ഒറ്റ തവണ പിന്തുടര്‍ന്നാല്‍ 'സ്‌റ്റോക്കിങ്' ആകില്ല: ബോംബെ ഹൈക്കോടതി

ആവര്‍ത്തിച്ച് പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയാല്‍ മാത്രമേ ഐ.പി.സി. 354(ഡി) പ്രകാരമുള്ള കുറ്റകൃത്യമാകൂ എന്നും ബോംബെ ഹൈക്കോടതി വ്യക്തമാക്കി.

author-image
Prana
New Update
bombay highcourt

ഒരൊറ്റ തവണ മാത്രം പെണ്‍കുട്ടിയെ പിന്തുടര്‍ന്നത് ഐ.പി.സി. 354ഡി (സ്‌റ്റോക്കിങ്) പ്രകാരം കുറ്റകൃത്യമാകില്ലെന്ന് ബോംബെ ഹൈക്കോടതി. ആവര്‍ത്തിച്ച് പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയാല്‍ മാത്രമേ ഐ.പി.സി. 354(ഡി) പ്രകാരമുള്ള കുറ്റകൃത്യമാകൂ എന്നും ബോംബെ ഹൈക്കോടതി വ്യക്തമാക്കി. 14കാരിക്കെതിരായ ലൈംഗികാതിക്രമക്കേസിലാണ് ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ചിലെ ജസ്റ്റിസ് ഗോവിന്ദ് സനാപ് ഇക്കാര്യം വ്യക്തമാക്കിയത്.
കേസില്‍ ഒന്നാംപ്രതിയായ 19കാരനെയും രണ്ടാംപ്രതിയായ ഇയാളുടെ സുഹൃത്തിനെയും വിവിധ വകുപ്പുകള്‍ പ്രകാരം വിചാരണകോടതി നേരത്തെ ശിക്ഷിച്ചിരുന്നു. ഇതിനെതിരേ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ഒരു പെണ്‍കുട്ടിയെ ഒരിക്കല്‍ മാത്രം പിന്തുടര്‍ന്ന സംഭവം ഐ.പി.സി.യില്‍ നിര്‍വചിക്കുന്ന 'സ്‌റ്റോക്കിങ് (ഒരു വ്യക്തിയെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തല്‍) ആയി കണക്കാക്കാനാകില്ല. ഐ.പി.സി. പ്രകാരം ഇത്തരത്തിലുള്ള കുറ്റകൃത്യം സ്ഥാപിക്കാനായി ആവര്‍ത്തിച്ച് പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയതിനോ സ്ഥിരമായി അങ്ങനെ ചെയ്തതിനോ തെളിവുകള്‍ ആവശ്യമാണെന്നും കോടതി പറഞ്ഞു.
2020ലായിരുന്നു കേസിനാസ്പദമായ സംഭവം. ഒന്നാംപ്രതിയായ 19കാരന്‍ പെണ്‍കുട്ടിയെ പിന്തുടരുകയും വിവാഹാഭ്യര്‍ഥന നടത്തുകയുംചെയ്തിരുന്നു. എന്നാല്‍, പെണ്‍കുട്ടി ഇത് നിരസിക്കുകയും പെണ്‍കുട്ടിയുടെ അമ്മ ഇക്കാര്യം പ്രതിയുടെ വീട്ടുകാരെ അറിയിക്കുകയും ചെയ്തു. പക്ഷേ, ഇതിനുശേഷവും പ്രതി ഉപദ്രവം തുടര്‍ന്നു.
2020 ഓഗസ്റ്റ് 26ാം തീയതി പ്രതി വീട്ടില്‍ അതിക്രമിച്ചുകയറി പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചു. 14കാരിയുടെ വായ് പൊത്തിപ്പിടിച്ചും ശരീരത്തില്‍ മോശമായി സ്പര്‍ശിച്ചുമാണ് പ്രതി അതിക്രമം കാട്ടിയത്. ഈ സമയം കേസിലെ രണ്ടാംപ്രതിയായ സുഹൃത്ത് പെണ്‍കുട്ടിയുടെ വീടിന് പുറത്ത് നില്‍ക്കുകയായിരുന്നു.
സംഭവത്തില്‍ പ്രതികളായ രണ്ടുപേരെയും പോക്‌സോ നിയമത്തിലെയും ഐ.പി.സി.യിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് വിചാരണ കോടതി ശിക്ഷിച്ചത്. ലൈംഗികാതിക്രമം, വീട്ടില്‍ അതിക്രമിച്ചുകയറല്‍, പിന്തുടര്‍ന്ന് ശല്യപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരുന്നത്. ഇതിനെതിരേ പ്രതികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സുപ്രധാന നിരീക്ഷണം നടത്തിയത്.
ഐ.പി.സി. 354 ഡി പ്രകാരമുള്ള കുറ്റകൃത്യം സ്ഥാപിക്കുന്നതിന് പെണ്‍കുട്ടിയെ നിരന്തരം പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയതിന് തെളിവുകള്‍ വേണമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ആവര്‍ത്തിച്ച് പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയതിനോ കാണാന്‍ശ്രമിച്ചതിനോ, അല്ലെങ്കില്‍ നേരിട്ടോ ഡിജിറ്റല്‍ മാര്‍ഗത്തിലൂടെയോ പെണ്‍കുട്ടിയെ നിരന്തരം ശല്യപ്പെടുത്തിയതിനോ തെളിവുകള്‍ വേണം. എന്നാല്‍, കേസില്‍ പെണ്‍കുട്ടി നദിയിലേക്ക് പോയപ്പോള്‍ പിന്തുടര്‍ന്നതിന് മാത്രമാണ് പ്രതികള്‍ക്കെതിരേ ഐ.പി.സി. 354 ഡി പ്രകാരം കുറ്റം ചുമത്തിയിരിക്കുന്നതെന്നും കോടതി വ്യക്തമാക്കി.
അതേസമയം, ഐ.പി.സി. 354(എ) പ്രകാരവും പോക്‌സോ നിയമത്തിലെ വകുപ്പുകള്‍ പ്രകാരവും ലൈംഗികാതിക്രമത്തിന് ഒന്നാംപ്രതിയെ ശിക്ഷിച്ചത് ഹൈക്കോടതി ശരിവെച്ചു. എന്നാല്‍, കേസിലെ രണ്ടാംപ്രതിയെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. ഇയാള്‍ ഒന്നാംപ്രതിക്കൊപ്പം നദിയുടെ സമീപത്തേക്കും പെണ്‍കുട്ടിയുടെ വീട്ടിലേക്കും പോയതല്ലാതെ നേരിട്ട് കുറ്റകൃത്യത്തില്‍ പങ്കാളിയായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസില്‍നിന്ന് കുറ്റവിമുക്തനാക്കിയത്.

 

bombay high court stalking