SIR കരട് വോട്ടർ പട്ടിക: പ്രവാസികൾക്ക് ഫോം 6A സമർപ്പിക്കാൻ കഴിയാതെ തടസ്സം — Geofencing മൂലം ഇലക്ഷൻ കമ്മീഷൻ വെബ്സൈറ്റ് ബ്ലോക്ക്

ഇന്നലെ SIR കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതിനെ തുടർന്ന് ലിസ്റ്റിൽ പേരില്ലാത്ത പ്രവാസികൾ ഫോം 6A ഓൺലൈനായി സമർപ്പിക്കണമെന്ന് ഇലക്ഷൻ കമ്മീഷൻ തന്നെ നിർദേശിച്ചിരുന്നു.

author-image
Ashraf Kalathode
New Update
SIR

ഇന്നലെ SIR കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതിനെ തുടർന്ന് ലിസ്റ്റിൽ പേരില്ലാത്ത പ്രവാസികൾ ഫോം 6A ഓൺലൈനായി സമർപ്പിക്കണമെന്ന് ഇലക്ഷൻ കമ്മീഷൻ തന്നെ നിർദേശിച്ചിരുന്നു. എന്നാൽ ഇന്ത്യയ്ക്ക് പുറത്തുനിന്നുള്ള ഉപയോക്താക്കൾക്ക് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് Geofencing വഴി ബ്ലോക്ക് ചെയ്തിരിക്കുന്നതോടെ ആയിരക്കണക്കിന് പ്രവാസികൾ കടുത്ത പ്രതിസന്ധിയിലാണ്.

ഫോം 6A സമർപ്പിക്കൽ സമയപരിധി നിർണായകമായ ഈ ഘട്ടത്തിൽ വെബ്സൈറ്റിലേക്ക് പ്രവേശിക്കാനാകാത്തത് പ്രവാസികളുടെ വോട്ടവകാശത്തെ തന്നെ ബാധിക്കുന്ന സാഹചര്യമാണുണ്ടാക്കുന്നത്. വിഷയത്തിൽ ഇലക്ഷൻ കമ്മീഷന് കത്തയച്ചപ്പോൾ ഇത് സാങ്കേതിക പ്രശ്നമാണെന്നും ഉടൻ പരിഹരിക്കുമെന്നുമുള്ള മറുപടിയാണ് പലർക്കും ലഭിച്ചത്. എന്നാൽ പരിഹാരം വൈകുന്നതോടെ നിരവധി പേർ ഇപ്പോഴും അപേക്ഷ സമർപ്പിക്കാൻ കഴിയാതെ കാത്തിരിക്കുകയാണ്.

അതുപോലെ മുൻപ് ഫോം 6A സമർപ്പിച്ചിട്ടുള്ളവർക്കു ഇത് വരെയും പ്രതികരണം ലഭിച്ചിട്ടില്ലെന്നും പരാതികളുണ്ട്.

പ്രവാസികളുടെ വോട്ടവകാശം ഉറപ്പാക്കേണ്ട ഭരണഘടനാപരമായ ഉത്തരവാദിത്വമാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത് എന്ന ആരോപണവും ശക്തമാണ്. ഈ സാഹചര്യത്തിൽ പ്രവാസി സംഘടനകൾ, മാധ്യമങ്ങൾ, രാഷ്ട്രീയ പാർട്ടികൾ എന്നിവയുടെ അടിയന്തര ഇടപെടൽ അനിവാര്യമാണെന്ന് പൊതുജനാഭിപ്രായം ഉയരുന്നു. പ്രശ്നം ഉടൻ പരിഹരിച്ചില്ലെങ്കിൽ പ്രവാസി വോട്ടർമാരുടെ വലിയൊരു വിഭാഗം തെരഞ്ഞെടുപ്പ് പ്രക്രിയയിൽ നിന്ന് പുറന്തള്ളപ്പെടുമെന്ന ആശങ്കയും നിലനിൽക്കുന്നു.

election voter list