ആറ് കനേഡിയൻ നയതന്ത്ര ഉദ്യോ​ഗസ്ഥരെ പുറത്താക്കി ഇന്ത്യ

ഇന്ത്യൻ ഹൈക്കമ്മീഷണർ ഉൾപ്പടെ ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയ കാനഡയുടെ നടപടിക്ക് പിന്നാലെയാണ് തീരുമാനം.

author-image
anumol ps
New Update
india-canada

ന്യൂഡൽഹി: ഇന്ത്യ-കാനഡ ഉഭയകക്ഷി ബന്ധം ഒരിടവേളയ്ക്ക് ശേഷം വീണ്ടും വഷളാകുന്നു. ആറ് കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കി. ഇന്ത്യൻ ഹൈക്കമ്മീഷണർ ഉൾപ്പടെ ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയ കാനഡയുടെ നടപടിക്ക് പിന്നാലെയാണ് തീരുമാനം. ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമ്മ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചതായി കേന്ദ്ര സർക്കാർ അറിയിച്ചു.

നിലവിലെ കനേഡിയൻ സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടെന്ന് ഇന്ത്യ വ്യക്തമാക്കി. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കാനാണ് അവരെ തിരിച്ചുവിളിക്കുന്നതെന്നും ഇന്ത്യ അറിയിച്ചു. കനേഡിയൻ പ്രതിനിധിയെ വിളിച്ചുവരുത്തിയാണ് വിദേശകാര്യ മന്ത്രാലയം തീരുമാനം അറിയിച്ചത്. ഒക്ടോബർ 20ന് മുമ്പ് രാജ്യം വിടാനാണ് നിർദേശം.

ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള കാനഡയുടെ നിലപാടിൽ പ്രതിഷേധിച്ചാണ് കേന്ദ്രത്തിന്റെ നടപടി. ഹർദീപ് സിങ് നിജ്ജാറിന്റെ മരണവുമായി ബന്ധപ്പെട്ട് ഇന്ത്യൻ ഹൈക്കമ്മീഷണറായ സഞ്ജയ് വർമ്മ അന്വേഷണ പരിധിയിലാണെന്ന് കാനഡ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ രൂക്ഷവിമർശനവുമായി കേന്ദ്രവിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് ഹൈക്കമ്മീഷണർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരെ ഇന്ത്യ തിരിച്ചുവിളിച്ചത്.

ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷ കാനഡ ഉറപ്പാക്കുമെന്ന് കരുതുന്നില്ലെന്ന് വ്യക്തമാക്കിയായിരുന്നു നീക്കം. ട്രൂഡോ സർക്കാരിന്റെ നടപടികൾ അവരുടെ സുരക്ഷയെ അപകടത്തിലാക്കി. ഇക്കാരണത്താൽ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

ട്രൂഡോ സർക്കാരിന്റേത് വോട്ട് ബാങ്ക് രാഷ്ട്രീയമാണ്. ഖലിസ്ഥാൻ അനുകൂല വിഭാഗങ്ങളെ തൃപ്തിപ്പെടുത്തി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണ്. തെളിവുകളില്ലാതെ ഉദ്യോഗസ്ഥരെ അപകീർത്തിപ്പെടുത്തുന്ന നീക്കമാണ് ഉണ്ടായിരിക്കുന്നത്. സ്വന്തം മണ്ണിൽ ഖലിസ്ഥാൻ തീവ്രവാദത്തെ തടയാൻ കാനഡ പരാജയപ്പെട്ടതിനെ ന്യായീകരിക്കാനാണ് ഇത്തരം അംസംബന്ധങ്ങൾ ഉന്നയിക്കുന്നതെന്നും ഇന്ത്യ വിമർശിച്ചിരുന്നു.

കഴിഞ്ഞ വർഷം ജൂണിലാണ് ഹർദീപ് സിങ് നിജ്ജാർ കാനഡയിൽ വെടിയേറ്റ് മരിച്ചത്. ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്ന നിജ്ജാറിനെ ബൈക്കിലെത്തിയ അജ്ഞാതർ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് നേരത്തെയും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപണം ഉന്നയിച്ചിരുന്നു. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നതിനും കാരണമായിരുന്നു.

india canadian diplomats