രാഹുല്‍ ഗാന്ധി പങ്കെടുത്ത വേദി ഭാഗികമായി തകര്‍ന്നപ്പോള്‍
പട്‌ന: ബിഹാറില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പങ്കെടുത്ത തെരഞ്ഞെടുപ്പ് പ്രചാരണ വേദി ഭാഗികമായി തകര്‍ന്നു. ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ മകള്‍ മിസ ഭാരതിക്ക് വോട്ടുചോദിച്ച് എത്തിയതായിരുന്നു രാഹുല്‍ ഗാന്ധി. തേജസ്വി യാദവ് അടക്കമുള്ള ഇന്ത്യ സഖ്യ നേതാക്കളും വേദിയിലേക്കെത്തി. പിന്നാലെ വേദിയുടെ ഒരു ഭാഗം തകര്‍ന്ന് പോവുകയായിരുന്നു.
പെട്ടെന്നുള്ള അടിതെറ്റലില്‍ രാഹുല്‍ ഒന്ന് ഉലഞ്ഞെങ്കിലും ഒപ്പമുണ്ടായിരുന്ന നേതാക്കളുടെ കയ്യില്‍ പിടിച്ച് രാഹുല്‍ വീഴാതെ നിന്നു. പരിഭ്രമം പുറത്തുകാണിക്കാതെ പ്രവര്‍ത്തകര്‍ക്ക് നേരെ കൈവീശി രാഹുല്‍ വീണ്ടും സ്റ്റേജില്‍ തന്നെ തുടര്‍ന്നു. പിന്നീട് വേദിയില്‍ നിന്നും പുറത്തേക്ക് പോകുന്നതിനിടയിലും തകര്‍ന്നുവീണ സ്റ്റേജ് ഒന്നുകൂടി താഴ്ന്നു. വീഴ്ചയില്‍ തേജസ്വി യാദവിന് നിസാര പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. പാടലീപുത്ര മണ്ഡലത്തില്‍ നിന്നാണ് മിസ ഭാരതി ജനവിധി തേടുന്നത്.