/kalakaumudi/media/media_files/2025/08/14/stray-2025-08-14-13-21-22.jpg)
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ തെരുവുനായ്ക്കളെയെല്ലാം എട്ടാഴ്ചയ്ക്കുള്ളില്‍ പിടികൂടി ഷെല്‍ട്ടറുകളിലേക്കു മാറ്റണമെന്ന ഉത്തരവിനെതിരായ ഹര്‍ജികള്‍ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് വിധി പറയാനായി മാറ്റി. ഉത്തരവ് സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച കോടതി, തെരുവുനായ ശല്യം തടയാന്‍ നിയമങ്ങളുണ്ടാക്കുന്നുണ്ടെങ്കിലും അധികൃതര്‍ അവ നടപ്പാക്കുന്നില്ലെന്നും വിമര്‍ശിച്ചു.
''തെരുവുനായ് ശല്യം പരിഹരിക്കാന്‍ പാര്‍ലമെന്റ് നിയമങ്ങളും ചട്ടങ്ങളുമുണ്ടാക്കുന്നുണ്ടെങ്കിലും അവ നടപ്പാക്കുന്നില്ല. ചെയ്യേണ്ട കാര്യങ്ങള്‍ അധികൃതര്‍ ചെയ്യുന്നില്ല. അതിന്റെ ഉത്തരവാദിത്തം അവര്‍ ഏറ്റെടുക്കുക തന്നെ വേണം'' ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേഹ്ത, എന്‍വി അഞ്ജാരിയ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി.
ഡല്‍ഹിയിലെ തെരുവുനായ്ക്കളെയെല്ലാം എട്ടാഴ്ചയ്ക്കുള്ളില്‍ പിടികൂടി ഷെല്‍ട്ടറുകളിലേക്കു മാറ്റണമെന്ന കര്‍ശന നിര്‍ദേശം ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ച് ഓഗസ്റ്റ് 11നാണ് നല്‍കിയത്. നായ്ക്കള്‍ക്ക് ഷെല്‍ട്ടറുകള്‍ സജ്ജമാക്കാന്‍ മുന്‍സിപ്പാലിറ്റികളും മറ്റ് ഏജന്‍സികളും ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്നും ഉത്തരവ് അനുസരിക്കുന്നതില്‍ വീഴ്ചയുണ്ടായാല്‍ കടുത്ത നടപടി നേരിടേണ്ടിവരുമെന്നും കോടതി പറഞ്ഞിരുന്നു. ഉത്തരവിനെതിരെ വ്യാപക പ്രതിഷേധമുയര്‍ത്തിയിരുന്നു.
കുട്ടികള്‍ക്കു നേരെയുള്ള തെരുവുനായ ആക്രമണം സാരമായ പരുക്കുകള്‍ക്കും പേവിഷബാധയേറ്റുള്ള മരണത്തിനും കാരണമാവുകയാണെന്ന് ഇന്നു ഹര്‍ജി പരിഗണിച്ചപ്പോള്‍ ഡല്‍ഹി സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി. വന്ധ്യംകരണം പേവിഷബാധ തടയില്ല. നായ്ക്കളെ കൊല്ലണമെന്ന് ആരും പറയുന്നില്ല. അവയെ മാറ്റിപ്പാര്‍പ്പിക്കണമെന്നു മാത്രമാണ് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍, സോളിസിറ്റര്‍ ജനറല്‍ നിലവിലെ നിയമത്തിന് എതിരായാണു പറയുന്നതെന്നു ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞു. എബിസി നിയമം നിലവിലുണ്ട്. അതിനനുസരിച്ചു കാര്യങ്ങള്‍ ചെയ്യേണ്ടെന്നാണ് അദ്ദേഹം പറയുന്നത്. തെരുവുനായ വിഷയത്തില്‍ ഡല്‍ഹി കോര്‍പറേഷന്‍ വര്‍ഷങ്ങളായി എന്തെടുക്കുകയായിരുന്നെന്നും കപില്‍ സിബല്‍ ചോദിച്ചു.