തന്റെ കരിയറിൽ സംഭവിച്ച കാര്യങ്ങൾ സാനിയമിർസയുടെ ചാനലിൽ വെളിപ്പെടുത്തി യുവരാജ് സിംഗ്

‘‘ക്രിക്കറ്റ് എനിക്ക് ഒരുപാട് കാര്യങ്ങൾ നൽകി, ഞാനും എന്റെ പരമാവധി നൽകിയിട്ടുണ്ട്. പിന്നെ എന്തിനാണ് ആസ്വദിക്കാൻ സാധിക്കാത്ത ഒരു കാര്യത്തിൽ തുടരുന്നത്? എന്തിനാണ് ഞാൻ കളിക്കുന്നത്? എന്ത് തെളിയിക്കാൻ? മാനസികമായോ ശാരീരികമായോ എനിക്ക് ഇതിൽ കൂടുതൽ ചെയ്യാൻ കഴിയില്ല. അത് എന്നെ വേദനിപ്പിച്ചു, അതിനാൽ ഞാൻ നിർത്താൻ തീരുമാനിച്ചു

author-image
Vineeth Sudhakar
New Update
IMG_1998

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് യുവരാജ് സിങ്. പതിറ്റാണ്ടുകൾക്കു ശേഷം ഇന്ത്യ നേടിയ രണ്ടു ലോകകപ്പുകളും യുവരാജ് സിങ്ങിന്റെ പ്രകടന മികവിലൂടെയായിരുന്നു. 2007 ട്വന്റി20 ലോകകപ്പിൽ ഇംഗ്ലണ്ട് താരം സ്റ്റുവർട്ട് ബോർഡിനെതിരെ ഒരോവറിലെ ആറു പന്തും സിക്സർ പറത്തിയ യുവരാജ്, 2011 ഏകദിന ലോകകപ്പിലെ ഓൾറൗണ്ട് പ്രകടനത്തിലൂടെ പ്ലെയർ ഓഫ് ദ് ടൂർണമെന്റുമായി. ഇന്ത്യൻ ടീമിൽ യുവരാജിന്റെ സ്വാധീനം കണക്കുകൾക്കപ്പുറമായിരുന്നു. യുവരാജിന്റെ വിരമിക്കലിനു ശേഷം വർഷങ്ങൾ കഴിഞ്ഞിട്ടും നാലാം നമ്പറിൽ വിശ്വസ്തനായ ഒരു ബാറ്ററെ കണ്ടെത്താൻ ടീം ഇന്ത്യയ്ക്ക് ഇനിയും സാധിച്ചിട്ടില്ല.എന്നാൽ എല്ലാ ഇതിഹാസ താരങ്ങളുടെയും കരിയറിൽ സംഭവിച്ചതുപോലുള്ള കയറ്റിറക്കങ്ങൾ യുവരാജിന്റെ കരിയറിലും സംഭവിച്ചു. ഏകദിന ലോകകപ്പിനു പിന്നാലെ അർബുദബാധിതനാണെന്നു വെളിപ്പെടുത്തിയ താരം, കരിയറിൽനിന്ന് ഇടവേളയെടുത്തു. ഇതിനു ശേഷം ടീമിലേക്കു തിരിച്ചെത്തിയെങ്കിലും ഒന്നും പഴയതു പോലെയായില്ല. 2012നും 2017നും ഇടയിൽ പലപ്പോഴും യുവരാജ് ടീമിനകത്തും പുറത്തുമായി തുടർന്നു. ടീമിൽ സ്ഥിരമായി സ്ഥാനമുറപ്പിക്കാൻ താരത്തിനു സാധിച്ചില്ല. 2017ൽ വെസ്റ്റിൻഡീസിനെതിരെയാണ് താരം അവസാനമായി ഇന്ത്യൻ ജഴ്സി അണിഞ്ഞത്. 2019ൽ വിരമിക്കൽ പ്രഖ്യാപിച്ചു.ഇപ്പോൾ, ടെന്നിസ് താരം സാനിയ മിർസയുടെ യുട്യൂബ് ഷോയിൽ സംസാരിച്ച യുവരാജ്, തന്റെ കരിയറിൽ സംഭവിച്ചതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. ‘‘എന്റെ കരിയർ ഒരു ഭാരമായി മാറിയ ഘട്ടത്തിലേക്ക് ഞാൻ എത്തുകയായിരുന്നു. എന്റെ കളി ഞാൻ ആസ്വദിക്കുന്നില്ലായിരുന്നു. അതു വളരെ നേർത്ത ഒരു വരയാണ്. ‘ഞാൻ ക്രിക്കറ്റ് ആസ്വദിക്കുന്നില്ല, കളിക്കുന്നത് എന്തിനാണ്?’ എന്നൊരു തോന്നൽ എനിക്കുണ്ടായി. എനിക്ക് പിന്തുണ ലഭിക്കുന്നുണ്ടെന്ന് തോന്നിയില്ല. എനിക്ക് ബഹുമാനം ലഭിക്കുന്നതായി തോന്നിയില്ല. ഇതൊന്നും ഇല്ലാതെ എന്തിനാണ് ഇതൊക്കെ ചെയ്യുന്നതെന്നും എനിക്ക് തോന്നി.’’– സാനിയ മിർസയുടെ ‘സെർവിങ് ഇറ്റ് അപ് വിത്ത് സാനിയ’ എന്ന യൂട്യൂബ് ഷോയിൽ യുവരാജ് പറഞ്ഞു.
‘‘ക്രിക്കറ്റ് എനിക്ക് ഒരുപാട് കാര്യങ്ങൾ നൽകി, ഞാനും എന്റെ പരമാവധി നൽകിയിട്ടുണ്ട്. പിന്നെ എന്തിനാണ് ആസ്വദിക്കാൻ സാധിക്കാത്ത ഒരു കാര്യത്തിൽ തുടരുന്നത്? എന്തിനാണ് ഞാൻ കളിക്കുന്നത്? എന്ത് തെളിയിക്കാൻ? മാനസികമായോ ശാരീരികമായോ എനിക്ക് ഇതിൽ കൂടുതൽ ചെയ്യാൻ കഴിയില്ല. അത് എന്നെ വേദനിപ്പിച്ചു, അതിനാൽ ഞാൻ നിർത്താൻ തീരുമാനിച്ചു. നിർത്താൻ തീരുമാനിച്ച ദിവസം, ഞാൻ വീണ്ടും ഞാനായി’’– യുവരാജ് കൂട്ടിച്ചേർത്തു.