/kalakaumudi/media/media_files/2024/12/17/QVdPNP0M5PwpPJBCIPKK.jpg)
'ഒരു രാജ്യം, ഒറ്റത്തിരഞ്ഞെടുപ്പ്' ബില്‍ അവതരിപ്പിച്ച ദിവസം ലോക്‌സഭയില്‍ ഹാജരാകാതിരുന്നവരില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, ജ്യോതിരാദിത്യ സിന്ധ്യ, ഗിരിരാജ് സിങ് തുടങ്ങിയ പ്രമുഖരും. ഹാജരാകാതിരുന്ന 20 പാര്‍ട്ടി എംപിമാര്‍ക്ക് ബിജെപി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ച ആണ് കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ മേഘ്വാള്‍ ലോക്‌സഭയില്‍ ഇതുസംബന്ധിച്ച ബില്‍ അവതരിപ്പിച്ചത്.
ലോക്‌സഭാ തിരഞ്ഞെടുപ്പും സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്തുന്നതിനുള്ള ഭരണഘടനാ ഭേദഗതി വരുത്തുന്നതിനാണ് ബില്ലുകള്‍. കനത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടയിലാണ് സര്‍ക്കാര്‍ 'ഒരു രാജ്യം, ഒറ്റത്തിരഞ്ഞെടുപ്പ്' ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. എന്നാല്‍ 20 അംഗങ്ങള്‍ ഹാജരാകാതിരുന്നത് വലിയ തിരിച്ചടിയായി. ജോലി സംബന്ധമായും വ്യക്തിപരമായ കാരണങ്ങളുംകൊണ്ട് വരാന്‍ സാധിക്കില്ല എന്ന് മുന്‍കൂട്ടി അറിയിച്ചവരും ഇക്കൂട്ടത്തിലുണ്ട്.
ബില്‍ അവതരണത്തിന്, പ്രതിപക്ഷം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് നടന്ന വോട്ടെടുപ്പില്‍ വിപ്പുണ്ടായിട്ടും ലോക്‌സഭയിലെ 20 ബി.ജെ.പി. അംഗങ്ങള്‍ ഹാജരായിരുന്നില്ല. സഖ്യകക്ഷികളില്‍നിന്ന് നാലുപേരും എത്തിയില്ല. ബി.ജെ.പി.യുടെ 240 അംഗങ്ങളും സഖ്യകക്ഷികളുടെ പ്രാതിനിധ്യവും അടക്കം 293 പേരുടെ അംഗബലമാണുള്ളത്. 269 പേര്‍ അനുകൂലമായി വോട്ടുചെയ്തു. 198 പേര്‍ എതിര്‍ത്തു. വോട്ടെടുപ്പിലൂടെയാണ് അവതരണത്തിന് അനുമതിനല്‍കിയത്.
ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് (ജെ.പി.സി.) വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുന്നതായും മന്ത്രി അറിയിച്ചിരുന്നു. പരിശോധനാ പാനലില്‍ ലോക്‌സഭയില്‍ നിന്ന് 21 പേരും രാജ്യസഭയില്‍ നിന്ന് 10 പേരും അടങ്ങുന്ന 31 അംഗങ്ങളാണ് ഉണ്ടാവുക. ഇതിന് ബുധനാഴ്ച സഭയില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായി. അതേസമയം, ബില്ല് ഏകാധിപത്യപരമാണ് എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍.