/kalakaumudi/media/media_files/2025/11/19/dd-3-2025-11-19-10-55-56.jpg)
ന്യൂഡല്‍ഹി: ഡല്‍ഹി സ്ഫോടന കേസിലെ ചാവേറായ ഉമര്‍ നബി ആക്രമണത്തിന് ഒരാഴ്ച മുന്‍പ് ജമ്മുകശ്മീരില്‍ പുല്‍വാമയിലെ കുടുംബവീട് സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ട്. വീട്ടില്‍ എത്തിയ ഉമര്‍, തന്റെ സഹോദരനു നല്‍കിയ ഫോണില്‍നിന്നാണ് ചാവേര്‍ ആക്രമണങ്ങളെ പ്രകീര്‍ത്തിക്കുന്ന വിഡിയോ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചത്. ചാവേര്‍ ആക്രമണം രക്തസാക്ഷിത്വം ആണ് എന്ന രീതിയില്‍ ഉമര്‍ നടത്തിയ ന്യായീകരണ വിഡിയോ ഇന്നലെയാണ് പുറത്തുവന്നത്.
കുടുംബ വീട്ടില്‍ നിന്നും മടങ്ങുന്നതിനു മുന്നേയാണ് ഉമര്‍, തന്റെ കൈവശമുണ്ടായിരുന്ന രണ്ട് ഫോണുകളില്‍ ഒന്ന് സഹോദരനു കൈമാറിയത്. ഇതിനുശേഷം ഫരീദാബാദിലെ അല്‍ ഫലാഹ് സര്‍വകലാശാലയിലേക്ക് തിരിച്ചുപോയി. പിന്നാലെയാണ് ഡോ. ഉമറിന്റെ അല്‍ ഫലാഹ് സര്‍വകലാശാലയിലെ സഹപ്രവര്‍ത്തകര്‍ വിവിധ ഘട്ടങ്ങളിലായി പൊലീസിന്റെ പിടിയിലാത്. ഈ അറസ്റ്റുകളെക്കുറിച്ച് ഉമറിന്റെ സഹോദരന്‍ അറിഞ്ഞിരുന്നു. പരിഭ്രാന്തനായ ഉമര്‍ സഹോദരന്‍ നല്‍കിയ ഫോണ്‍ പുല്‍വാമയിലെ വീടിനടുത്തുള്ള കുളത്തില്‍ വലിച്ചെറിഞ്ഞു.
ഉമറിന്റെ കൈവശമുണ്ടായിരുന്ന രണ്ട് ഫോണുകളും കണ്ടെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അവ രണ്ടും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഫോണുകളുടെ അവസാന ലൊക്കേഷനുകള്‍ ഡല്‍ഹിയിലും പുല്‍വാമയിലുമായിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പുല്‍വാമയിലെ ഉമറിന്റെ വീട്ടിലെത്തിയത്. പരിശോധനകള്‍ക്കും നീണ്ട ചോദ്യം ചെയ്യലിനുമൊടുവില്‍, തനിക്ക് ഒരു ഫോണ്‍ ലഭിച്ചിരുന്നുവെന്നും അത് കുളത്തില്‍ വലിച്ചെറിഞ്ഞെന്നും സഹോദരന്‍ വെളിപ്പെടുത്തി. ചോദ്യം ചെയ്യല്‍ നടക്കുന്നതിനിടെയാണ് ഡല്‍ഹിയില്‍ ചാവേറാക്രമണം നടന്നതെന്നും അതിനുശേഷമാണ് ഫോണ്‍ കണ്ടെടുത്തതെന്നും ഔദ്യോഗികവൃത്തങ്ങള്‍ പറയുന്നു.
''വെള്ളം കയറി ഫോണിനു കേടുപാടുകള്‍ സംഭവിച്ചിരുന്നു. അതിന്റെ മദര്‍ബോര്‍ഡും തകരാറിലായിരുന്നു. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷമാണ് ഞങ്ങള്‍ക്ക് ഉമറിന്റെ വിഡിയോ വീണ്ടെടുക്കാന്‍ സാധിച്ചത്'' ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. അല്‍ ഫലാഹ് സര്‍വകലാശാലയിലെ പതിനേഴാം നമ്പര്‍ കെട്ടിടത്തിലെ പതിമൂന്നാം നമ്പര്‍ മുറിയില്‍ വച്ചാണ് ഉമര്‍ ഈ വിഡിയോ ചിത്രീകരിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
