/kalakaumudi/media/media_files/2024/12/13/YbuiDfk0mTv8r4kx9Sih.jpg)
വ്യാജ സ്ത്രീധനപീഡന ആരോപണത്തെത്തുടര്‍ന്ന് ബെംഗളൂരുവില്‍ ഐ.ടി ജീവനക്കാരന്‍ ആത്മഹത്യ ചെയ്ത കേസില്‍ പ്രതികളെ തേടി അന്വേഷണസംഘം യുപിയില്‍. ഐ.ടി ജീവനക്കാരന്റെ ഭാര്യ നികിത സിംഗാനിയയുടെ ജോന്‍പുരിലുള്ള അപാര്‍ട്‌മെന്റിലാണ് ബെംഗളൂരു പോലീസ് എത്തിയത്. എന്നാല്‍ വീട് പൂട്ടിക്കിടക്കുന്നതിനാല്‍, നികിത ഉള്‍പ്പടെ കേസിലെ മറ്റു നാലുപ്രതികളോടും ചോദ്യംചെയ്യലിനായി അന്വേഷണസംഘത്തിനു മുന്‍പില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് പതിച്ചു.
മൂന്ന് ദിവസത്തിനകം ബെംഗളൂരുവിലെ അന്വേഷണ ഉദ്യോഗസ്ഥനു മുന്‍പില്‍ ഹാജരാകാനാണ് നിര്‍ദേശം. സ്ത്രീധന നിരോധന നിയമം ദുരുപയോഗം ചെയ്‌തെന്ന ആരോപണത്തോടൊപ്പം ആത്മഹത്യാപ്രേരണക്കുറ്റവും നികിത സിംഗാനിയ ഉള്‍പ്പടെയുള്ള പ്രതികള്‍ നേരിടുന്നുണ്ട്.
അതിനിടെ, നികിതയും കേസിലെ മറ്റൊരു പ്രതിയായ ഇവരുടെ സഹോദരന്‍ അനുരാഗും ജോന്‍പുരിലെ വീട്ടില്‍നിന്നു വ്യാഴാഴ്ച മോട്ടോര്‍സൈക്കിളില്‍ രക്ഷപ്പെട്ടു എന്നാണ് വിവരം. ഐ.ടി ജീവനക്കാരന്റെ ആത്മഹത്യ ദേശീയ ശ്രദ്ധയാകര്‍ഷിച്ചതോടെ, ഇവര്‍ വീട്ടില്‍നിന്ന് പുറത്തുപോകുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചിരുന്നു. അതേസമയം, ക്രമസമാധാനപ്രശ്‌നം ഒഴിവാക്കാന്‍ നികിതയുടെ വീടിനു ചുറ്റും കനത്ത സുരക്ഷയാണ് പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
വ്യാജ സ്ത്രീധനപീഡന ആരോപണത്തില്‍ അതുല്‍ സുഭാഷ് എന്ന 34 കാരനാണ് ബെംഗളൂരുവില്‍ തിങ്കളാഴ്ച ആത്മഹത്യ ചെയ്തത്. താന്‍ നേരിട്ട പീഡനങ്ങള്‍ വിവരിക്കുന്ന വീഡിയോ എക്‌സില്‍ പങ്കുവെച്ച ശേഷമായിരുന്നു ആത്മഹത്യ. 24 പേജുള്ള കത്തെഴുതി വെച്ചായിരുന്നു യുവാവ് ജീവനൊടുക്കിയത്. ഭാര്യയും ഭാര്യവീട്ടുകാരും മാനസികമായി പീഡിപ്പിച്ചെന്ന് സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തില്‍ അതുല്‍ പറഞ്ഞു.
വ്യാജ പരാതി കെട്ടിച്ചമച്ചതുള്‍പ്പടെ നിരവധി ഗുരുതര ആരോപണങ്ങള്‍ ഭാര്യക്കെതിരെ അതുല്‍ ഉന്നയിച്ചു. സംഭവത്തില്‍ പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തുകയും, ആത്മഹത്യാ പ്രേരണയ്ക്ക് ഭാര്യ ഉള്‍പ്പടെ അഞ്ചുപേര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തിരുന്നു. 'നീതി വേണം' എന്നെഴുതിയ പ്ലക്കാര്‍ഡ് അതുലിന്റെ മുറിയില്‍ നിന്ന് കണ്ടെടുത്തിരുന്നു. അതുലിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹികമാധ്യമങ്ങളില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്.