/kalakaumudi/media/media_files/2025/03/19/qLnxNuxafLF3ul6bGgGF.jpg)
ന്യൂഡല്‍ഹി: ഒമ്പത് മാസത്തെ ബഹിരാകാശ വാസത്തിന് ശേഷം ഭൂമിയിലേക്ക് തിരിച്ചെത്തിയ ഇന്ത്യന്‍ വംശജയായ നാസ ബഹിരാകാശയാത്രിക സുനിത വില്യംസ് ഇന്ത്യ സന്ദര്‍ശിക്കുമെന്ന് കുടുംബം. സുനിത സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചെത്തിയതില്‍ അതിയായി സന്തോഷിക്കുന്നുവെന്നും അവിശ്വസനീയമായിരുന്ന നിമിഷമായിരുന്നെന്നും സഹോദര ഭാര്യ ഫാല്‍ഗുനി പാണ്ഡ്യ പറഞ്ഞു.
സുനിത വില്യംസ് ഉടന്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്നും അവര്‍ വ്യക്തമാക്കി. തീയതി നിശ്ചയിച്ചിട്ടില്ല. പക്ഷേ അവള്‍ തീര്‍ച്ചയായും ഉടന്‍ ഇന്ത്യയിലേക്ക് വരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഈ വര്‍ഷം യാത്രയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു.
ഇന്ത്യ സുനിതയുടെ പിതാവിന്റെ നാടാണെന്നും ആ രാജ്യവുമായി വളരെ ബന്ധമുണ്ട്. ഇന്ത്യയില്‍ നിന്നും ഇന്ത്യക്കാരില്‍ നിന്നും അവര്‍ക്ക് സ്‌നേഹം ലഭിക്കുന്നു. അവര്‍ ഇന്ത്യയിലേക്ക് വരുമെന്ന് അറിയാം. ബാക്കി കാര്യങ്ങള്‍ വഴിയേ തീരുമാനിക്കും. കുടുംബത്തോടൊപ്പം ഒരുമിച്ച് അവധിക്കാലം ആഘോഷിക്കാന്‍ പദ്ധതിയിടുന്നുവെന്നും അവര്‍ പറഞ്ഞു.
സുനിത വില്യംസ് വീണ്ടും ബഹിരാകാശത്തേക്ക് പോകുമോ അതോ ചൊവ്വയില്‍ ഇറങ്ങുന്ന ആദ്യ വ്യക്തിയാകുമോ എന്ന ചോദ്യത്തിന്, അത് അവരുടെ ഇഷ്ടമാണെന്നും ഫാല്‍ഗുനി വ്യക്തമാക്കി. സുനിതയുടെ ജന്മദിനത്തിന് ഇന്ത്യന്‍ മധുരപലഹാരമായ കാജു കട്ലി അവര്‍ക്ക് അയച്ചിരുന്നു. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ നടക്കുന്ന മഹാ കുംഭമേളയില്‍ പങ്കെടുക്കുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ സുനിത തന്നോട് ചിത്രങ്ങള്‍ ആവശ്യപ്പെട്ടുവെന്നും ഫാല്‍ഗുനി പറഞ്ഞു.