മൊബൈല്‍ ലൊക്കേഷന്‍ ട്രാക്കിംഗ്, ആശങ്ക അറിയിച്ച് വന്‍കിട കമ്പനികള്‍

മുന്‍നിര സ്മാര്‍ട്‌ഫോണ്‍ നിര്‍മാണ കമ്പനികളുടെ യോഗം കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിളിച്ചിട്ടുണ്ട്. ഇതിന് ശേഷമായിരിക്കും ഈ വിഷയത്തില്‍ കേന്ദ്ര ഐ.ടി/ആഭ്യന്തര മന്ത്രാലയം നയപരമായ തീരുമാനത്തിലെത്തുക

author-image
Rajesh T L
New Update
tracking-app

ന്യൂഡല്‍ഹി: സ്മാര്‍ട് ഫോണുകളില്‍ ലൊക്കേഷന്‍ ട്രാക്കിങ് നിര്‍ബന്ധമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ കമ്പനികള്‍. ഗൂഗിള്‍, ആപ്പിള്‍, സാംസങ് എന്നീ കമ്പനികളാണ്  സ്വകാര്യത ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്. ഡിവൈസ് ലൊക്കേഷന്‍ ട്രാക്കിങ് ലോകത്തൊരിടത്തും നിര്‍ബന്ധിതമാക്കിയിട്ടില്ലെന്നാണ് ആപ്പിള്‍, ഗൂഗിള്‍ കമ്പനികളെ പ്രതിനിധീകരിക്കുന്ന സെല്ലുലാര്‍ & ഇലക്ട്രോണിക്‌സ് അസോസിയേഷന്‍ ഒഫ് ഇന്ത്യ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചത്. 

സൈബര്‍ സെക്യൂരിറ്റി ആപ്ലിക്കേഷനായ സഞ്ചാര്‍ സാഥി, മൊബൈല്‍ ഫോണുകളില്‍ നിര്‍ബന്ധമാക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറിയിരുന്നു. സ്വകാര്യതയെ കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ന്നതോടെയാണ് കേന്ദ്ര സര്‍ക്കാരിന്റെ പിന്‍മാറ്റം. 

അന്വേഷണ ഏജന്‍സികള്‍ക്ക് മൊബൈല്‍ ഫോണ്‍, ലൊക്കേഷന്‍ സംബന്ധമായ തെളിവുകള്‍ തുടങ്ങിയവ ടെലികോം കമ്പനികളോട് ആവശ്യപ്പെട്ടാല്‍ പലപ്പോഴും അത് ലഭ്യമാകാത്ത സാഹചര്യമുണ്ട്. നിലവിലെ സംവിധാനങ്ങളില്‍ സെല്ലുലാര്‍ ടവര്‍ ഡാറ്റ ഉപയോഗിക്കാന്‍ ടെലികോം കമ്പനികള്‍ക്ക് പരിമിതികളുണ്ട്. അതിനാല്‍, അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെട്ടാല്‍ ഏകദേശം ഒരു ഏരിയ ലൊക്കേഷന്‍ നല്‍കാന്‍ മാത്രമേ കഴിയൂ. അതിനാലാണ് ലൊക്കേഷന്‍ ട്രാക്കിങ് നിര്‍ബന്ധമാക്കുന്നതെന്നാണ് വിശദീകരണം.

ജിപിഎസ് സാങ്കേതിക വിദ്യ സ്മാര്‍ട് ഫോണുകളില്‍ ആക്ടിവേറ്റ് ചെയ്യുകയാണ് ഇതിനൊരു പരിഹാരം. മൊബൈലുകളില്‍ ഇത് നിര്‍ബന്ധമാക്കുന്ന നിയമം കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വരണമെന്ന് റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍ തുടങ്ങിയ കമ്പനികള്‍ നിര്‍ദ്ദേശം മുന്നോട്ടുവച്ചു. ഇവ ഡിസേബിള്‍ ചെയ്യാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കുകയുമില്ല. 

അതിനിടെ, മുന്‍നിര സ്മാര്‍ട്‌ഫോണ്‍ നിര്‍മാണ കമ്പനികളുടെ യോഗം കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിളിച്ചിട്ടുണ്ട്. ഇതിന് ശേഷമായിരിക്കും ഈ വിഷയത്തില്‍ കേന്ദ്ര ഐ.ടി/ആഭ്യന്തര മന്ത്രാലയം നയപരമായ തീരുമാനത്തിലെത്തുക.

india mobile phone technology