കുംഭ മേളയില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെത്തി സ്റ്റീവ് ജോബ്സിന്റെ ഭാര്യ

ഇന്ത്യന്‍ ശൈലിയില്‍ പിങ്ക് നിറത്തിലുള്ള സ്യൂട്ടും തലയില്‍ വെളുത്ത 'ദുപ്പട്ട'യും ധരിച്ച് ലോറീന്‍ കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ശ്രീകോവിലിന് പുറത്ത് നിന്ന് പ്രാര്‍ത്ഥിച്ചു

author-image
Punnya
New Update
steve jobs wife

ദില്ലി: മഹാകുംഭ മേളയില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെത്തി ആപ്പിള്‍ സഹസ്ഥാപകനും ആദ്യത്തെ സിഇഒയുമായ അന്തരിച്ച സ്റ്റീവ് ജോബ്സിന്റെ ഭാര്യ ലോറീന്‍ പവല്‍ ജോബ്സ്. കുംഭമേളയില്‍ പങ്കെടുക്കാന്‍ പ്രയാഗ്രാജിലേക്ക് പോകുന്നതിന് മുമ്പ് വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രം സന്ദര്‍ശിച്ചു. നിരഞ്ജനി അഖാരയിലെ സ്വാമി കൈലാസാനന്ദ ഗിരിജി മഹാരാജിനൊപ്പമാണ് ലോറീന്‍ എത്തിയത്. ഇന്ത്യന്‍ ശൈലിയില്‍ പിങ്ക് നിറത്തിലുള്ള സ്യൂട്ടും തലയില്‍ വെളുത്ത 'ദുപ്പട്ട'യും ധരിച്ച് ലോറീന്‍ കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ശ്രീകോവിലിന് പുറത്ത് നിന്ന് പ്രാര്‍ത്ഥിച്ചു. ക്ഷേത്രത്തിന്റെ ആചാരങ്ങള്‍ പിന്തുടര്‍ന്നാണ് ലോറീന്‍ എത്തിയതെന്നും അഹിന്ദുവായതിനാല്‍ ശിവലിംഗത്തില്‍ തൊടാന്‍ കഴിയില്ലെന്നും അതുകൊണ്ടാണ് ശിവലിംഗം പുറത്ത് നിന്ന് കണ്ടതെന്നും കൈലാസാനന്ദ് ഗിരി പറഞ്ഞു. ഇന്ന് ആരംഭിച്ച മഹാമേളയായ 'മഹാകുംഭം' ഫെബ്രുവരി 26 ന് പ്രയാഗ്രാജില്‍ സമാപിക്കും. 12 വര്‍ഷത്തിലൊരിക്കലാണ് മഹാകുംഭമേള നടക്കുക. യുപി സര്‍ക്കാര്‍ വിപുലമായ സുരക്ഷാ നടപടികളാണ് കൈക്കൊണ്ടിരിക്കുന്നത്. സുരക്ഷിതവും ഗംഭീരവുമായ ആഘോഷം ഉറപ്പാക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും ആയിരക്കണക്കിന് സിസിടിവികള്‍, അണ്ടര്‍വാട്ടര്‍ ഡ്രോണുകള്‍, സന്ദര്‍ശകര്‍ക്കും ഭക്തര്‍ക്കും വേണ്ടിയുള്ള അത്യാധുനിക സൗകര്യങ്ങള്‍ എന്നിവ സജ്ജീകരിച്ചിട്ടുമുണ്ട്. ഭക്തര്‍ക്കായി സംസ്ഥാനത്തുടനീളം നിരവധി ഇലക്ട്രിക് ബസുകള്‍ വിന്യസിച്ചിട്ടുണ്ട്, വിവിധ റൂട്ടുകളില്‍ തടസ്സമില്ലാത്ത ഗതാഗതം ഉറപ്പാക്കാന്‍ ലഖ്നൗവില്‍ നിന്ന് 30 ബസുകള്‍ കൂടി അനുവദിക്കും

steve jobs wife Maha KumbhaMela