തൃശ്ശൂര്‍: തൃശൂരിലെ ലുലു ഗ്രൂപ്പിന്റെ വിവാദ ഭൂമി തരം മാറ്റിയ ആര്‍ഡിഒ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. ഭൂമി തരം മാറ്റാനുള്ള ലുലു ഗ്രൂപ്പിന്റെ അപേക്ഷ വീണ്ടും പരിഗണിക്കാനാണ് നിര്‍ദ്ദേശം. കൃഷി ഓഫീസറുടെ റിപ്പോര്‍ട്ടും ഡയറക്ടറുടെ മേല്‍നോട്ടത്തിലുള്ള റിപ്പോര്‍ട്ടടക്കം പരിശോധിച്ച് വിഷയത്തില്‍ നാല് മാസത്തിനകം ആര്‍ഡിഒ തീരുമാനമെടുക്കണമെന്നാണ് കോടതി ഉത്തരവ്. ഇതോടെ ആര്‍ഡിഒ റിപ്പോര്‍ട്ട് പരിഗണനയ്ക്കായി വീണ്ടും തിരിച്ചയച്ചു.
നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ഭൂമിയെ ഡാറ്റാബാങ്കില്‍ നിന്ന് ഒഴിവാക്കിയതെന്ന് കോടതി കണ്ടെത്തി. കൃഷി ഓഫീസറുടെ റിപ്പോര്‍ട്ട് പരിഗണിച്ച ശേഷമായിരുന്നു ആര്‍ഡിഒ തരംമാറ്റത്തിന് അനുമതി നല്‍കേണ്ടിയിരുന്നത്. എന്നാല്‍ ഈ ഭൂമിയുടെ കാര്യത്തില്‍ അതുണ്ടായില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സാറ്റലൈറ്റ് ദൃശ്യങ്ങളും ഗൂഗില്‍ എര്‍ത്ത് ഡേറ്റ, വില്ലേജ് ഓഫീസറുടെ മഹസര്‍ എന്നിവയില്‍ 2022ല്‍ വരെ ഭൂമി നെല്‍വയലാണെന്ന് തെളിയിക്കുന്നതായുള്ള രേഖകളും കോടതി പരിശോധിച്ചു.
ആര്‍ഡിഒ റിപ്പോര്‍ട്ട് തിരിച്ചയച്ചതോടെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് നല്‍കിയ കണ്‍വേര്‍ഷന്‍ ഫീ താല്‍ക്കാലികമായി തിരികെ നല്‍കാനും കേസ് പരിഗണിച്ച ജസ്റ്റിസ് വിജു എബ്രഹാം നിര്‍ദ്ദേശിച്ചു. തൃശൂര്‍ അയ്യന്തോളിലെ നിര്‍ദ്ദിഷ്ട പദ്ധതി പ്രദേശത്തെ ഭൂമി പാടശേഖര ഭൂമിയായി ഡേറ്റ ബാങ്കില്‍ തെറ്റായാണ് ഉള്‍പ്പെടുത്തിയതെന്ന് ആരോപിച്ചാണ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രൈവറ്റ് ലിമിറ്റഡ് കോടതിയെ സമീപിച്ചത്. 2008ലെ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം വരുന്നതിന് മുന്‍പെ തന്നെ കൃഷി ചെയ്യാനാകാത്ത വിധം ഭൂമിയുടെ സ്വഭാവം മാറിയിരുന്നുവെന്നും അതിനാല്‍ പുരയിടമായി രേഖപ്പെടുത്തണം എന്നുമായിരുന്നു ആവശ്യം.
ഇതില്‍ ഭൂമി മണ്ണിട്ട് നികത്തിയത് ചോദ്യം ചെയ്താണ് തൃശൂരിലെ പാടശേഖര സംരക്ഷണ കമ്മിറ്റി അംഗവും സിപിഐ പ്രവര്‍ത്തകനുമായ ടി എന്‍ മുകുന്ദന്‍ കേസില്‍ കക്ഷിചേര്‍ന്നത്. പ്രദേശം നെല്‍കൃഷി പ്രദേശമെന്നും ഡേറ്റ ബാങ്കില്‍ നിന്ന് ഒഴിവാക്കിയത് നിയമവിരുദ്ധമെന്നുമാണ് മുകുന്ദന്റെ വാദം. തൃശൂരിലെ ലുലുവിന്റെ നിക്ഷേപം മുടക്കുന്നത് ഒരു പാര്‍ട്ടിയാണെന്ന യൂസഫലിയുടെ പരാമര്‍ശത്തോടെയാണ് വിഷയം പൊതുശ്രദ്ധയില്‍ വരുന്നത്. എന്നാല്‍ സിപിഐ പ്രവര്‍ത്തകന്‍ എന്ന നിലയിലല്ല വ്യക്തപരമായാണ് കോടതിയെ സമീപിച്ചതെന്ന് കേസിലെ എതിര്‍കക്ഷിയായ ടിഎന്‍ മുകുന്ദന്റെ പ്രതികരണം. എന്നാല്‍ തണ്ണീര്‍ത്തട സംരക്ഷണം പാര്‍ട്ടി നയമാണെന്ന് മുകുന്ദന്റെ പിന്തുണച്ച് സിപിഐ നിലപാട് അറിയിച്ചിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)

/kalakaumudi/media/member_avatars/2025/01/24/2025-01-24t111056647z-bijuks.png )