/kalakaumudi/media/media_files/2025/08/13/bara-2025-08-13-17-34-38.jpg)
ശ്രീനഗര്‍: ജമ്മുകശ്മീരിലെ ബാരാമുള്ളയില്‍ നുഴഞ്ഞുകയറ്റം തടയാന്‍ ശ്രമിക്കുന്നതിനിടെയില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. ശിപായ് ബനോത് അനില്‍കുമാര്‍ ആണ് നുഴഞ്ഞുക്കയറ്റ ശ്രമം തടയുന്നതിനിടെ വീരമൃത്യു വരിച്ച ഒരു ജവാന്‍. രണ്ടാമത്തെ ജവാന്റെ പേര് സൈന്യം പുറത്തുവിട്ടിട്ടില്ല. മറ്റ് രണ്ട് സൈനികര്‍ക്ക് പരുക്കേറ്റതായാണ് വിവരം.
ഇന്നലെ രാത്രി ആരംഭിച്ച ആക്രമണം പുലര്‍ച്ചെവരെ നീണ്ടുനിന്നിരുന്നു. നിയന്ത്രണരേഖയോട് ചേര്‍ന്ന ബാരാമുല്ലയിലെ ഉറി സെക്ടറിലാണ് നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായത്. സൈന്യത്തിന്റെ ശ്രദ്ധതിരിക്കാന്‍ പാക്കിസ്ഥാന്റെ ബോര്‍ഡര്‍ ആക്ഷന്‍ ടീം ഉറിയിലെ ഫോര്‍വേഡ് പോസ്റ്റിനു നേര്‍ക്ക് തുടര്‍ച്ചയായി നിറയൊഴിക്കുകയായിരുന്നു.
'ഓപ്പറേഷന്‍ അഖാല്‍' എന്ന പേരില്‍ ദക്ഷിണ കശ്മീരില്‍ ഭീകരവാദികളെ കണ്ടെത്താനുള്ള സൈനിക നടപടി തുടരുന്നതിനിടെയാണ് വീണ്ടും നുഴഞ്ഞുകയറ്റശ്രമം ഉണ്ടായത്. ഓപ്പറേഷന്‍ അഖാലിന്റെ ഭാഗമായി അഞ്ച് ഭീകരവാദികളെ സുരക്ഷാസേന വധിച്ചിരുന്നു. ഓഗസ്റ്റ് ഒന്നിന് ആരംഭിച്ച ദൗത്യം കഴിഞ്ഞ 13 ദിവസമായി തുടരുകയാണ്.