/kalakaumudi/media/media_files/2025/02/03/d9IcSxlFwINLe745zeml.jpg)
sonia gandhi
ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപദി മുര്‍മു പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തെക്കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ സോണിയ ഗാന്ധിക്കെതിരെ അവകാശലംഘന നോട്ടിസുമായി ബിജെപി. രാഷ്ട്രപതിയെ 'പാവം സ്ത്രീ' എന്നു വിളിച്ചതിനെതിരെയാണ് ബിജെപി രാജ്യസഭ അധ്യക്ഷന് പരാതി നല്‍കിയത്.
സോണിയയുടെ വാക്കുകള്‍ രാഷ്ട്രപതിയെ ആക്ഷേപിക്കുന്നതും അപകീര്‍ത്തിപ്പെടുത്തുന്നതും രാജ്യത്തിന്റെ അത്യുന്നത പദവിയുടെ മഹിമ ഇടിച്ചുതാഴ്ത്തുന്നതുമാണെന്ന് എംപിമാര്‍ നോട്ടിസില്‍ ആരോപിക്കുന്നു. സോണിയയ്‌ക്കെതിരെ അച്ചടക്ക നടപടിയെടുക്കണമെന്നും രാജ്യസഭ അധ്യക്ഷന്‍ ജഗ്ദീപ് ധന്‍കറിന് അയച്ച കത്തില്‍ ബിജെപി എംപിമാര്‍ ആവശ്യപ്പെട്ടു.
'ഇത്തരം പരാമര്‍ശങ്ങള്‍ രാഷ്ട്രപതിയുടെ പദവിയെ അവഹേളിക്കുന്നത് മാത്രമല്ല, പാര്‍ലമെന്റ് ചട്ടങ്ങളുടെ പവിത്രത ലംഘിക്കുക കൂടിയാണ്. പാര്‍ലമെന്ററി പദവിയുടെ സവിശേഷ അധികാരം ദുര്‍വിനിയോഗം ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
മറ്റ് അംഗങ്ങള്‍ക്കെതിരെ മോശമായ പരാമര്‍ശം നടത്തരുതെന്നാണ് പാര്‍ലമെന്റ് ചട്ടങ്ങളില്‍ പറയുന്നത്. സോണിയയുടെ പരാമര്‍ശം രാഷ്ട്രപതിക്കെതിരെയാണ്, അതും പാര്‍ലമെന്റ് വളപ്പിന് ഉള്ളില്‍ വച്ച്. ആദിവാസി വിഭാഗത്തിന്റെ പ്രതിസന്ധികളെക്കുറിച്ച് ഇനിയും മനസ്സിലാക്കിയിട്ടില്ലാത്ത സോണിയയുടെ ആദിവാസി വിരുദ്ധ മനോഭാവമാണ് ഇതിലൂടെ വ്യക്തമായത്. വിഷയത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് സോണിയയ്‌ക്കെതിരെ അച്ചടക്ക നടപടിയെടുക്കണം'എംപിമാര്‍ കത്തില്‍ പറയുന്നു.
'പ്രസംഗത്തിന്റെ അവസാനം എത്തിയപ്പോഴേക്കും രാഷ്ട്രപതി തളര്‍ന്നു. അവര്‍ക്ക് സംസാരിക്കാന്‍ പോലും കഴിയുന്നുണ്ടായിരുന്നില്ല. പാവം' എന്നായിരുന്നു സോണിയ ഗാന്ധിയുടെ പ്രതികരണം. ഈ പരാമര്‍ശം പിന്നീട് വന്‍ വിവാദമായി. പ്രസംഗം മുഴുവന്‍ വ്യാജ വാഗ്ദാനങ്ങളായിരുന്നുവെന്നും ജനങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് രാഷ്ട്രപതി സംസാരിച്ചില്ലെന്നും സോണിയ ഗാന്ധി പറഞ്ഞിരുന്നു. രാഷ്ട്രപതിയെ സോണിയ അപമാനിച്ചിട്ടില്ലെന്നും ദ്രൗപദി മുര്‍മുവിനോട് തന്റെ മാതാവിന് ബഹുമാനം മാത്രമാണുള്ളതെന്നും വ്യക്തമാക്കി പ്രിയങ്ക ഗാന്ധി സോണിയയ്ക്ക് പ്രതിരോധവുമായി രംഗത്തെത്തുകയും ചെയ്തു.