എസ്ഐആര്‍ ജോലി സമ്മര്‍ദം; രാജസ്ഥാനിലും ബിഎല്‍ഒ ജീവനൊടുക്കി

എസ്ഐആര്‍ ജോലികള്‍ കാരണം താന്‍ സമ്മര്‍ദ്ദത്തിലാണെന്നും സൂപ്പര്‍വൈസര്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും സസ്പെന്‍ഷന്‍ ഭീഷണി ഉണ്ടെന്നും ആത്മഹത്യ കുറിപ്പില്‍ പറയുന്നു

author-image
Biju
New Update
blo ra

ജയ്പൂര്‍: രാജസ്ഥാനില്‍ ബിഎല്‍ഒ ആയി ജോലി ചെയ്യുന്ന അധ്യാപകന്‍ ആത്മഹത്യ ചെയ്തു. ജയ്പൂരിലെ ഗവണ്‍മെന്റ് പ്രൈമറി സ്‌കൂള്‍ അധ്യാപകനായ മുകേഷ് ജാന്‍?ഗിഡ് ആണ് കടുത്ത ജോലി സമ്മര്‍ദമുണ്ടെന്ന് ആത്മഹത്യാക്കുറിപ്പെഴുതി വച്ച് ട്രെയിനിന് മുന്നില്‍ ചാടി മരിച്ചത്.

എസ്ഐആര്‍ ജോലികള്‍ കാരണം താന്‍ സമ്മര്‍ദ്ദത്തിലാണെന്നും സൂപ്പര്‍വൈസര്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും സസ്പെന്‍ഷന്‍ ഭീഷണി ഉണ്ടെന്നും ആത്മഹത്യ കുറിപ്പില്‍ പറയുന്നു. എസ്ഐആറുമായി ബന്ധപ്പെട്ട് മുകേഷ് ജാന്‍?ഗിഡ് കടുത്ത സമ്മര്‍ദത്തിലായിരുന്നുവെന്ന് കുടുംബവും ആരോപിച്ചു.

എസ്ഐആറിന്റെ സമ്മര്‍ദത്തെ തുടര്‍ന്ന് കണ്ണൂര്‍ ഏറ്റുകുടുക്കയില്‍ ബിഎല്‍ഒയായ അനീഷ് ജോര്‍ജ് ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് രാജസ്ഥാനിലെയും ആത്മഹത്യാ വാര്‍ത്ത പുറത്തുവരുന്നത്. ഇതോടെ വോട്ടര്‍പ്പട്ടിക തീവ്ര പുനഃപരിശോധനയുടെ പേരില്‍ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമീഷന്‍ സമ്മര്‍ദത്തിലാക്കുകയാണെന്ന ആരോപണം ശക്തമായിരിക്കുകയാണ്.

ഇന്നലെ എസ്‌ഐആര്‍ ജോലി സമ്മര്‍ദത്തെ തുടര്‍ന്നാണ് കണ്ണൂര്‍ ഏറ്റുകുടുക്കയില്‍ ബൂത്ത് ലെവല്‍ ഓഫീസറായ അനീഷ് ജോര്‍ജ് ജീവനൊടുക്കിയത്. വീട്ടുകാര്‍ പള്ളിയില്‍ പോയ സമയത്താണ് അനീഷ് ജീവനൊടുക്കിയത്. എസ്ഐആറുമായി ബന്ധപ്പെട്ട ജോലി സമ്മര്‍ദമാണ് മരണത്തിന് കാരണമെന്നാണ് കുടുംബം പറയുന്നത്. ജോലി സമ്മര്‍ദം ഉള്ളകാര്യം അനീഷ് കുടുംബത്തോട് പറഞ്ഞിരുന്നു. എസ്ഐആര്‍ ഫോം വിതരണവുമായി ബന്ധപ്പെട്ട് ചില രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ കൂടെ കൂട്ടിയതുമായി ബന്ധപ്പെട്ടും തര്‍ക്കങ്ങളുണ്ടായിരുന്നു. ഫോം പൂരിപ്പിക്കാന്‍ വൈകിയതുമായി ബന്ധപ്പെട്ടും അനീഷിന് സമ്മര്‍ദമുണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു.