും. തൈരിനും മറ്റു പാൽ ഉൽപന്നങ്ങൾക്കും പഴയ വില തുടരും.
കഴിഞ്ഞ വർഷം ജൂലൈയിൽ പാൽ വില ലീറ്ററിന് 3 രൂപ വരെ വർധിപ്പിച്ചിരുന്നു. ദക്ഷിണേന്ത്യയിൽ പാലിനു കുറഞ്ഞ വില ഈടാക്കുന്നത് കർണാടക മിൽക് ഫെഡറേഷനാണ്. 14 ക്ഷീര സഹകരണ സംഘങ്ങളിലെ 27 ലക്ഷം കർഷകർക്കു വിലവർധനയുടെ ആനുകൂല്യം ലഭിക്കും. സംസ്ഥാനത്ത് പാൽ ഉൽപാദനം 15 ശതമാനം വരെ വർധിച്ചതായും പ്രതിദിന ഉൽപാദനം ഒരു കോടി ലീറ്ററിന് അടുത്തെത്തിയതായും ഫെഡറേഷൻ അറിയിച്ചു.
ലോകസഭ തിരഞ്ഞെടുപ്പിന് പിന്നാലെ കർണാടകയിൽ സംസ്ഥാന സർക്കാർ ഇന്ധനവില കൂട്ടിയിരുന്നു. പെട്രോളിന്റെയും ഡീസലിന്റെയും വിൽപ്പന നികുതി കൂട്ടാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചത്. പെട്രോളിന് 3.92 ശതമാനവും, ഡീസലിന് 4.1 ശതമാനവുമാണ് നികുതി വർധിപ്പിച്ചത്.