കടംവീട്ടാന്‍ കുഞ്ഞിനെ വിറ്റു; മാതാവ് ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍

ബംഗളൂരുവിലെ രാമനഗരയിലാണ് സംഭവം. കുട്ടിയെ വില്‍ക്കാന്‍ സഹായിച്ച രണ്ടുപേരെയും കുട്ടിയെ വാങ്ങിയ ആളെയും പോലീസ് അറസ്റ്റ് ചെയ്തു. 30 ദിവസം പ്രായമായ ആണ്‍കുട്ടിയെയാണു വില്‍ക്കാന്‍ ശ്രമിച്ചത്.

author-image
Prana
New Update
baby foot

ഭര്‍ത്താവിന്റെ ബാങ്ക് വായ്പകള്‍ അടച്ചുതീര്‍ക്കാന്‍ നവജാതശിശുവിനെ ഒന്നരലക്ഷം രൂപയ്ക്ക് വിറ്റ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവിലെ രാമനഗരയിലാണ് സംഭവം. കുട്ടിയെ വില്‍ക്കാന്‍ സഹായിച്ച രണ്ടുപേരെയും കുട്ടിയെ വാങ്ങിയ ആളെയും പോലീസ് അറസ്റ്റ് ചെയ്തു. 30 ദിവസം പ്രായമായ ആണ്‍കുട്ടിയെയാണു വില്‍ക്കാന്‍ ശ്രമിച്ചത്. കുഞ്ഞിനെ രക്ഷപ്പെടുത്തി മാണ്ഡ്യയിലെ ചൈല്‍ഡ് വെല്‍ഫെയര്‍ ഹോമിലേക്കു മാറ്റി.
ഡിസംബര്‍ ഏഴിന് യുവതിയുടെ ഭര്‍ത്താവാണു കുഞ്ഞിനെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി പോലീസില്‍ പരാതി നല്‍കിയത്. തന്റെ ഭാര്യക്കും ഇതില്‍ പങ്കുള്ളതായി സംശയമുണ്ടെന്നും യുവാവ് പോലീസില്‍ അറിയിച്ചു. ദിവസ വേതനത്തിന് ജോലി ചെയ്യുന്നവരാണ് ദമ്പതികള്‍. മൂന്ന് ലക്ഷം രൂപയുടെ കടബാധ്യതയും ജീവിതച്ചെലവുകളും തള്ളിനീക്കുന്നതില്‍ പ്രയാസം നേരിട്ടതോടെ നവജാതശിശുവിനെ വില്‍ക്കാമെന്ന് യുവതി ഭര്‍ത്താവിനോട് പറയുകയായിരുന്നു. എന്നാല്‍ ഭര്‍ത്താവ് യുവതിയെ പിന്തിരിപ്പിച്ചു.
കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം യുവാവ് ജോലിക്കു ശേഷം വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ കുഞ്ഞിനെ വീട്ടില്‍ കണ്ടില്ല. സുഖമില്ലാത്തതിനാല്‍ ഡോക്ടറിനെ കാണിക്കുന്നതിനായി ബന്ധുവിനൊപ്പം കുഞ്ഞിനെ കൊടുത്തുവിട്ടതായി യുവതി പറഞ്ഞു. പിറ്റേന്ന് രാവിലെ ജോലിക്ക് പോയി മടങ്ങിയെത്തിയപ്പോഴും കുഞ്ഞിനെ വീട്ടില്‍ കണ്ടില്ല. തലേദിവസം പറഞ്ഞ കാര്യങ്ങള്‍ വീണ്ടും ആവര്‍ത്തിച്ചതോടെ സംശയം തോന്നിയ യുവാവ് പിറ്റേന്ന് രാവിലെ പോലീസില്‍ നല്‍കുകയായിരുന്നു.
വനിത പോലീസ് യുവതിയെ വീട്ടിലെത്തി ചോദ്യം ചെയ്തപ്പോഴും കുട്ടി ബന്ധുവിനൊപ്പമാണെന്നായിരുന്നു യുവതിയുടെ മറുപടി. കൂടുതല്‍ ചോദ്യം ചെയ്യലിനൊടുവിലാണ് കുഞ്ഞിനെ ബെം?ഗളൂരുവിലെ യുവതിക്ക് ഒന്നരലക്ഷം രൂപയ്ക്ക് വിറ്റുവെന്ന് മൊഴി നല്‍കിയത്. ഉടനെ പോലീസ് ബെം?ഗളൂരുവിലെത്തി കുഞ്ഞിനെ രക്ഷപ്പെടുത്തി. കുട്ടിയുടെ അമ്മയെയും കുഞ്ഞിനെ വാങ്ങിയ യുവതിയെയും രണ്ടു സഹായികളെയും പോലീസ് അറസ്റ്റ് ചെയ്തു.

 

sold mother baby boy debt Arrest