/kalakaumudi/media/media_files/2025/01/30/mYTDiWecVy6YyvvtQsxw.jpg)
Supreme Court of India
ന്യൂഡല്‍ഹി: തനിക്കെതിരായ ക്രിമിനല്‍ക്കേസ് നടപടികള്‍ റദ്ദാക്കണമെന്ന പ്രതിയുടെ അപേക്ഷയില്‍ തീരുമാനമെടുക്കുമ്പോള്‍ ഹൈക്കോടതികള്‍ നാല് കാര്യം ശ്രദ്ധിക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പ്രതി നല്‍കുന്ന തെളിവുകള്‍ ശരിയാണോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് പരിഗണിക്കേണ്ടതെന്ന് ഉത്തര്‍പ്രദേശിലെ ഒരു ബലാത്സംഗക്കേസ് റദ്ദാക്കി സുപ്രീംകോടതി വ്യക്തമാക്കി.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെടാന്‍ പ്രതി ഉന്നയിക്കുന്ന തെളിവുകള്‍ ശരിയാണോ, ന്യായയുക്തമാണോ, സംശയാതീതവുമാണോയെന്ന് ഹൈക്കോടതികള്‍ പരിശോധിക്കണം. ഈ വിവരങ്ങള്‍ അഥവാ തെളിവുകള്‍ പ്രതിക്കെതിരായ വാദങ്ങളെ തള്ളിക്കളയുമോ എന്നതാണ് രണ്ടാമത് നോക്കേണ്ടത്. അതായത്, പരാതിയില്‍ അടങ്ങിയിരിക്കുന്ന വസ്തുതാപരമായ വാദങ്ങളെ തള്ളിക്കളയാന്‍ പ്രതി ഹാജരാക്കുന്ന തെളിവുകള്‍ പര്യാപ്തമാണോയെന്ന് പരിശോധിക്കണം.
പ്രതി ആശ്രയിച്ച തെളിവുകള്‍ പ്രോസിക്യൂഷനോ പരാതിക്കാരോ നിഷേധിച്ചിട്ടുണ്ടോയെന്നതാണ് അടുത്ത കാര്യം. വിചാരണയുമായി മുന്നോട്ടുപോകുന്നത് കോടതിനടപടിക്രമങ്ങളുടെ ദുരുപയോഗത്തിന് കാരണമാകുമോ എന്നതും ഹൈക്കോടതി പരിശോധിക്കണം.
ഇത്രയും ചോദ്യങ്ങള്‍ക്ക് അതെ എന്നാണ് ഉത്തരമെങ്കില്‍ ക്രിമിനല്‍ നടപടിച്ചട്ടത്തിന്റെ 482-ാം വകുപ്പുപ്രകാരം ഹൈക്കോടതിയില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് കേസുകള്‍ റദ്ദാക്കാം. അതുവഴി പ്രതിക്ക് നീതി നല്‍കുന്നതിനൊപ്പം കോടതിയുടെ വിലപ്പെട്ട സമയവും ലാഭിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ബലാത്സംഗക്കേസിലെ സമന്‍സ് റദ്ദാക്കാന്‍ വിസമ്മതിച്ച അലഹാബാദ് ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യംചെയ്ത് പ്രതി പ്രദീപ്കുമാര്‍ കേസര്‍വാണി ഫയല്‍ചെയ്ത അപ്പീലിലാണ് ജസ്റ്റിസ് ജെ.ബി. പര്‍ദിവാല അധ്യക്ഷനായ ബെഞ്ച് വിധിപറഞ്ഞത്.
പരാതിക്കാരിയുമായി താന്‍ പരസ്പരസമ്മതത്തോടെയുള്ള ബന്ധത്തിലായിരുന്നെന്ന് പ്രതി വാദിച്ചു. ബന്ധത്തില്‍ വിള്ളലുണ്ടായപ്പോള്‍ തനിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരേ പരാതി നല്‍കുകയായിരുന്നെന്നും പ്രതി പറഞ്ഞു. പരാതിക്കാരിയുടെ വാദങ്ങള്‍ക്ക് തെളിവില്ലെന്നും നോട്ടീസ് കൈപ്പറ്റാന്‍പോലും അവര്‍ തയ്യാറായില്ലെന്നും സുപ്രീംകോടതി വിലയിരുത്തി.