/kalakaumudi/media/media_files/9I95d2uHBA7ozEY7jpcw.jpg)
മുംബൈ: തുടര്‍പഠനത്തിനായി ഓസ്ട്രേലിയയിലേക്ക് പോകുന്ന മകനെ യാത്രയാക്കാന്‍ പ്രതിക്ക് പരോള്‍ അനുവദിച്ച് ബോംബെ ഹൈക്കോടതി. ബന്ധുക്കളുടെയും ഉറ്റവരുടെയും മരണം ഉള്‍പ്പെടയുള്ള ദുഃഖവേളകളില്‍ പരോള്‍ അനുവദിക്കാമെങ്കില്‍ എന്തുകൊണ്ട് സന്തോഷം പങ്കിടാനും ആയിക്കൂടായെന്ന്. സാധാരണഗതിയില്‍ അടിയന്തര സാഹചര്യങ്ങളിലാണ് പരോള്‍ നല്‍കാറുള്ളതെന്ന് ചൂണ്ടിക്കാട്ടിയ പ്രോസിക്യൂഷന്‍ വാദത്തെ എതിര്‍ത്തുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം.
കുറ്റവാളികള്‍ പലരുടെയും മകനും അച്ഛനും സഹോദരനും ഭര്‍ത്താവുമൊക്കെയാണ്. അവര്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാനും അവരുടെ കുടുംബകാര്യങ്ങളില്‍ ഇടപെടാനും ചുരുങ്ങിയ കാലയളവിലേക്ക് ഉപാധികളോടെ പരോള്‍ അനുവദിക്കാവുന്നതാണെന്ന് കോടതി പറഞ്ഞു. ജസ്റ്റിസുമാരായ ഭാരതി ദാംഗ്രെ, മഞ്ജുഷ ദേശ്പാണ്ഡെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ജൂലൈ 9 നാണ് കേസില്‍ വിധി പറഞ്ഞത്. പരോളും താത്കാലിക ജാമ്യ വ്യവസ്ഥകളും കുറ്റവാളികളോടുള്ള മനുഷ്യത്വപരമായ സമീപനമായി കാണണമെന്ന് കോടതി വീക്ഷിച്ചു.
2012ലെ കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പ്രതി ശ്രീവാസ്തവാണ് പരോളിനായി കോടതിയെ സമീപിച്ചത്. പ്രതിയുടെ അപേക്ഷ പ്രകാരം, ഓസ്ട്രേലിയയിലെ തുടര്‍വിദ്യാഭ്യാസത്തിനായുള്ള ഒരു കോഴ്സിന് മകനെ തിരഞ്ഞെടുത്തു.
വിദ്യാഭ്യാസ, താമസ, യാത്രാ ചെലവുകള്‍ക്കായി 36 ലക്ഷം രൂപ നല്‍കേണ്ടതുണ്ട്. മകനെ യാത്രയാക്കാനും വിദ്യാഭ്യാസത്തിനാവശ്യമായ പണം സംഘടിപ്പിക്കാനുമാണ് ഇയാള്‍ ഒരുമാസത്തെ പരോള്‍ ആവശ്യപ്പെട്ടത്. ഇതിനെതിരായ പ്രോസിക്യൂഷന്‍ വാദം തള്ളിയ കോടതി പ്രതിക്ക് 10 ദിവസത്തെ പരോള്‍ അനുവദിച്ചു.