പ്രതീകാത്മക ചിത്രം
ചെന്നൈ: തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിൽ മദ്യം കഴിച്ച 9 പേർ മരിച്ചു. അബോധാവസ്ഥയിലായ 9 പേർ കള്ളക്കുറിച്ചി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ കഴിച്ചത് വ്യാജമദ്യമാണോ എന്ന സംശയമുണ്ട്. കരുണാകുളത്തു നിന്നാണ് ഇവർ മദ്യം കഴിച്ചതെന്നാണു വിവരം.
നാൽപ്പതോളം പേർ കള്ളക്കുറിച്ചി മെഡിക്കൽ കോളജ്, പുതുച്ചേരി ജിപ്മെർ എന്നീ ആശുപത്രികളിലായി ചികിത്സയിലാണ്. പലരുടെയും നില ഗുരുതരമാണെന്നാണു വിവരം. സ്ഥിതിഗതികൾ മനസിലാക്കുന്നതിനായി തമിഴ്നാട് ആരോഗ്യമന്ത്രി മാ.സുബ്രഹ്മണ്യൻ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു.
വ്യാജമദ്യ ദുരന്തമാണോ ഉണ്ടായതെന്നു ജില്ലാ കലക്ടർ ഔദ്യോഗിക സ്ഥിരീകരണം പുറപ്പെടുവിച്ചിട്ടില്ല. മരിച്ചവരിൽ ഒരാൾ മദ്യപിക്കുന്ന സ്വഭാവക്കാരനല്ലായിരുന്നെന്നും മരിച്ച മറ്റ് രണ്ടുപേർ വയറിളക്കത്തെത്തുടർന്നാണ് മരിച്ചതെന്നുമാണ് ജില്ലാ കലക്ടർ ശരവൺ കുമാർ ശെഖാവത് അറിയിച്ചത്.
മരിച്ചവരുടെയും ചികിത്സയിലുള്ളവരുടെയും പരിശോധന പൂർത്തിയായാൽ മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. വ്യാജമദ്യം വിറ്റ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
