/kalakaumudi/media/media_files/2025/02/02/kSVety0CSF6FnSpCNorE.jpg)
President Droupathi Murmu and Sonia Gandhi
പട്‌ന: രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെതിരെ മോശം പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരെ ബിഹാറിലെ മുസാഫര്‍പൂര്‍ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു.
രാജ്യത്തെ പ്രഥമ വനിതയെ അനാദരിച്ചുവെന്നാരോപിച്ച് സോണിയ ഗാന്ധിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്. മുസാഫര്‍പൂര്‍ സ്വദേശിയായ അഭിഭാഷകന്‍ സുധീര്‍ ഓജയാണ് പരാതി നല്‍കിയത്. ശനിയാഴ്ചയാണ് രാഷ്ട്രപതിയുടെ പാര്‍ലമെന്റ് അഭിസംബോധനയെ തുടര്‍ന്ന് ദ്രൗപദി മുര്‍മുവിന്റെ പ്രസംഗത്തെ വിമര്‍ശിച്ച് സോണിയ ഗാന്ധി രംഗത്തുവന്നത്.
'പാവം' എന്ന പരാമര്‍ശത്തിലൂടെ സോണിയാഗാന്ധി പ്രസിഡന്റ് മുര്‍മുവിനെ അപമാനിച്ചു. ഇത് രാജ്യത്തെ പരമോന്നത ഭരണഘടനാ അധികാരിയോടുള്ള അനാദരവാണ്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇതിലെ കൂട്ടുപ്രതികളാണെന്നും ഭാരതീയ ന്യായ സംഹിതയുടെ വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നും മുസാഫര്‍പൂരിലെ സിജെഎം കോടതിയില്‍ പരാതി നല്‍കിയതിന് ശേഷം ഓജ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കേസ് ഫെബ്രുവരി 10ന് കോടതി പരിഗണിക്കും.
സംഭവത്തില്‍ സോണിയാഗാന്ധി മാപ്പു പറയണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ സോണിയഗാന്ധിയുടെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.
ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത രാഷ്ട്രപതിയുടെ സംയുക്ത പ്രസംഗത്തിന് ശേഷം സഭയ്ക്ക് പുറത്ത് മാധ്യമപ്രവര്‍ത്തകര്‍ സോണിയ ഗാന്ധിയോട് മുര്‍മുവിന്റെ ഒരു മണിക്കൂറോളം നീണ്ട പ്രസംഗത്തെക്കുറിച്ച് ചോദിച്ചു.
'അവസാനമായപ്പോഴേക്കും രാഷ്ട്രപതി വല്ലാതെ തളര്‍ന്നിരുന്നു, അവര്‍ക്ക് സംസാരിക്കാന്‍ പ്രയാസമാണ്, പാവം,' ഈ പരാമര്‍ശമാണ് വിവാദത്തിന് ഇടയാക്കിയത്. സോണിയാ ഗാന്ധിയുടേത് അന്തസിനു മുറിവേല്‍പ്പിക്കുന്ന പരാമര്‍ശമാണെന്നും അംഗീകരിക്കാനാകില്ലെന്നും രാഷ്ട്രപതി ഭവന്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. രാഷ്ട്രപതി ആദിവാസി വനിതയാണെന്നും അവര്‍ ദുര്‍ബലയല്ലെന്നും പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു പറഞ്ഞു.