/kalakaumudi/media/media_files/2025/11/26/yogi-2025-11-26-13-25-44.jpg)
ന്യൂഡല്‍ഹി: കൊളോണിയല്‍ കാലഘട്ടത്തിലെ മനോഭാവം പുലര്‍ത്തുന്നെന്ന് ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശ് സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. ജില്ലാ മജിസ്ട്രേറ്റ് (കളക്ടര്‍) ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ ഭാര്യമാരെ സഹകരണസംഘങ്ങളുടെയും സമാന സ്ഥാപനങ്ങളുടെയും എക്സ് ഒഫീഷ്യോ അംഗങ്ങളായി നിയമിക്കുന്ന രീതിയെയാണ് കോടതി രൂക്ഷമായി വിമര്‍ശിച്ചത്. കൊളോണിയല്‍ കാലത്തെ രീതി പിന്തുടരുന്ന ഇത്തരം നടപടി അവസാനിപ്പിക്കാന്‍ രണ്ടുമാസത്തിനകം ബന്ധപ്പെട്ട വകുപ്പുകളില്‍ മാറ്റംവരുത്താന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശംനല്‍കി.
ഉത്തര്‍പ്രദേശിലെ ഒട്ടേറെ സഹകരണ സ്ഥാപനങ്ങളുടെ പ്രസിഡന്റ് ഉള്‍പ്പെടെയുള്ള പദവികള്‍ ചീഫ് സെക്രട്ടറി, ജില്ലാമജിസ്ടേറ്റ് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുടെ ഭാര്യമാര്‍ക്ക് നല്‍കുന്ന വ്യവസ്ഥകളാണ് നിലവിലുള്ളത്. ജനാധിപത്യ തത്ത്വങ്ങളുമായി ഒട്ടും യോജിച്ചുപോകാത്തവയാണ് ഇത്തരം വ്യവസ്ഥകള്‍ -കോടതി ചൂണ്ടിക്കാട്ടി.
ബുലന്ദ്ശഹറിലെ വനിതാ സ്വയംസഹായസംഘമായ സിഎം ജില്ലാ മഹിളാസമിതി നല്‍കിയ ഹര്‍ജിയിലാണ് വിമര്‍ശനം. സമിതിയുടെ എക്സ് ഒഫീഷ്യോ പ്രസിഡന്റായി ജില്ലാ മജിസ്ട്രേറ്റിന്റെ ഭാര്യയെ നിയമിച്ചത് ചോദ്യംചെയ്താണ് കോടതിയെ സമീപിച്ചത്. ജനാധിപത്യ പ്രക്രിയയൊന്നുമില്ലാതെ ജില്ലാ മജിസ്ട്രേറ്റിന്റെ ഭാര്യയെ എന്തിന് സഹകരണസംഘം എക്സ് ഒഫീഷ്യോ പ്രസിഡന്റാക്കണമെന്ന് കോടതി ചോദിച്ചു. പൊതുസംവിധാനങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണ് നയിക്കേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി. നിലവിലെ കാലപ്പഴക്കം ചെന്ന രജിസ്‌ട്രേഷന്‍ നിയമത്തിന് പകരമായി പുതിയ ബില്‍ തയ്യാറാക്കിവരുകയാണെന്നും ഇതിനായി ജനുവരി അവസാനംവരെ സമയംവേണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
