അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു, രക്ഷിത് ഷെട്ടി 20 ലക്ഷം നഷ്ടപരിഹാരം നല്‍കണം

നിലവില്‍ എംആര്‍ടി മ്യൂസിക്കിന് പകര്‍പ്പവകാശമുള്ള ഗാനങ്ങള്‍ ബാച്ചിലര്‍ പാര്‍ട്ടിക്ക് വേണ്ടി അനുവാദമില്ലാതെ ഉപയോഗിച്ചുവെന്നതാണ് താരത്തിനു എതിരെയുള്ള കേസ്.

author-image
Prana
New Update
rakshit shetty
Listen to this article
0.75x 1x 1.5x
00:00 / 00:00

അനുമതിയില്ലാതെ ചിത്രത്തില്‍ ഗാനം ഉപയോഗിച്ചതിന് പരംവാ സ്റ്റുഡിയോ ഉടമയും നടനുമായ രക്ഷിത് ഷെട്ടിക്ക് 20 ലക്ഷം രൂപ പിഴ വിധിച്ച് ഡല്‍ഹി ഹൈക്കോടതി. രക്ഷിത് ഷെട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ 'ബാച്ചിലര്‍ പാര്‍ട്ടി'യിലാണ് അനുമതിയില്ലാതെ ഗാനങ്ങള്‍ ഉപയോഗിച്ചത്. നിലവില്‍ എംആര്‍ടി മ്യൂസിക്കിന് പകര്‍പ്പവകാശമുള്ള ഗാനങ്ങള്‍ ബാച്ചിലര്‍ പാര്‍ട്ടിക്ക് വേണ്ടി അനുവാദമില്ലാതെ ഉപയോഗിച്ചുവെന്നതാണ് താരത്തിനു എതിരെയുള്ള കേസ്.

'ന്യായ എല്ലിഡെ' (1982), 'ഗാലി മാതു' (1981) എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ രക്ഷിത് ഷെട്ടിയും അദ്ദേഹത്തിന്റെ ബാനറായ പരംവാ സ്റ്റുഡിയോയും അനുമതിയില്ലാതെ ഉപയോഗിച്ചുവെന്ന് എംആര്‍ടി മ്യൂസിക്കിന്റെ പങ്കാളികളിലൊരാളായ നവീന്‍ കുമാര്‍ പരാതിപ്പെട്ടിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ ബാച്ചിലര്‍ പാര്‍ട്ടിക്ക് വേണ്ടി ഗാനങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി തേടി നടന്‍ എംആര്‍ടി കമ്പനിയെ സമീപിച്ചെങ്കിലും അനുമതി നല്‍കിയില്ലെന്ന് നവീന്‍ തന്റെ പരാതിയില്‍ പറയുന്നു. പകര്‍പ്പവകാശ ലംഘനത്തിനുള്ള നഷ്ടപരിഹാര തുകയായിട്ടാണ് 20 ലക്ഷം രൂപ നല്‍കാന്‍ ഡല്‍ഹി ഹൈക്കോടതി നടനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ചിത്രത്തില്‍ സെക്കന്‍ഡുകള്‍ മാത്രം കടന്നു പോകുന്ന സംഗീത ശകലം ഉപയോഗിക്കാന്‍ എംആര്‍ടി മ്യൂസിക് യുക്തിരഹിതമായ തുക ആവശ്യപ്പെട്ടെന്ന് നേരത്തെ നടന്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചിരുന്നു. എന്നാല്‍, കോടതിയില്‍ ഹാജരാകാത്തതിനാല്‍ രക്ഷിത് ഷെട്ടിക്കും പരംവ സ്റ്റുഡിയോയ്ക്കും ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചു. സോഷ്യല്‍ മീഡിയയില്‍ നടന്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ഉടന്‍ പിന്‍വലിക്കാനും നടനോട് കോടതി നിര്‍ദേശിച്ചു.

Rakshit Shetty copy right