/kalakaumudi/media/media_files/2025/11/07/gavayiiiiiiiii-2025-11-07-12-15-31.jpg)
ന്യൂഡൽഹി: ''ഞാൻ വിരമിക്കാൻ കാത്തിരിക്കുകയാണോ നിങ്ങളെന്ന്'' കേന്ദ്രസർക്കാരിനോട് ചോദ്യം ഉന്നയിച്ചു സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആർ ​ഗവായ്.
2021 ലെ ട്രിബ്യൂണൽ പരിഷ്‌കരണ നിയമം ചോദ്യം ചെയ്യുന്ന ഹർജികൾ പരിഗണിക്കുമ്പോഴാണ് കേന്ദ്ര നിലപാടിൽ ചീഫ് ജസ്റ്റിസ് കടുത്ത അതൃപ്തി പ്രകടിപ്പിച്ചത്.
അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണിക്കു തിരക്കായതിനാൽ മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി അഭ്യർത്ഥിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് ഈ ചോദ്യമുന്നയിച്ചത്.
നിങ്ങൾക്ക് ഈ കേസ് നവംബർ 24 ന് ശേഷം പരിഗണിക്കണം എന്നാണെങ്കിൽ അക്കാര്യം തുറന്നു പറഞ്ഞോളൂ എന്നും ചീഫ് ജസ്റ്റിസ് തുറന്നടിച്ചു.
നവംബർ 23 നാണ് ചീഫ് ജസ്റ്റിസ് ഗവായ് വിരമിക്കുന്നത്. കഴിഞ്ഞ ദിവസം ഈ കേസ് പരിഗണിച്ചപ്പോൾ, വിഷയം ഭരണഘടനാ ബെഞ്ചിന് വിടണമെന്ന് അറ്റോർണി ജനറൽ ആവശ്യപ്പെട്ടപ്പോഴും ചീഫ് ജസ്റ്റിസ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
കേസിൽ ഒരു ഭാഗത്തിന്റെ വാദം മുഴുവൻ പൂർത്തിയായശേഷം, ഭരണഘടനാ ബെഞ്ചിന് വിടണമെന്ന് ആവശ്യപ്പെടുന്നത് ഈ ബെഞ്ചിനെ ഒഴിവാക്കാൻ വേണ്ടിയല്ലേ എന്നു ചീഫ് ജസ്റ്റിസ് ചോദിച്ചിരുന്നു.
ഫിലിം സർട്ടിഫിക്കറ്റ് അപ്പലേറ്റ് ട്രിബ്യൂണൽ ഉൾപ്പെടെ ചില അപ്പലേറ്റ് ട്രിബ്യൂണുകൾ ഒഴിവാക്കുകയും, ഇവയിലെ നിയമന വ്യവസ്ഥയിൽ മാറ്റം വരുത്തുന്നതുമാണ് 2021 ലെ നിയമം. മദ്രാസ് ബാർ അസോസിയേഷൻ ഉൾപ്പെടെയുള്ളവരാണ് നിയമം ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
