ന്യൂഡല്‍ഹി: വഖഫ് ഭേദഗതി നിയമത്തിലെ വിവാദ വ്യവസ്ഥകള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീം കോടതിയില്‍ വാദം ആരംഭിച്ചു. പാര്‍ലമെന്ററി നിയമത്തിലൂടെ മത ആചാരത്തില്‍ സര്‍ക്കാര്‍ ഇടപെട്ടുവെന്ന് കപില്‍ സിബല്‍ സുപ്രീം കോടതിയില്‍ വാദിച്ചു. അനുഛേദം 26ന്റെ ലംഘനമാണ് നടന്നത്. മതപരമായ ആചാരങ്ങള്‍ ഭരണഘടനാപരമായ അവകാശമാണ്. ഇസ്ലാം മതത്തിലെ അനിവാര്യ ആചാരമാണ് വഖഫ്. ആചാരത്തെ ചോദ്യം ചെയ്യാന്‍ സര്‍ക്കാരിന് എന്ത് അധികാരമെന്നും കപില്‍ സിബല്‍ ചോദിച്ചു.
കേസ് ഹൈക്കോടതിയിലേക്ക് തിരികെ വിടണമോയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. ആര്‍ട്ടിക്കിള്‍ 26നെ മതാചാരവുമായി കൂട്ടികുഴയ്ക്കരുത്. ആര്‍ട്ടിക്കള്‍ 26 മതേതരമാണ്, എല്ലാ സമുദായങ്ങള്‍ക്കും ബാധകമാണ്. പുരാതന സ്മാരകങ്ങളാകും മുമ്പ് വഖഫായിരുന്നത് അങ്ങനെ തന്നെ തുടരുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, പി.വി.സഞ്ജയ് കുമാര്‍, കെ.വി.വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ചാണു കേസ് പരിഗണിക്കുന്നത്. മുസ്ലിം ലീഗ്, സിപിഐ, ഡിഎംകെ, നടന്‍ വിജയ് നയിക്കുന്ന തമിഴ്‌നാട് വെട്രി കഴകം, വൈഎസ്ആര്‍ കോണ്‍ഗ്രസ്, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്, ജംഇയ്യത്ത് ഉലമ ഐ ഹിന്ദ്, തൃണമൂല്‍ എംപി മഹുവ മൊയ്ത്ര, കോണ്‍ഗ്രസ് എംപി മുഹമ്മദ് ജാവേദ്, എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി, ആര്‍ജെഡി, എഎപി നേതാവ് അമാനുത്തുല്ല ഖാന്‍, അസോസിയേഷന്‍ ഫോര്‍ ദ് പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ്, മൗലാന അര്‍ഷദ് മഅദനി, അന്‍ജും ഖദ്രി, തയ്യിബ് ഖാന്‍, സാല്‍മനി, മുഹമ്മദ് ഷാഫി, മുഹമ്മദ് ഫസലുറഹീം തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജികളാണ് ഇന്നു കോടതി ഒന്നിച്ചു പരിഗണിക്കുന്നത്.