/kalakaumudi/media/media_files/2026/01/21/jacob-2026-01-21-09-43-14.jpg)
ന്യൂഡല്‍ഹി: മുന്‍ ഡി ജി പി ജേക്കബ് തോമസ് പ്രതിയായ ഡ്രജ്ജര്‍ അഴിമതിക്കേസില്‍ തെറ്റായ വിവരം ധരിപ്പിച്ചതിന് കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതിയുടെ പ്രഹരം. കോടതിയെ വിഡ്ഢിയാക്കാന്‍ ശ്രമിക്കുകയാണോ എന്ന് ചോദിച്ച സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് പിഴയും ചുമത്തി. 25,000 രൂപയാണ് പിഴ ചുമത്തിയത്.
നെതര്‍ലാന്‍ഡിലേക്ക് അന്വേഷണത്തിന് പോകാനുള്ള ഉദ്യോഗസ്ഥരുടെ വിവരങ്ങളും അപേക്ഷയും കേരള സര്‍ക്കാര്‍ നല്‍കിയില്ലെന്ന് കേന്ദ്രത്തിനായി ഹാജരായ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി.രാജു കോടതിയെ അറിയിച്ചിരുന്നു.
എന്നാല്‍ ഇത് തെറ്റാണെന്നും വിവരങ്ങള്‍ ധരിപ്പിച്ചെന്നും സംസ്ഥാനത്തിനായി മുതിര്‍ന്ന അഭിഭാഷകന്‍ ജയന്ത് മുത്തുരാജ്, സ്റ്റാന്‍ഡിംഗ് കൌണ്‍സല്‍ ഹര്‍ഷദ് വി ഹമീദ് എന്നിവര്‍ കോടതിയില്‍ വ്യക്തമാക്കി. തുടര്‍ന്ന് ഉച്ചയ്ക്ക് കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ കേന്ദ്രം നിലപാട് തിരുത്തി. ഇതോടെ രൂക്ഷമായ വിമര്‍ശനം നടത്തിയാണ് സുപ്രീം കോടതി പിഴ ചുമത്തിയത്.
കോടതിയെ വിഡ്ഢിയാക്കാന്‍ ശ്രമിക്കുകയാണോ എന്ന് ചോദിച്ച കോടതി, ഉത്തരവാദിത്തമില്ലാത്ത ഇത്തരം നിലപാടുകള്‍ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി പിഴ ഒടുക്കാന്‍ ഉത്തരവിടുകയായിരുന്നു. ജസ്റ്റിസ് രാജേഷ് ബിന്‍ഡാല്‍ 50,000 രൂപ പിഴ ചുമത്തുന്നുവെന്നാണ് ആദ്യം പറഞ്ഞത്. അഡിഷണല്‍ സോളിസിറ്റര്‍ ജനറലുടെ അഭ്യര്‍ഥന പരിഗണിച്ച് പിന്നീട് പകുതിയായി കുറയ്ക്കുകയായിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
