പ്രതിഷേധങ്ങളില്‍ പങ്കെടുക്കാതെ എഎപി എം.പിമാര്‍; ചര്‍ച്ച ചെയ്യുമെന്ന് സഞ്ജയ് സിംഗ് എം.പി

10 രാജ്യ സഭാംഗങ്ങളില്‍ അടുത്തിടെ ജയില്‍മോചിതനായ സഞ്ജയ് സിംഗ്, എന്‍.ഡി. ഗുപ്ത, സന്ദീപ് പഥക്  എന്നീ മൂന്ന് എം.പിമാരാണ് സജീവമായി സമരരംഗത്തുള്ളത്

author-image
Rajesh T L
New Update
aap
Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡല്‍ഹി: എഎപി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ മാര്‍ച്ച് 21 ന് ഇഡി അറസ്റ്റ് ചെയ്തത് മുതല്‍ ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധ പരിപാടികളില്‍ പാര്‍ട്ടിയുടെ രാജ്യസഭ എം.പിമാരെ ആരെയും കാണാത്തതില്‍ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം. 10 രാജ്യ സഭാംഗങ്ങളില്‍ അടുത്തിടെ ജയില്‍മോചിതനായ സഞ്ജയ് സിംഗ്, എന്‍.ഡി. ഗുപ്ത, സന്ദീപ് പഥക്  എന്നീ മൂന്ന് എം.പിമാരാണ് സജീവമായി സമരരംഗത്തുള്ളത്. ശക്തമായ സമരപരിപാടികളിലും എം.പിമാരെ കാണാന്‍ പോലും കിട്ടാനില്ലെന്ന് പാര്‍ട്ടി നേതാക്കള്‍ ആരോപിക്കുന്നു. പാര്‍ട്ടിയുടെ ഏക ലോകസഭാംഗമായിരുന്ന സുശീര്‍ കുമാര്‍ റിങ്കു അടുത്തിടെ ബിജെപിയില്‍ ചേര്‍ന്നിരുന്നു.

പാര്‍ട്ടി ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോള്‍ എം.പിമാര്‍ അത് ഗൗനിക്കാതെ മൗനം തുടരുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അക്കാര്യം പാര്‍ട്ടി വേദിയില്‍ ചര്‍ച്ച ചെയ്യുമെന്നായിരുന്നു സഞ്ജയ് സിംഗിന്റെ പ്രതികരണം. കെജ്രിവാളിന് വേണ്ടി ഇന്ത്യ മുന്നണി നേതാക്കള്‍ പോലും സജീവമായി രംഗത്തിറങ്ങുമ്പോള്‍ സ്വന്തം പാര്‍ട്ടി എം.പിമാര്‍ സമരരംഗത്ത് നിന്ന് മാറി നില്‍ക്കുന്നത് പാര്‍ട്ടിയില്‍ കടുത്ത ആശയക്കുഴപ്പത്തിന് കാരണമായിട്ടുണ്ട്.

പാര്‍ട്ടിയില്‍ വളരെ സജീവമായിരുന്ന രാഘവ് ഛദ്ദ, സ്വാതി മലിവാല്‍, ഹര്‍ഭജന്‍ സിംഗ്, അശോക് കുമാര്‍ മിത്തല്‍, സഞ്ജീവ് അറോറ, ബല്‍ബീര്‍ സിംഗ് സീച്ചേവാള്‍, വിക്രംജിത് സാഹ്നി എന്നിവര്‍ ഇതുവരെയും പ്രതിഷേധങ്ങളില്‍ പങ്കെടുക്കാതെ മാറിനില്‍ക്കുകയാണ്. ഇവരില്‍ പലരും വിദേശരാജ്യങ്ങളിലടക്കം പല തിരക്കുകളിലാണെന്നാണ് അവരുമായി ബന്ധപ്പെട്ടവരുടെ വിശദീകരണം. 

 

 

india delhi politics aam admi party