/kalakaumudi/media/media_files/2025/07/04/punisd-2025-07-04-21-51-37.jpg)
ന്യൂഡല്‍ഹി : സ്ത്രീ ശാക്തീകരണത്തിന്റെ ഉത്തമ ഉദാഹരണങ്ങളാണ് ഇന്ത്യന്‍ സൈന്യത്തിലെ നാരീശക്തികള്‍. സൈന്യത്തിന്റെ നാരീശക്തിയില്‍ പുതിയൊരു യുഗത്തിന് കൂടി തുടക്കം കുറിച്ചിരിക്കുകയാണ് സബ് ലെഫ്റ്റനന്റ് ആസ്ത പൂനിയ. ഇന്ത്യന്‍ നാവികസേനയിലെ ആദ്യത്തെ വനിതാ യുദ്ധവിമാന പൈലറ്റ് എന്ന ചരിത്ര നേട്ടമാണ് ആസ്ത സ്വന്തമാക്കിയിരിക്കുന്നത്.
ഇന്ത്യയുടെ വിമാനവാഹിനിക്കപ്പലുകളില്‍ നിന്ന് മിഗ് -29 കെ അല്ലെങ്കില്‍ റാഫേല്‍ യുദ്ധവിമാനത്തിന്റെ നാവിക പതിപ്പ് പറത്താനാണ് ആസ്ത പൂനിയക്ക് പരിശീലനം ലഭിച്ചിരിക്കുന്നത്. ഹോക്ക് 132 അഡ്വാന്‍സ്ഡ് ജെറ്റ് ട്രെയിനറിലാണ് ഇന്ത്യ സൈനിക പൈലറ്റുമാരെ പരിശീലിപ്പിക്കുന്നത്. പരിശീലനം പൂര്‍ത്തിയാക്കിയ ലെഫ്റ്റനന്റ് അതുല്‍ കുമാര്‍ ദുല്ലും സബ് ലെഫ്റ്റനന്റ് ആസ്ത പൂനിയയും സൈന്യത്തിന്റെ 'വിംഗ്സ് ഓഫ് ഗോള്‍ഡ്' ബഹുമതി സ്വീകരിച്ചു.
നാവികസേനയുടെ യുദ്ധവിമാന പൈലറ്റാകാനുള്ള യോഗ്യതയുടെ പ്രതീകമാണ് 'വിങ്സ് ഓഫ് ഗോള്‍ഡ്' പുരസ്‌കാരം. വിശാഖപട്ടണത്തെ ഐഎന്‍എസ് ദേഗയിലെ അസിസ്റ്റന്റ് നേവല്‍ സ്റ്റാഫ് (എയര്‍) റിയര്‍ അഡ്മിറല്‍ ജനക് ബെവ്ലിയാണ് പരിശീലനം പൂര്‍ത്തിയാക്കിയ രണ്ട് പൈലറ്റുമാര്‍ക്ക് പുരസ്‌കാരം സമര്‍പ്പിച്ചത്. ലെഫ്റ്റനന്റ് അതുല്‍ കുമാര്‍ ദുല്‍ ആണ് പരിശീലനം പൂര്‍ത്തിയാക്കിയ മറ്റൊരു പൈലറ്റ്.