stop the arms deal with israel jdu joins with the opposition demands the center
ന്യൂഡൽഹി: ഇസ്രായേലിന് ആയുധങ്ങളും വെടിക്കോപ്പുകളും വിതരണം ചെയ്യുന്നത് നിർത്തണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് ജനതാദൾ (യുണൈറ്റഡ്) ജനറൽ സെക്രട്ടറി കെ.സി ത്യാഗി. ഞായറാഴ്ച പ്രതിപക്ഷ നേതാക്കളോടൊപ്പം ചേർന്നാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
ലീഗ് ഓഫ് പാർലമെന്റേറിയൻസ് ഫോർ അൽ ഖുദ്‌സിന്റെ സെക്രട്ടറി ജനറൽ, മുഹമ്മദ് മക്രം ബലാവിയുമായി പ്രതിപക്ഷ പാർട്ടികൾ കൂടിക്കാഴ്ച നടത്തിയിരുന്നു. ഡൽഹിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ഇവരോടൊപ്പം ചേർന്നാണ് ത്യാഗിയും നിലപാട് വ്യക്തമാക്കിയത്. ബി.ജെ.പി നേതൃത്വം കൊടുക്കുന്ന എൻ.ഡി.എ സർക്കാറിലെ പ്രധാന ഘടക കക്ഷിയാണ് നിതീഷ് കുമാറിന്റെ ജനതാൾ യുണൈറ്റഡ്.
പശ്ചിമേഷ്യയിൽ സമാധാനം നിലനിറുത്താനും ഫലസ്തീനെ പിന്തുണയ്ക്കുന്നതിനും വേണ്ടി പാർലമെൻ്ററി പ്രവർത്തനങ്ങളെ ആഗോള തലത്തിൽ ഏകോപിപ്പിക്കുന്ന സ്വതന്ത്ര സ്ഥാപനമാണ് 'ലീഗ് ഓഫ് പാർലമെന്റേറിയൻസ് ഫോർ അൽ ഖുദ്‌സ്'.അതേസമയം കെ.സി ത്യാഗിയും സമാജ്‌വാദി പാർട്ടി രാജ്യസഭാ എം.പി ജാവേദ് അലി ഖാനും സംയുക്തമായാണ് യോഗം സംഘടിപ്പിച്ചത്. സ്വതന്ത്ര രാജ്യമെന്ന ഫലസ്തീന്റെ ആവശ്യത്തെ ആദ്യ നാളുകൾ മുതൽ തന്നെ പാർട്ടി പിന്തുണച്ചിരുന്നുവെന്ന് ത്യാഗി വ്യക്തമാക്കി.
''മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടേതുൾപ്പെടെയുള്ള ഇന്ത്യൻ സർക്കാരും ഫലസ്തീന്റെ ആവശ്യത്തിന് പിന്തുണ നൽകിയിട്ടുണ്ട്. ഗസ്സയിൽ പ്രായമായവരെയും സ്ത്രീകളെയും കുട്ടികളെയും കൊല്ലുന്നത് അവസാനിപ്പിക്കണമെന്നും ഇസ്രായേലിനെയും ഫലസ്തീനെയും സംബന്ധിച്ച യു.എൻ പ്രമേയങ്ങൾ മാനിക്കപ്പെടണമെന്നും ത്യാഗി വ്യക്തമാക്കി.
ഞായറാഴ്ച നടന്ന യോഗത്തിന് ശേഷം ത്യാഗിയും പ്രതിപക്ഷ നേതാക്കളും ഇസ്രായേലിന് ആയുധം നൽകരുതെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്ന പ്രസ്താവനയും പുറത്തിറക്കി.ഹൈദരാബാദിൽ നിർമ്മിച്ച ഹെർമിസ് ഡ്രോണുകൾ ഇന്ത്യ, ഇസ്രായേലിന് കൈമാറുന്നുവെന്ന റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. ഇസ്രായേലിൻ്റെ എൽബിറ്റ് സിസ്റ്റംസും വ്യവസായി ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പും തമ്മിലുള്ള സംയുക്ത സംരംഭത്തിൻ്റെ ഭാഗമായിരുന്നു ഇടപാട്.
ചെന്നൈയിൽ നിന്ന് ആയുധങ്ങളുമായി ഇസ്രായേലിലേക്ക് പോയ, കപ്പലിന് രാജ്യത്തിൻ്റെ തെക്കുകിഴക്കുള്ള കാർട്ടജീന തുറമുഖത്ത് നങ്കൂരമിടാൻ സ്പെയിൻ അനുമതി നിഷേധിച്ചതും വാർത്തയായിരുന്നു. ഗസ്സയ്‌ക്കെതിരായ യുദ്ധം ആരംഭിച്ചതിനുശേഷം ഇസ്രായേലിലേക്കുള്ള എല്ലാ ആയുധങ്ങളുടെയും കയറ്റുമതി നിരോധിക്കാൻ സ്പെയിൻ ഗവർമെന്റ് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടായിരുന്നു ഇന്ത്യയിൽ നിന്നുള്ള കപ്പലുകൾക്ക് സ്പെയിൻ അനുമതി കൊടുക്കാതിരുന്നത്.
അതേസമം ഇസ്രായേലിന് ആയുധം നൽകുന്ന കാര്യം ഇതുവരെ ഇന്ത്യ, സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.
കഴിഞ്ഞ ഒക്ടോബറിൽ ആരംഭിച്ച ഗസ്സ- ഇസ്രായേൽ യുദ്ധത്തിൽ, ഇന്ത്യ സന്തുലിത നിലപാടാണ് സ്വീകരിച്ചുപോരുന്നത്. അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ മാനിക്കാൻ ഇസ്രായേലിനെ പ്രേരിപ്പിക്കുന്നതോടൊപ്പം ഹമാസിനെ അപലപിക്കുന്ന നിലപാടായിരുന്നു ഇന്ത്യയുടേത്. കഴിഞ്ഞ ഒക്ടോബറിൽ ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ യു.എൻ പൊതുസഭയിൽ നടന്ന വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു.
ഇതിനെതിരെ പ്രതിപക്ഷം രംഗത്ത് എത്തുകയും ചെയ്തു.ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിംഗ്, പാർട്ടി എം.എൽ.എ പങ്കജ് പുഷ്‌കർ, മുൻ ലോക്‌സഭാ എം.പി ഡാനിഷ് അലി, സമാജ്‌വാദി പാർട്ടി ലോക്‌സഭാ എംപി മൊഹിബുള്ള നദ്‌വി, കോൺഗ്രസ് വക്താവ് മീം അഫ്‌സൽ തുടങ്ങിയവരും പ്രസ്താവനയിൽ ഒപ്പുവെച്ചു.